ആദ്യ മത്സരത്തിലെ ആധികാരിക ജയത്തിനുശേഷം ഇന്ത്യ ഇന്ന് രണ്ടാം ടി- 20 (india vs bangladesh t20i series)യ്ക്ക് ഇറങ്ങും. മത്സരത്തിനിറങ്ങുമ്പോൾ ആശങ്കയൊന്നും ഇന്ത്യൻ ടീമിനില്ല. കരുത്തു തെളിയിക്കാനുള്ള അവസരമാണിത്. മത്സരം വൈകീട്ട് ഏഴു മുതൽ ഡൽഹി സ്‌റ്റേഡിയത്തിൽ നടക്കും.
ഈ ടി-20 സൂര്യകുമാർ യാദവിന് ചരിത്ര നേട്ടം സ്വന്തമാക്കാനുള്ള വലിയ അവസരമാണ് തുറന്നിടുന്നത്. അന്താരാഷ്ട്ര ടി-20യിൽ മറ്റൊരു റെക്കോർഡിനരികെ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിനു ചെന്നെത്താം.
39 റൺസ് കൂടി നേടിയാൽ അന്താരാഷ്ട്ര ടി-20യിൽ അതിവേഗം 2500 റൺസിലെത്തുന്ന രണ്ടാമത്തെ താരമായി സൂര്യകുമാർ യാദവ് മാറും. 73 മത്സരങ്ങളിൽ നിന്നാണ് കോലി 2,500 റൺസെന്ന നാഴികക്കല്ല് പിന്നിട്ടത്. നിലവിൽ 72 മത്സരങ്ങൾ കളിച്ച സൂര്യകുമാറിന് 2,461 റൺസുണ്ട്.
67 മത്സരങ്ങളിൽ നിന്ന് 2,500 റൺസെടുത്ത പാകിസ്താൻ്റെ ബാബർ അസമാണ് വേഗത്തിൽ 2,500 റൺസ് തികച്ച ടി-20 ക്രിക്കറ്റിലെ ഒന്നാമത്തെ താരം.
കരിയറിലാകെ 125 ടി-20 മത്സരങ്ങളാണ് വിരാട് കോലി കളിച്ചിട്ടുള്ളത്. 4,188 റൺസ് താരം സ്വന്തമാക്കി. ഒരു സെഞ്ച്വറിയും 38 അർധ സെഞ്ച്വറിയും താരത്തിൻ്റെ കരിയറിൻ്റെ ഭാഗമാണ്. 2024ലെ ടി-20 ലോകകപ്പ് വിജയത്തിന് പിന്നാലെ കോലി അന്താരാഷ്ട്ര ടി-20യിൽ നിന്ന് വിരമിക്കുകയായിരുന്നു.
ആദ്യ മത്സരത്തിലെ മികച്ച ഫോം പുറത്തെടുത്ത സൂര്യ രണ്ടാം മത്സരത്തിലും തുടരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. 14 പന്തുകൾ നേരിട്ട് 29 റൺസാണ് ഇന്ത്യൻ ക്യാപ്റ്റൻ കഴിഞ്ഞ മത്സരത്തിൽ നേടിയത്.