CricketSports

താരങ്ങളെയും സ്റ്റാഫിനെയും പുറത്താക്കൂ, ട്രോളുകൾക്ക് അവസാനമില്ല: വനിത ടി20 ലോകകപ്പ്

ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനു മുന്നിൽ നാണംകെട്ട ഇന്ത്യക്ക് സെമി ഫൈനൽ സാധ്യത സജീവമാക്കാൻ പാക് ടീമിനെതിരെ വിജയം ആവശ്യമായിരുന്നു. 58 റൺസിനാണ് ഇന്ത്യ കീവീസിനോട് തോറ്റത്. ഇതോടെ ഇന്ത്യയുടെ റൺ റേറ്റ് വലിയ രീതിയിൽ തകർന്നു.

അതിനുശേഷം വലിയ ട്രോൾ മഴയാണ് ഇന്ത്യൻ വനിതകൾ നേരിടേണ്ടി വന്നത്. എന്നാൽ രണ്ടാം മത്സരത്തിൽ പാക്കിസ്ഥാനെതിരെ ഇറങ്ങിയ ഇന്ത്യ വിജയം സ്വന്തമാക്കിയെങ്കിലും ട്രോളുന്നവർക്ക് എന്തും ട്രോള് ആക്കാമല്ലോ….

വിക്കറ്റുകൾ കൈയിലുണ്ടായിട്ടും പ്രതിരോധിച്ചു കളിക്കുകയാണ് ഇന്ത്യ ചെയ്തത്, പാകിസ്താനെ ചെറിയ സ്കോറിൽ ഒതുക്കിയ ഇന്ത്യക്ക് നെറ്റ് റൺറേറ്റ് ഉയർത്താനുള്ള മികച്ച അവസരം ലഭിച്ചിട്ടും പ്രയോജനപ്പെടുത്താത്തതാണ് ആരാധക രോഷത്തിന് ഇപ്പോൾ കാരണം. ആദ്യം ബാറ്റു ചെയ്ത പാകിസ്താനെ 105 റൺസിൽ ഒതുക്കിയിരുന്നു.

സെമിയിലെത്താൻ എത്ര ദൂരം?

മറുപടി ബാറ്റിങ്ങിൽ 18.5 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ ലക്ഷ്യത്തിലെത്തിയത്. നിലവിൽ അഞ്ച് ടീമുകളുടെ ഗ്രൂപ്പിൽ ഓരോ ജയവും തോൽവിയുമായി നാലാമതാണ് ഇന്ത്യ. -1.217 ആണ് റൺറേറ്റ്.

ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനോട് തോറ്റതോടെ റൺ റേറ്റ് -2.90ലേക്ക് വീണു. രണ്ടാം മത്സരത്തിൽ പാകിസ്താനെതിരെ ജയിച്ചതോടെ അൽപം മെച്ചപ്പെട്ടു -1.217. പാകിസ്താനെതിരെ 11 ഓവറിൽ ജയം നേടാനായിരുന്നെങ്കിൽ ഇന്ത്യയുടെ റൺ റേറ്റ് +0.084 ആവുമായിരുന്നു.

ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ പരിക്കേറ്റ് കളംവിട്ടതും ഇന്ത്യയുടെ ആശങ്ക വർധിപ്പിക്കുന്നു. ബുധനാഴ്ച ദുബൈ അന്താരാഷ്ട്ര ക്രിക്കറ്റ് സറ്റേഡിയത്തിൽ ശ്രീലങ്കക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ശ്രീലങ്കയെ വലിയ മാർജിനിൽ തോൽപ്പിക്കാനായാൽ മാത്രമേ ഇന്ത്യക്ക് റൺറേറ്റ് മെച്ചപ്പെടുത്താനാകു.

ഓസ്ട്രേലിയയുമായാണ് ഗ്രൂപ്പിലെ അവസാന മത്സരം. അടുത്ത മത്സരത്തിൽ റൺറേറ്റ് മെച്ചപ്പെടുത്തിയില്ലെങ്കിൽ, ന്യൂസീലൻഡ്-ഓസ്‌ട്രേലിയ മത്സരത്തെ ആശ്രയിക്കേണ്ടിവരും ഇന്ത്യക്ക്. ന്യൂസീലൻഡ് ഓസ്‌ട്രേലിയയെ തോൽപ്പിക്കുകയും തുടർന്ന് ഇന്ത്യ ശ്രീലങ്ക, ഓസ്‌ട്രേലിയ ടീമുകളെ തോൽപ്പിക്കുകയും ചെയ്താൽ സെമിയിലേക്ക് പ്രവേശിക്കാം.

Leave a Reply

Your email address will not be published. Required fields are marked *