
തിരുവനന്തപുരം: മലപ്പുറം വിവാദ പരാമർശത്തിൽ മുഖ്യമന്ത്രിക്ക് വീണ്ടും കത്തയച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി ഇക്കാര്യത്തിൽ എന്തോ ഒളിക്കുന്നുവെന്നാണ് ഗവർണറുടെ കത്തിൽ സൂചിപ്പിക്കുന്നത്. രാഷ്ട്രപതിയെ അറിയിക്കാൻ വേണ്ടിയാണ് വിശദീകരണം ചോദിച്ചത് എന്നാണ് ഗവർണറുടെ പക്ഷം. ക്രിമിനൽ പ്രവർത്തനം സാങ്കേതികത്വം പറഞ്ഞ് മറച്ച് വയ്ക്കാൻ കഴിയില്ലെന്നും ഗവർണർ ചൂണ്ടിക്കാട്ടി.
മലപ്പുറം പരാമർശത്തിൽ വിശദീകരണം ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിയേയും ഡിജിപിയെയും ഗവർണർ വിളിപ്പിച്ചിരുന്നു. ഇരുവരെയും നേരിട്ട് വിളിപ്പിച്ചത് ശരിയായില്ലെന്ന് കാട്ടി മുഖ്യമന്ത്രി ഗവർണർക്ക് കത്തയച്ചിരുന്നു. ഇതിന് നൽകിയ മറുപടി കത്തിലാണ് രാഷ്ട്രപതിക്ക് റിപ്പോർട്ട് ചെയ്യുന്ന കാര്യം സൂചിപ്പിക്കുന്നത്.
രാജ്ഭവനിലേക്ക് ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിളിപ്പിച്ചത് ചട്ട പ്രകാരമാണെന്നാണ് ഗവർണർ മുഖ്യമന്ത്രിക്കയച്ച കത്തിൽ വിശദമാക്കുന്നത്. രാഷ്ട്രപതിയെ അറിയിക്കാൻ വേണ്ടിയാണ് വിശദീകരണം ആവശ്യപ്പെട്ടതെന്നും ചോദിച്ച കാര്യങ്ങൾ ബോധിപ്പിക്കാത്തത് ചട്ട ലംഘനമായും ഭരണഘടനാ ബാധ്യത നിറവേറ്റാത്തതായും കണക്കാക്കുമെന്നും ഗവർണർ കത്തിൽ വ്യക്തമാക്കി.
ഇന്ന് 4 മണിക്ക് രാജ്ഭവനിലെത്തി വിശദീകരണം നൽകാനായിരുന്നു ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും നിർദേശം നൽകിയത്. ‘ദേശവിരുദ്ധ’ പ്രവർത്തനം എന്താണെന്നും ‘ദേശവിരുദ്ധർ’ ആരാണെന്നും അറിയിക്കണമെന്ന് ഗവർണർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള വിശദീകരണം കിട്ടാതിരുന്നതിനെ തുടർന്നാണ് ഗവർണർ ഉദ്യോഗസ്ഥരെ വിളിപ്പിച്ചത്.
മലപ്പുറത്ത് നിന്നാണ് ഏറ്റവുമധികം ഹവാല പണവും കള്ളക്കടത്ത് സ്വർണ്ണവും പിടിക്കുന്നതെന്നും ഇത് ‘ദേശവിരുദ്ധ’ പ്രവർത്തനത്തിന് ഉപയോഗിക്കുന്നു എന്നുമായിരുന്നു മുഖ്യൻ പറഞ്ഞതായി ‘ദി ഹിന്ദു’ റിപ്പോർട്ട് ചെയ്തത്. ഇത് മുഖ്യൻ തള്ളിയെങ്കിലും ഇക്കാര്യം പത്രത്തിനെങ്ങനെ ലഭിച്ചെന്നത് വിശദീകരിക്കാൻ തയ്യാറായില്ല.
മലപ്പുറത്തെയും ഒരു വിഭാഗത്തെയും അടച്ചാക്ഷേപിക്കുന്ന ആർഎസ്എസ് നരേറ്റിവ് ആണ് മുഖ്യൻ തുടങ്ങിയതെന്ന് പ്രതിപക്ഷ നേതാവ് വിമർശനം ഉന്നയിച്ചിരുന്നു. ഇനി ‘പ്രോപ്പർ ചാനലിൽ’ ഗവർണർ മുഖേന രാഷ്ട്രപതിയുടെ അടുത്തേക്ക് കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ ആർഎസ്എസ് മുൻപ് ഉന്നയിച്ചിരുന്ന ആരോപണങ്ങൾക്ക് ഇടതുപക്ഷ മുഖ്യമന്ത്രി തന്നെ മരുന്ന് നൽകിയ പോലെയാകും. മലപ്പുറത്തെ ആക്ഷേപിച്ച് പറയുകയും ചെയ്തു പിന്നാലെ തള്ളുകയും ചെയ്തു എന്നാൽ കൊള്ളേണ്ടിടത്ത് കൊള്ളുകയും ചെയ്തു എന്ന ആർഎസ്എസ് ചായ്‌വുള്ള രാഷ്ട്രീയ സമീപനമാണോ മുഖ്യൻ ഇക്കാര്യത്തിൽ സ്വീകരിച്ചത് എന്നത് വരും ദിവസങ്ങളിൽ അറിയാൻ ഇരിക്കുന്നതെ ഒള്ളു. ഗവർണർ എന്ത് തുടർ നടപടി സ്വീകരിക്കും എന്നതിനെ ആശ്രയിച്ചിരിക്കും കേന്ദ്ര സർക്കാർ ഇടപെടൽ ഉണ്ടാകുമോ എന്നത്.