Automobile

ആള്‍ട്ടോയെ കൈവിട്ടു! മാരുതി സുസുക്കിയുടെ ചെറു കാറുകൾക്ക് ആവശ്യക്കാർ കുറയുന്നു; കാരണം ഇതാ

ന്യൂഡൽഹി: 2025 ഏപ്രിൽ മാസത്തിലെ വാഹന വിൽപ്പന കണക്കുകൾ മാരുതി സുസുക്കി പുറത്തുവിട്ടു. മൊത്തത്തിലുള്ള വിൽപ്പനയിൽ വർധനവുണ്ടായെങ്കിലും കമ്പനിയുടെ ഏറ്റവും കുറഞ്ഞ വിലയിലുള്ള മോഡലുകൾക്ക് ആവശ്യക്കാർ കുറയുന്നതായാണ് റിപ്പോർട്ടുകൾ. ഏപ്രിൽ മാസത്തിൽ ആഭ്യന്തര വിൽപ്പനയും കയറ്റുമതിയും ഉൾപ്പെടെ 1,79,791 കാറുകളാണ് മാരുതി സുസുക്കി വിറ്റത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 1,68,089 യൂണിറ്റുകളായിരുന്നു.

എങ്കിലും, മാരുതിയുടെ എൻട്രി ലെവൽ കാറുകളായ ആൾട്ടോയുടെയും എസ്-പ്രെസ്സോയുടെയും വിൽപ്പനയിൽ കാര്യമായ കുറവുണ്ടായി. 2024 ഏപ്രിലിൽ 11,519 യൂണിറ്റുകൾ വിറ്റ സ്ഥാനത്ത്, കഴിഞ്ഞ മാസം ഈ രണ്ട് മോഡലുകളും ചേർന്ന് 6,332 യൂണിറ്റുകൾ മാത്രമാണ് വിറ്റത്. കുറഞ്ഞ ബഡ്ജറ്റിൽ പോലും കൂടുതൽ സുഖസൗകര്യങ്ങളും സുരക്ഷയും ആഗ്രഹിക്കുന്ന ഉപഭോക്താക്കളുടെ എണ്ണം വർധിച്ചതാണ് ഇതിന് പ്രധാന കാരണം. വാഹന വിപണിയിലെ ഈ മാറ്റം മറ്റ് ബ്രാൻഡുകളുടെ എൻട്രി ലെവൽ മോഡലുകളുടെ വിൽപ്പനയെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

അതേസമയം, സ്വിഫ്റ്റ്, ബലേനോ, ഡിസയർ, ഇഗ്‌നിസ്, വാഗൺആർ തുടങ്ങിയ മറ്റ് മോഡലുകളുടെ കൂട്ടായ വിൽപ്പന കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വർധിച്ചിട്ടുണ്ട്. അതുപോലെ, ബ്രെസ്സ, ഫ്രോങ്ക്‌സ്, ഗ്രാൻഡ് വിറ്റാര തുടങ്ങിയ എസ്.യു.വി, ക്രോസ്സോവർ ശ്രേണിയിലുള്ള വാഹനങ്ങൾക്കും ആവശ്യക്കാർ ഏറിയിട്ടുണ്ട്. ആൾട്ടോയും എസ്-പ്രെസ്സോയുമാണ് നിലവിൽ വിൽപ്പനയിൽ പിന്നോട്ട് പോയിരിക്കുന്നത്.