പതിനഞ്ചാം നിയമസഭയുടെ 12ാം സമ്മേളനം ആരംഭിച്ചത് കലുഷിതമായാണ്. ഭരണപക്ഷവുമായി ഏറ്റുമുട്ടാൻ ഉറച്ചുവന്ന പ്രതിപക്ഷത്തിന് പക്ഷേ നേരിടേണ്ടി വന്നത് സ്പീക്കർ എ എൻ ഷംസീറിനെക്കൂടിയായിരുന്നു. സഭയിൽ നിക്ഷ്പക്ഷനാകേണ്ട സ്പീക്കർ ചെയറിനുനേരെ പലതവണ പ്രതിപക്ഷത്തിന് പ്രതിഷേധിക്കേണ്ടി വന്നു.
തൃശൂർ പൂരം കലക്കൽ, എഡിജിപി ആർഎസ്എസ് ബന്ധം, പി ശശിക്കെതിരെയുള്ള ആരോപണം തുടങ്ങീ പൊതുജന മധ്യത്തിൽ മുഖ്യമന്ത്രി പ്രതിരോധത്തിലായ വിഷയങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളുടെ പ്രാധാന്യം കുറച്ച് പിന്തള്ളിയതിനെതിരെയായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആദ്യ പ്രതിഷേധം. സ്പീക്കർക്കെതിരെ ആഞ്ഞടിച്ച പ്രതിപക്ഷ നേതാവിനെ പ്രതിരോധിക്കാൻ മന്ത്രിമാരും മുഖ്യമന്ത്രിയും നേരിട്ടിറങ്ങുക കൂടി ചെയ്തതോടെ ആദ്യദിനം ബഹളമയം.
രണ്ടാംദിവസത്തിലും പ്രതിപക്ഷത്തിനുനേരെ കർക്കശ നിലപാടെന്ന പേരിൽ പരുഷമായ ഇടപെടലുകളായിരുന്നു സ്പീക്കറുടെ ഭാഗത്തുനിന്നുണ്ടായത്. പ്രതിപക്ഷ നേതാവിനെ സംസാരിക്കാൻ വിടാതിരിക്കുക എന്ന രീതിയായിരുന്നു സ്പീക്കർ എ.എൻ. ഷംസീറിനെന്ന് ദൃശ്യങ്ങൾ കാണുന്ന ഏവർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. പാർലമെന്റിൽ പ്രതിപക്ഷ ബഹുമാനത്തെ കാറ്റിൽ പറത്തി ഭരണപക്ഷത്തിന് കവചമൊരുക്കുന്ന സ്പീക്കർ ഒം ബിർലയെയും ലോക്‌സഭ ടിവിയുടെയും മലയാളം പതിപ്പാണ് ഷംസീറിലൂടെയും മലയാളികൾ കാണുന്നതെന്ന് പറയേണ്ടി വരും.
ക്ലാസിലെ വികൃതിക്കാരൻ കുട്ടിയെ ക്ലാസ് ലീഡറാക്കിയെന്നായിരുന്നു ഷംസീറിനെ സ്പീക്കറാക്കിയപ്പോൾ ഉയർന്ന ആദ്യ കമന്റുകൾ. ചുമതലയേറ്റെടുത്ത ആദ്യദിനങ്ങളിൽ ഒരു മാറ്റത്തിന് ശ്രമിച്ച ഷംസീറിനെ മുഖ്യമന്ത്രിയും രണ്ടുമൂന്ന് മന്ത്രിമാരും ചേർന്ന് വീണ്ടും പാർട്ടിക്ക് മെരുക്കിയെടുക്കുകയായിരുന്നു. അതിപ്പോ വളർന്ന് ഒരു ചെങ്കൊടിയുടെ കുറവുകൂടിയെ സ്പീക്കറുടെ ഡയസിലുള്ളൂ എന്ന അവസ്ഥയിലാണ് സ്പീക്കറുടെ നിലപാടുകൾ.