Kerala Government News

കെ.എൻ. ബാലഗോപാലിന്റെ വീഴ്ച: ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്ന് സുപ്രീം കോടതി

വിരമിക്കുന്ന ആഴ്ചയിൽ സുപ്രീം കോടതിയിൽ ഹാജരാകേണ്ട അവസ്ഥയിൽ ഡോ. വി. വേണു

വിരമിച്ച ജഡ്ജിമാർക്ക് പെൻഷൻ കുടിശിക നൽകാതെ കെ.എൻ. ബാലഗോപാൽ. കുടിശിക നൽകാൻ നീട്ടി നൽകിയ സമയ പരിധി കഴിഞ്ഞിട്ടും സുപ്രീം കോടതി ഉത്തരവ് പാലിച്ചില്ല. ഇതോടെ, ചീഫ് സെക്രട്ടറി ഡോ. വി. വേണുവിനോട് 27 ന് രാവിലെ 10.30 ന് നേരിട്ട് ഹാജരാകണമെന്ന് ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.

കേരളം ഉൾപ്പെടെ 17 സംസ്ഥാനങ്ങളാണ് ജഡ്ജിമാർക്ക് പെൻഷൻ കുടിശിക വരുത്തിയത്. വീഡിയോ കോൺഫറൻസ് വഴി ഹാജരാകാൻ അനുവദിക്കണമെന്ന് സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടെങ്കിലും ഇത് സുപ്രീം കോടതി നിരാകരിച്ചു.

രണ്ടാം ദേശിയ ജുഡിഷ്യൽ ശമ്പള കമ്മീഷൻ ശുപാർശ പ്രകാരം പെൻഷൻ കുടിശിക പൂർണ്ണമായി നൽകാത്ത സംസ്ഥാനങ്ങൾക്കെതിരെ കോടതിയലക്ഷ്യ നടപടി കൈക്കൊള്ളുമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. അധിക പെൻഷൻ, ഗ്രാറ്റുവിറ്റി, മറ്റ് ആനുകൂല്യങ്ങൾ എന്നിങ്ങനെയുള്ള കുടിശിക നൽകാൻ സുപ്രീം കോടതി സമയപരിധി നിശ്ചയിച്ച് ഉത്തരവിറക്കിയിരുന്നു.

കേരളത്തിൽ കഴിഞ്ഞ ആഴ്ച ജഡ്ജിമാരുടെ ഗ്രാറ്റുവിറ്റി തുക 20 ലക്ഷത്തിൽ നിന്ന് 25 ലക്ഷമാക്കി ഉയർത്തിയിരുന്നു. 1.1.24 മുതൽ മുൻകാല പ്രാബല്യവും നൽകിയിരുന്നു. ഈ മാസം 31 ന് ഡോ. വി. വേണു വിരമിക്കുകയാണ്. കെ.എൻ ബാലഗോപാലിൻ്റെ വീഴ്ച മൂലം വിരമിക്കുന്ന ആഴ്ചയിൽ സുപ്രീം കോടതിയിൽ ഹാജരാകേണ്ട അവസ്ഥയിലായി ഡോ. വി. വേണു.

One Comment

  1. എല്ലാം ശരിയാക്കും എന്ന് പറഞ്ഞു അധികാരത്തിൽ കയറിയ കമ്യുണിസ്റ്റ് ശർക്കാർ 🤣🤣🤣

Leave a Reply

Your email address will not be published. Required fields are marked *