ഗവർണർക്ക് മറുപടി കത്തുമായി പിണറായി; ‘ദേശവിരുദ്ധ’തയിൽ കേന്ദ്ര ഇടപെടൽ ആകാം

സംഭവങ്ങളുടെ ഗൗരവം രാഷ്ട്രപതിയെ ബോധിപ്പിക്കുമെന്ന് കത്തിൽ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് പിണറായിയുടെ മറുപടി.

CM and Governor

തിരുവനന്തപുരം: മലപ്പുറം വിവാദ പരാമർശത്തിൽ മുഖ്യമന്ത്രി എന്തോ മറച്ച് വയ്ക്കുന്നു എന്ന വിമർശനത്തിൽ മറുപടി നൽകി പിണറായി വിജയൻ. സ്വർണ്ണക്കടത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കേന്ദ്ര ഇടപെടൽ ആകാമെന്നാണ് പിണറായി സ്വീകരിച്ച നിലപാട്. മലപ്പുറം ‘ദേശവിരുദ്ധ’ പ്രവർത്തങ്ങളുടെ കേന്ദ്രമാണെന്ന് മുഖ്യമന്ത്രി പറഞ്ഞതിൽ എന്തോ മറച്ച് വയ്ക്കുന്നു എന്ന ആരിഫ് മുഹമ്മദ് ഖാൻ്റെ കത്തിന് നൽകിയ മറുപടിയിലാണ് പിണറായി കേന്ദ്ര ഇടപെടൽ സ്വാഗതം ചെയ്തത്.

തനിക്ക് ഒന്നും മറച്ചുവെക്കാനില്ലെന്നും ഗവർണറിൽ നിന്ന് ബോധപൂർവം ഒന്നും മറച്ച് വെച്ചിട്ടില്ല എന്നുമാണ് മുഖ്യൻ കത്തിൽ പറയുന്നത്. സ്വർണ്ണക്കടത്ത് തടയാൻ കേന്ദ്ര ഇടപെടൽ ആകാമെന്നും മുഖ്യൻ കത്തിൽ സൂചിപ്പിച്ചു. ഗവർണർ സംഭവങ്ങളുടെ ഗൗരവം രാഷ്ട്രപതിയെ ബോധിപ്പിക്കുമെന്ന് കത്തിൽ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് പിണറായിയുടെ മറുപടി.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ചീഫ് സെക്രട്ടറിയും ഡിജിപിയും നേരിട്ടെത്തി വിശദീകരണം നല്‍കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സര്‍ക്കാര്‍ ഇതിന് വഴങ്ങിയില്ല. ഇതോടെ ചൊവ്വാഴ്ച ഗവര്‍ണര്‍ അതിരൂക്ഷ ഭാഷയില്‍ വിമർശനം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട എന്തോ മുഖ്യമന്ത്രിക്ക് മറച്ചുവെക്കാനുണ്ടെന്നും കത്തിൽ വിമർശനം ഉന്നയിച്ചു. ദേശവിരുദ്ധ പ്രവർത്തനം ദേശവിരുദ്ധർ തുടങ്ങിയ പദങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണെന്ന് വ്യക്തമാക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടിരുന്നു. ഗവർണറുടെ കത്തിൽ മുഖ്യൻ വിയോജിപ്പ് രേഖപ്പെടുത്തിയാണ് മറുപടി കത്തയച്ചത്.

മലപ്പുറത്ത് നിന്നാണ് ഏറ്റവുമധികം ഹവാല പണവും കള്ളക്കടത്ത് സ്വർണ്ണവും പിടിക്കുന്നതെന്നും ഇത് ‘ദേശവിരുദ്ധ’ പ്രവർത്തനത്തിന് ഉപയോഗിക്കുന്നു എന്നുമായിരുന്നു മുഖ്യൻ പറഞ്ഞതായി ‘ദി ഹിന്ദു’ റിപ്പോർട്ട് ചെയ്തത്. ഇത് മുഖ്യൻ തള്ളിയെങ്കിലും ഇക്കാര്യം പത്രത്തിനെങ്ങനെ ലഭിച്ചെന്ന് വിശദീകരിക്കാൻ തയ്യാറായില്ല. ഇത്തരത്തിൽ വാർത്ത പിആർ ഏജൻസി നൽകിയത് ആണെങ്കിൽ നടപടി എടുക്കുമോ എന്നതിലും അദ്ദേഹം മറുപടി നൽകാൻ തയ്യാറായില്ല.

സംഭവത്തിൽ ദേശീയ ശ്രദ്ധ നേടുക എന്ന ലക്ഷ്യം മുൻനിർത്തിയാണോ ദേശീയ മാധ്യമത്തിന് തന്നെ ഇത്തരം ഒരഭിമുഖം നൽകിയും പിന്നാലെ ഒരു ഭാഗം തള്ളി രംഗത്ത് എത്തിയതെന്നുമുള്ള ചർച്ചയും സജീവമാണ്. മലപ്പുറത്തെയും ഒരു മതവിഭാഗത്തെയും അടച്ചാക്ഷേപിക്കുന്ന ആർഎസ്എസ് നരേറ്റിവ് ആണ് മുഖ്യൻ തുടങ്ങി വെച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വിമർശനം ഉന്നയിച്ചിരുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments