മെനിൻജൈറ്റിസ്
നമ്മുടെ തലച്ചോറിനേയും സൂഷുമ്നയേയും ഒരു നേർത്ത പാട പോലെ ആഗിരണം ചെയ്യുന്ന മെനിൻജസ് എന്ന പാളിയിൽ നീർക്കെട്ടുണ്ടാവുന്ന അവസ്ഥയാണ് മെനിൻജൈറ്റിസ്, പല കാരണങ്ങൾ കൊണ്ട് ഉണ്ടാകാമെങ്കിലും ഏറ്റവും സാധാരണയായി ഇത് സംഭവിക്കുന്നത് അണുബാധ മൂലമാണ്. അസഹ്യമായ തലവേദന, പനി, കഴുത്ത് വേദന, ഛർദ്ദി എന്നിവ ലക്ഷണങ്ങളാണ്. എത്രയും വേഗം ഒരു ന്യൂറോളജിസ്റ്റിൻ്റെ മേൽനോട്ടത്തിൽ രോഗനിർണ്ണയവും ചികിത്സയും അത്യാവശ്യമാണ്.
തലയ്ക്കുള്ളിലെ ട്യൂമറുകൾ
തലച്ചോറിനെ ബാധിക്കുന്ന പലതരം ട്യൂമറുകളുടെ ഒരു ലക്ഷണം തലവേദനയാകാം. തലച്ചോറിലെ വീക്കം കാരണം ചിലപ്പോൾ കാഴ്‌ചക്കുറവ്, ഒരു വസ്‌തുവിനെ രണ്ടായി കാണുക. ഛർദ്ദി, ബാലൻസ് കുറവ്, കൈകൾക്കോ കാലുകൾക്കോ ഒരു വശത്തിനോ ബലക്കുറവ്, ഒരു വശത്ത് കാഴ്ച്ചക്കുറവ് എന്നീ ലക്ഷണങ്ങൾ ഉണ്ടായേക്കാം. തലച്ചോറിലെ തകരാറുകൾ മനസ്സിലാക്കാൻ സി.ടി സ്‌കാൻ അല്ലെങ്കിൽ എം.ആർ.ഐ സ്‌കാൻ വേണ്ടിവന്നേക്കാം.
മൈഗ്രെയ്ൻ
നാട്ടുഭാഷയിൽ ‘കൊടിഞ്ഞി’ എന്ന് പറയുന്ന ഇത്തരം തലവേദന സാധാരണയായി തലയുടെ ഒരു വശത്തായി അനുഭവപ്പെടുന്നത്. ഇത് കാരണം തല തുടിക്കുന്നതുപോലുള്ള ശക്തമായ വേദന അനുഭവപ്പെടുന്നു. തലവേദനയുള്ള സമയത്ത് ശബ്‌ദവും വെളിച്ചവും അസഹ്യമായി അനുഭവപ്പെടാം. മധുരമുള്ളതും, തണുപ്പള്ളതും, മസാല കലർന്നതുമായ ആഹാരസാധനങ്ങൾ, ദീർഘയന്ത്ര ശബ്ദഘോഷം, രൂക്ഷഗന്ധങ്ങൾ, ഉറക്കക്കുറവ് എന്നിവ മൈഗ്രേൻ ഉള്ള വ്യക്തികളിൽ തലവേദന ഉണ്ടാക്കിക്കും. തലവേദന തുടങ്ങുന്നതിന് മുൻപായി ചിലപ്പോൾ കണ്ണിന് മുന്നിൽ ഒരു പ്രകാശവലയം അനുഭവപ്പെടാം. ഇത്തരം തലവേദന ചിലപ്പോൾ രണ്ടോ മൂന്നോ ദിവസങ്ങൾ നീണ്ടുനിന്നേക്കും.
സൈനസൈറ്റിസ്
തലയോട്ടിയിൽ മൂക്കിനും കണ്ണിനും അടുത്തായി സ്ഥിതി ചെയ്യുന്ന വായു അറകളാണ് സൈനസുകൾ. നാം ശ്വാസകോശത്തിലേക്ക് എടുക്കുന്ന വായുവിന്റെ ഊഷ്‌മാവ് ക്രമീകരിക്കാനും അതിലെ മലിനമായ ഘടകങ്ങളെ നീക്കം ചെയ്യാനും, സൈനസുകൾ സഹായിക്കുന്നു. എന്നാൽ സൈനസുകളിൽ നീർക്കെട്ട് ഉണ്ടായാൽ അതിനുള്ളിൽ ദ്രാവകം കെട്ടിനിന്ന് തലവേദന ഉണ്ടാകാനുള്ള സാധ്യതയുണ്ട്. നെറ്റിക്ക് താഴെയോ കണ്ണുകൾക്ക് ചുറ്റുമോ അമർത്തുമ്പോൾ വേദന, രാവിലെ ഉണരുമ്പോൾ തന്നെ തലയ്ക്ക് ഭാരമോ, തലവേദനയോ അനുഭവപ്പെടുക, തുമ്മൽ കഫക്കെട്ട് എന്നിവയൊക്കെ സൈനസൈറ്റിസിന്റെ ലക്ഷണങ്ങളാണ്.
ടെൻഷൻ തലവേദന
മുൻപ് പറഞ്ഞ രോഗാവസ്ഥകൾ കൂടാതെ തന്നെ മാനസിക സംഘർഷം, അമിത ഉത്കണ്ഠ എന്നീ കാരണങ്ങളാൽ തലവേദന ഉണ്ടാകാം. തലയ്ക്ക് ചുറ്റും ഒരു ബാൻഡ് ഇട്ട് കെട്ടിയതുപോലെ അനുഭവപ്പെടാം. അമിതമായി വിയർക്കുക, ക്ഷീണം, നെഞ്ചിടിപ്പ് എന്നീ ലക്ഷണങ്ങളും ഉണ്ടായേക്കാം. ഇത്തരക്കാരിൽ ബ്ലഡ്പ്രഷർ കൂടാനുള്ള സാധ്യതയും കൂടുതലാണ്. ഇത്തരം തലവേദന ഉള്ളവരിൽ ജീവിതശൈലി നിയന്ത്രണം, യോഗ, മെഡിറ്റേഷൻ എന്നിവ ഗുണകരമാണ്.