ബംഗ്ലാദേശിനെതിരായ ആദ്യ ടി20 മൽസരത്തിൽ ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമയുടെ റണ്ണൗട്ടുമായി ബന്ധപ്പെട്ട് മുൻ ഇതിഹാസ ഓൾറൗണ്ടർ യുവരാജ് സിങ് സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചു.
ഏഴു ബോളിൽ 16 റൺസെടുത്ത് നിൽക്കുമ്പോഴാണ് രണ്ടാം ഓവറിൽ അഭിഷേക് പുറത്തായത്. ഓപ്പണിങ് പങ്കാളിയായ സഞ്ജു സാംസണുമായുള്ള ആശയക്കുഴപ്പം കാരണമാണ് അദ്ദേഹത്തിന് സ്വന്തം വിക്കറ്റ് കൈവിടേണ്ടതായി വന്നത്. ഇതിൻ്റെ പേരിൽ ഒരു വിഭാഗം സഞ്ജുവിനെ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.
യുവിയുടെ കമൻ്റ്
ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ആദ്യ ടി20 മൽസരത്തിനു ശേഷം അഭിഷേക് ശർമയുടെ ഇൻസ്റ്റഗ്രാം പോസ്റ്റുകൾക്കു താഴെ പിന്തുണയുമായി ആരാധകർ രംഗത്തു വന്നിരുന്നു.
ഇക്കൂട്ടത്തിൽ ഒരു ആരാധകൻ്റെ കമൻ്റിനു താഴെയാണ് യുവിയും കമൻ്റ് ചെയ്തിരിക്കുന്നത്. അഭിഷേകിൽ നിന്നും വലിയ ഒരു ഇന്നിങ്‌സ് വരാനിരിക്കുന്നതായി തോന്നുന്നുവെന്നായിരുന്നു ഒരു ആരാധകൻ്റെ കമൻ്റ്. ഇതിനോടാണ് യുവി പ്രതികരിച്ചത്. നമ്മൾ തലച്ചോർ നന്നായി ഉപയോഗിച്ചാൽ മാത്രം എന്നായിരുന്നു യുവരാജിൻ്റെ കമൻ്റ്.
അഭിഷേകിനെ പരോക്ഷമായി വിമർശിക്കുകയാണ് യുവി ഇതിലൂടെ ചെയ്തിരിക്കുന്നതെന്നു വ്യക്തമാണ്. ബാറ്റിങ് പങ്കാളിയായ സഞ്ജു സാംസണിൻ്റെ പിഴവ് കാരണമല്ല, മറിച്ച് അഭിഷേക് തലച്ചോർ ഉപയോഗിച്ച് ആലോചിക്കാതെ അനാവശ്യമായി റണ്ണിനായി ഓടിയതു കാരണമാണ് പുറത്തായതെന്നും യുവി കുറ്റപ്പെടുത്തുന്നു.
നാട്ടുകാരനായതിനാൽ മാത്രമല്ല, തനിക്കു കീഴിൽ മാസങ്ങളോളം പരിശീലനം നടത്തിയതിനാൽ തന്നെ അഭിഷേക് ശർമയുമായി വളരെ അടുത്ത സൗഹൃദമാണ് യുവരാജ് സിങിനുള്ളത്. ഇന്ത്യയുടെ ഭാവി സൂപ്പർ താരമായി മാറാൻ ശേഷിയുള്ള താരമെന്നാണ് അഭിഷേകിനെക്കുറിച്ച് അദ്ദേഹം പല തവണ വിശേഷിപ്പിച്ചിട്ടുള്ളത്.