പൂരം കലക്കിയെന്ന് സഭയിൽ സമ്മതിച്ച് റവന്യു മന്ത്രി കെ രാജൻ

5 മാസമായി അന്വേഷണം നടത്താതെ സർക്കാർ എന്ത് ചെയ്യുകയായിരുന്നു എന്ന് പ്രതിപക്ഷ നേതാവ് തിരിച്ചടിച്ചു.

K Rajan

തിരുവനന്തപുരം: തൃശൂർ പൂരം കലക്കിയതെന്ന് സഭയിൽ ഏറ്റുപറഞ്ഞ് റവന്യു മന്ത്രി കെ രാജൻ. പൂരം കലക്കിയതുമായി ബന്ധപ്പെട്ട വിഷയത്തിലെ ഗൂഢാലോചന അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മീഷൻ വേണമെന്ന് ഉയർത്തിക്കാട്ടി പ്രതിപക്ഷം മുന്നോട്ട് വെച്ച ചർച്ചയിലാണ് ഗൂഢാലോചന നടന്നെന്ന് റവന്യു മന്ത്രി തന്നെ സമ്മതിച്ചത്. അതേസമയം ഗൂഢാലോചന നടന്നു എന്ന് വ്യക്തമായിട്ടും 5 മാസമായി അന്വേഷണം നടത്താതെ സർക്കാർ എന്ത് ചെയ്യുകയായിരുന്നു എന്ന് പ്രതിപക്ഷ നേതാവ് തിരിച്ചടിച്ചു.

വെടിക്കെട്ട് രാവിലത്തേക്ക് നീട്ടി വെച്ചതും, എഴുന്നെള്ളിപ്പ് വൈകിയതും ഉൾപ്പെടെ ക്ഷേത്ര ആചാരങ്ങളിൽ ഗുരുതരമായ ലംഘനം ഉണ്ടായെന്ന് അന്തിക്കാട് എംഎൽഎ കൂടിയായ കെ രാജനാണ് ഏറ്റു പറഞ്ഞത്. ഇക്കാര്യത്തിൽ അന്വേഷണം കഴിയട്ടെ നടപടി എടുക്കണോ എന്ന് അപ്പൊഴാലോചിക്കാം എന്ന ഒഴുക്കൻ നിലപാടാണ് ഇതുവരെ സ്വീകരിച്ചിരുന്നത്. എന്നാൽ ഇന്നത്തെ ചർച്ചയിൽ ഇത്രയും നാൾ സർക്കാർ പറയാൻ മടിച്ച സത്യം മന്ത്രി തന്നെ പറയുകയായിരുന്നു.

എ സി മൊയ്‌തീൻ പൂരം കലക്കിയില്ല എന്ന് പറയുകയും പിന്നാലെ കെ രാജൻ പൂരം കലക്കി എന്നും, ഇതിൽ ഗൂഢാലോചന ഉണ്ടെന്നും സമ്മതിച്ചതും രമേശ് ചെന്നിത്തല ചൂണ്ടിക്കാണിച്ചു. ഇത് സർക്കാരിലെ മന്ത്രിമാർക്ക് ഇടയിൽ തന്നെ ഐക്യമില്ലെന്നാണ് തെളിയിക്കുന്നത് എന്നും ചെന്നിത്തല പറഞ്ഞു. പിന്നാല വിഡി സതീശൻ വിമർശനം കടുപ്പിച്ചു. ഗൂഢാലോചന ഉണ്ടെന്ന് തൃശൂർ ജില്ലക്കാരൻ തന്നെയായ മന്ത്രി പറയുമ്പോഴും ഇരയും നാൾ അന്വേഷണം നടത്താതെ ഇരുന്നതെന്താണ് എന്ന സതീശൻ സഭയിൽ ചോദിച്ചു. പിന്നാലെ മറുപടി ഇല്ലാതെ കുഴങ്ങിയ രാജൻ അന്വേഷണത്തിൽ ഗൂഢാലോചന കണ്ടെത്തും എന്ന് പറഞ്ഞ് ചർച്ചയിൽ നിന്ന് പിൻവാങ്ങി.

തൃശൂര്‍ പൂരം കലക്കലില്‍ സഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചയ്ക്ക് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്. പൂരം നടത്തിപ്പിലെ എട്ട് വീഴ്ചകള്‍ ഉയർത്തി കാട്ടിയാണ് തിരുവഞ്ചൂര്‍ പ്രമേയം അവതരിപ്പിച്ചത്. പൂര ദിവസം ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തിയില്ല, കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളിപ്പ് നടന്നപ്പോള്‍ സ്വരാജ് റൗണ്ടില്‍ വാഹനങ്ങള്‍ കുത്തിനിറച്ചിരുന്നു, ആള്‍ക്കൂട്ടത്തെ നിയന്ത്രിച്ചില്ല തുടങ്ങിയ കാര്യങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി.

അനുഭവ പരിചയമില്ലാത്ത അങ്കിത് അശോകനെ കമ്മീഷണർ ആക്കിയതിനെയും പ്രതിപക്ഷം വിമർശിച്ചു. സ്വന്തം താല്പര്യ പ്രകാരം അങ്കിത് അശോകന്‍ ഇത് ചെയ്തു എന്ന് വിശ്വസിക്കാന്‍ മാത്രം വിഡ്ഢികളാണോ കേരളത്തിലുള്ളവര്‍ എന്നും ചോദിച്ചു. സംഭവം നടന്ന സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്ന സീനിയര്‍ ഉദ്യോഗസ്ഥന്‍ കുറ്റം ജൂനിയർ ഉദ്യോഗസ്ഥനായ അങ്കിത് അശോകന്റെ തലയില്‍ വെച്ചെന്നും മുൻപ് ആഭ്യന്തര ചുമതല വഹിച്ചിട്ടുള്ള തിരുവഞ്ചൂര്‍ ചൂണ്ടിക്കാട്ടി.

അജിത്കുമാറിന് ഹിഡന്‍ അജണ്ട ഉണ്ടായിരുന്നുവെന്ന ആരോപണവും ഉന്നയിച്ചു. രണ്ടു മന്ത്രിമാര്‍ പൂരം നടത്തിപ്പിനുണ്ടായിരുന്നു.അവര്‍ക്ക് പൂരം കലക്കിയപ്പോള്‍ സംഭവ സ്ഥലത്തു എത്താന്‍ കഴിഞ്ഞില്ല. മന്ത്രി കെ. രാജന്‍, മന്ത്രി ബിന്ദു എന്നിവര്‍ക്ക് പൂരം കലങ്ങിയപ്പോള്‍ സ്ഥലത്തേക്ക് എത്താന്‍ പോലും കഴിഞ്ഞില്ല. പക്ഷേ സുരേഷ് ഗോപിയെ ആംബുലന്‍സില്‍ എത്തിച്ചു. സുരേഷ് ഗോപിയെ രക്ഷകന്‍ എന്നു വരുത്തി തീര്‍ത്തു – തിരുവഞ്ചൂര്‍ വിമര്‍ശിച്ചു. പൂരം കലക്കിയ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments