മഞ്ഞ്കാലം തുടങ്ങുന്നതിനൊപ്പം ശ്വാസകോശരോഗങ്ങളായ ന്യൂമോണിയയും COPD യും അധികരിച്ച് മരണ സാധ്യതയും ഏറും. ന്യൂമോണിയ മൂലം ലോകത്തിൽ അറുപത് ലക്ഷത്തിലേറെ ആൾക്കാർ മരിക്കുന്നുണ്ട്. ഇന്ത്യയിൽ ഹ്യദയസംബന്ധമരണങ്ങൾ കഴിഞ്ഞാൽ ന്യൂമോണിയ ഉൾപ്പടെയുള്ള ശ്വാസകോശ രോഗങ്ങളാണ് രണ്ടാമത്തെ മരണകാരണമായി നിലനിൽക്കുന്നത്. വൃദ്ധജനങ്ങളിലും പ്രതിരോധശക്തി കുറഞ്ഞ എയ്ഡ്സ് പോലുള്ള അസുഖക്കാരിലും ന്യൂമോണിയയാണ് ഒന്നാമത്തെ മരണകാരണം. ശ്വാസകോശത്തെ ബാധിക്കുന്ന നിരവധി കാരണങ്ങളാലുണ്ടാകുന്ന നീർവീഴ്ച്‌ച (inflammation) യാണ് ന്യുമോണിയ എന്നറിയപ്പെടുന്നത്. ബാക്ടീരിയ, വൈറസ്, ഫംഗസ്, പ്രോട്ടോസോവ തുടങ്ങിയ സൂക്ഷ്‌മാണുക്കളും വിവിധതരം രാസവസ്തുക്കളും ന്യുമോണിയ ഉണ്ടാക്കുന്നതായി കണ്ടിട്ടുണ്ട്. പ്രായോഗികമായി പനി, ചുമ, നെഞ്ചുവേദന, ശ്വാസംമുട്ടൽ തുടങ്ങിയ ലക്ഷണത്തോടൊപ്പം നെഞ്ചിന്റെ എക്സ്‌റെയിൽ നീർവീഴ്ച്ചയുടെ ലക്ഷണങ്ങളും ഉണ്ടെങ്കിൽ മാത്രമെ ന്യൂമോണിയ എന്ന് നിർവചിക്കാനാകു പ്രായമായവരിലും കുട്ടികളിലും ലക്ഷണങ്ങൾ കുറവാണെങ്കിലും സ്ഥിതി അതീവ ഗുരുതരമാവുകയും മരണം വരെ സംഭവിക്കുകയും ചെയ്യും.
ലക്ഷണങ്ങൾ
പനിയാണ് ന്യൂമോണിയയുടെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണം. ബാക്ടീരിയ ന്യുമോണിയയ്ക്ക് പൊടുന്നനെ ഉണ്ടാകുന്ന ശക്തമായ പനിയും കുളിരും വിറയലും പ്രധാന ലക്ഷണങ്ങളാണ് രോഗം ബാധിച്ച നെഞ്ചിന്റെ ഭാഗത്ത് ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ ശ്വാസം നീട്ടിവലിക്കുമ്പോഴോ ഉണ്ടാകുന്ന സൂചികുത്തുന്നതുപോലുള്ള നെഞ്ചുവേദന വളരെ പ്രത്യേകതയേട് കൂടിയോ അല്ലാതെയോ ഉണ്ടാകുന്ന ചുമയാണ് ന്യൂമോണിയയുടെ ആദ്യലക്ഷണം. മഞ്ഞ, വെള്ള, രക്തം കലർന്ന നിറം തുടങ്ങിയ തരത്തിലുള്ള കഫം ഉണ്ടാകാം. പതപോലെ ഉള്ള രക്തം കലർന്ന കഫം ന്യൂമോണിയയുടെ ഒരു സൂപ്രധാന ലക്ഷണമാണ്. ന്യൂമോണിയയുടെ അന്തിമഘട്ടങ്ങളിലും വ്യാപകമായ ന്യൂമോണിയയുടെ ആദ്യഘട്ടങ്ങളിലും ശ്വാസംമുട്ടൽ അഥവാ വിമ്മിഷ്ടം ഒരു രോഗലക്ഷണമാണ്. തുടക്കത്തിൽ വേഗതയിൽ നടക്കുമ്പോഴും പടികയറുമ്പോഴും ആയാസജോലികൾ ചെയ്യുമ്പോഴും മാത്രമേ ഈ ലക്ഷണം അനുഭവപ്പെടുകയുള്ളൂ. ന്യൂമോണിയയോടൊപ്പം ആപൂർവ്വമായി ശ്വാസകോശത്തിന്റെ ആവരണത്തിലുണ്ടാ കുന്ന വെള്ളക്കെട്ട് ഈ ലക്ഷണത്തിന് കാരണം. കൂടാതെ സാധാരണ ശാരീരിക അസ്വസ്ഥതകളായി ക്ഷീണം, വിശപ്പില്ലായ്‌മ, ഉന്മേഷമില്ലായ്മ എന്നിവയും ഉണ്ടാകാം.
രോഗനിർണയം
വ്യക്തമായ രോഗലക്ഷണങ്ങളോടെ വരുന്നവർക്ക് വിശദമായ ശാരീരിക പരിശോധനയോടൊപ്പം നെഞ്ചിൻ്റെ എക്സ്റേ കൂടി എടുത്ത് കഴിഞ്ഞാൽ രോഗനിർണ്ണയം ഏറെക്കുറെ ഉറപ്പാക്കാം. കഫപരിശോധനയിലൂടെ രോഗഹേതുവായ രോഗാണുവിനെ തിരിച്ചറിയാം. അതുവഴി അനുയോജ്യ ആന്റിബയോട്ടിക്കും തിരഞ്ഞെടുക്കാം. രക്തപരിശോധന (routine, CRP, ESR ), മൂത്രപരിശോധന, അൾട്രാസൗണ്ട് സ്കാൻ എന്നിവയും പ്രയോജനകരമാണ്. അപൂർവ്വ സന്ദർഭങ്ങളിൽ സി.ടി സ്കാൻ, എം.ആർ.ഐ. എഫ്.എൻ.എ. സി, ബയോപ്സി, വെള്ളം കുത്തിയെടുത്ത് പരിശോധന എന്നിവ വേണ്ടി വന്നേക്കാം.