ഒളിമ്പിക്‌സിൽ മത്സരിച്ച ആദ്യ ഇന്ത്യൻ വനിതാ ജിംനാസ്റ്റിക് താരം ദീപാ കർമാക്കർ വിരമിക്കൽ പ്രഖ്യാപിച്ചു. ഇന്ത്യൻ കായിക രംഗത്തെ പോരാട്ടവീര്യത്തിൻ്റെ പ്രതീകമാണ് ദീപ കർമാകർ. ഏറെ പ്രതിസന്ധിയിലൂടെയാണ് ഈ ഒളിമ്പ്യയനും വളർന്നത്. ദീപ ജിംനാസ്റ്റിക്സിൽ സ്വന്തമാക്കിയ ഉയരങ്ങളൊന്നും മറ്റാരും ഇതുവരെ സ്വന്തമാക്കിയിട്ടില്ല.
ആറാം വയസ്സിൽ ജിംനാസ്റ്റിക് സ്വപ്നം കണ്ട് പരിശീലനത്തിന് വന്ന ഒരു പെൺകുട്ടി, കാലിലെ വൈകല്യം അവൾക്കു വെല്ലുവിളിയായി. ജിംനാസ്റ്റിക്സിൽ തിളങ്ങാൻ കഴിയില്ലെന്നു പരിശീലകരും ഉറപ്പിച്ചു പറഞ്ഞു. എന്നാൽ ലക്ഷ്യവും സ്വപ്നവും എത്തിപ്പിടിക്കാൻ ആ പെൺകുട്ടി നടത്തിയ കഠിന പ്രയത്‌നം, പിന്നീട് അഗർത്തല സ്വദേശിയയായ ആ 31 കാരിയെ ഇന്നും ഇന്ത്യ, ഇന്ത്യയുടെ ഒളിമ്പ്യൻ എന്ന് വിളിക്കുന്നു.
ബ്രസീലിലെ റയോയിൽ 2016-ൽ നടന്ന ഒളിമ്പിക്‌സിൽ വോൾട്ട് ഇനത്തിൽ നാലാംസ്ഥാനം നേടിയിരുന്നു. വെറും 0.15 പോയിൻ്റ് വ്യത്യാസത്തിലാണ് ത്രിപുര സ്വദേശിയായ ദീപയ്ക്ക് വെങ്കലം നഷ്ടമായത്.
‘വോൾട്ട് ഓഫ് ഡെത്ത്’ എന്നറിയപ്പെടുന്ന അപകടം പിടിച്ച പ്രൊഡുനോവ വോൾട്ട് പുറത്തെടുത്ത് ദീപ റിയോയിൽ താരപദവി നേടിയിരുന്നു. 2014-ലെ ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിൽ വെങ്കലവും നേടി. 2018 ലെ ഒളിംപിക്സിലും 2024 ലെ ഏഷ്യൻ ചാമ്പ്യൻഷിപ്പിലും സ്വർണ്ണം നേടി. താഷ്ക്കൻ്റിൽ മേയിൽനടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ ദീപയുടെ വിരമിക്കൽ അപ്രതീക്ഷിതമാണ്. ഏറെ ആലോചനകൾക്കുശേഷമാണ് തീരുമാനമെടുത്തതെന്ന് ദീപ പറഞ്ഞു.
” വളരെ അധികം ആലോചിച്ച ശേഷമാണ് ഞാൻ വിരമിക്കൽ തീരുമാനത്തിലെത്തിയത്. എനിക്കറിയാം ഇത് എളുപ്പമുള്ള തീരുമാനമല്ല, പക്ഷെ ഇത് ശെരിയായ സമയമാണെന്ന് തോന്നുന്നു,എനിക്ക് ഓർമ്മിക്കാൻ കഴിയുന്നിടത്തോളം ജിംനാസ്റ്റിക് എൻ്റെ ജീവിതത്തിൻ്റെ കേന്ദ്ര ബിന്ദുവാണ്. ഓരോ നിമിഷത്തിലും ഞാൻ നന്ദി ഉള്ളവളാണ് ഉയർച്ചയിലും താഴ്ചയിലും എല്ലാത്തിനും കൂടെ നിന്നവരോടും നന്ദി” ദീപ പറഞ്ഞു.
ഒളിമ്പ്യൻ ദീപയുടെ കരിയർ
അഗർത്തലയിലാണ് ദീപയുടെ ജനനം. ജിംനാസ്റ്റിക്‌സിലെ ഏറ്റവും പ്രയാസമേറിയ ഒന്നായി കണക്കാക്കപ്പെടുന്ന പ്രൊഡുനോവ വോൾട്ടിൽ വിജയിച്ച അഞ്ച് വനിതകളിൽ ഒരാളാണ് ദീപ.
ദീപയുടെ കരിയർ ശ്രദ്ധേയമാണെങ്കിലും, ഏത് മികച്ച കളിക്കാർക്കും കരിയറിൽ മോശം അവസ്ഥയിലൂടെ കടന്നുപോവേണ്ടി വന്നിട്ടുണ്ടാകും. അത്തരത്തിലൊന്നാണ് ദീപ നേരിടേണ്ടി വന്ന 2 വർഷത്തോളമുള്ള വിലക്ക്.
ആസ്മയുടെയും ചുമയുടെയും ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നിൽ നിരോധിത ഉത്തേജകമായ ഹൈജെനാമിൻ്റെ അംശം കണ്ടെത്തിയതിനെ തുടർന്ന് ഏകദേശം രണ്ട് വർഷത്തേക്ക് ദീപയെ സസ്പെൻഡ് ചെയ്തിരുന്നു. കരിയറിലെ ഏറ്റവും നല്ല സമയത്ത് മാറിനിക്കേണ്ടി വന്നതിനാൽ പിന്നീടുള്ള പ്രകടനത്തിനും അത് തിരിച്ചടിയായി. 2023 ജൂലൈ 10 വരെ വിലക്ക് നീണ്ടു. ഇതൊക്കെയും തരണം ചെയ്തും, നിരവധി മെഡലുകൾ ദീപ സ്വന്തമാക്കി.