വനിതാ ടി-20 (icc womenst20 worldcup) ലോകകപ്പിൽ ഓസ്‌ട്രേലിയക്ക് തുടർച്ചയായ രണ്ടാം ജയം. കരുത്തരുടെ പോരാട്ടത്തിൽ ന്യൂസിലൻഡിനെ 60 റൺസിന് തോൽപ്പിച്ചു. നിലവിൽ ഒന്നാം സ്ഥാനത്താണ് ഓസ്‌ട്രേലിയ. 149 വിജയലക്ഷ്യവുമായി ഇറങ്ങിയ കിവീസ് 19 .2 ഓവറിൽ 88 റൺസിന് പുറത്തായി.
സൂസി ബെയ്റ്റ്സ് (20), അമേലിയ കെർ (29) എന്നിവർക്കുമാത്രമേ ന്യൂസിലൻഡ് ഇന്നിങ്സിൽ പിടിച്ചുനിൽക്കാനായുള്ളൂ. ഓസീസിനായി അനാബെൽ സതർലൻഡും മെഗാൻ ഷട്ടും മൂന്നുവീതം വിക്കറ്റ് വീഴ്ത്തി. സോഫി മോളിന്യൂക്‌സിന് രണ്ടു വിക്കറ്റുണ്ട്.
ആദ്യം ബാറ്റുചെയ്ത ഓസ്ട്രേലിയ 20 ഓവറിൽ എട്ടിന് 148 റൺസെടുത്തു. ബെത്ത് മൂണി (40), എലീസ് പെറി (30) എന്നിവരുടെ മികച്ച ബാറ്റിങ്ങാണ് ടീമിനെ മോശമല്ലാത്ത സ്കോറിൽ എത്തിച്ചത്. 5.2 ഓവറിൽ ഒരു വിക്കറ്റിന് 41 റൺസെന്നനിലയിൽ ഓസീസിന് മികച്ചതുടക്കം ലഭിച്ചു.
ക്യാപ്റ്റൻ അലീസ ഹീലിയും (26) തിളങ്ങി. രണ്ടാം വിക്കറ്റിൽ മൂണിയും എലീസ് പെറിയും ചേർന്ന് 45 റൺസ് കൂട്ടിച്ചേർത്തു. ശേഷം ബാറ്റിങ് തകർന്നു. രണ്ടിന് 86 എന്ന നിലയിൽനിന്ന് 162 റൺസെടുത്തു എന്നാൽ അവസാന ഓവറുകളിൽ കാര്യമായി സ്കോർ ഉയർത്താനുമായില്ല. ഫോബെ ലിച്ച്ഫീൽഡ് (18), ഗ്രെസ് ഹാരീസ് (0), ആഷ്ലെ ഗാർഡ്‌നർ (6), ജോർജിയ വാറെഹാം (4) എന്നിവർ പെട്ടെന്ന് പുറത്തായി. ന്യൂസീലൻഡിനായി അമേലിയ കെർ 26 റൺസിന് നാലു വിക്കറ്റ് വീഴ്ത്തി. റോസ് മേരി മെയ്ർ, ബ്രൂക്ക് ഹോളിഡെ എന്നിവർ രണ്ടു വീതം വിക്കറ്റ് വീഴ്ത്തി.
മങ്ങുന്ന സെമി പ്രതീക്ഷ
ഈ വിജയം ഏറ്റവും അധികം തളർത്തിയത് ഇന്ത്യൻ പെൺപടയുടെ സെമി പ്രതീക്ഷയെയാണ്. ന്യൂസിലൻഡിനെതിരെ 58 റൺസിൻ്റെ തോൽവി നേരിട്ട ഇന്ത്യ രണ്ടാം മത്സരത്തിൽ പാകിസ്താനെ വീഴ്‌ത്തിയെങ്കിലും റൺറേറ്റിൽ പിന്നിലാണ്. ശേഷിക്കുന്ന രണ്ടു മത്സരങ്ങളിലും ഇനി ഇന്ത്യ ജയിക്കുക മാത്രം പോര, ഓസ്ട്രേലിയയുടെയും ന്യൂസിലൻഡിൻ്റെയും റൺ റേറ്റ് മറികടക്കാൻ പറ്റുന്ന വലിയ മാർജിനിലുള്ള ജയം സ്വന്തമാക്കേണ്ടിവരും. ഇന്ത്യക്കെതിരെ തോറ്റെങ്കിലും പാകിസ്താനും നിലവിൽ സെമി പ്രതീക്ഷയുണ്ട്.