വനിതാ ടി-20 ലോകകപ്പിൽ പാകിസ്താനെതിരെയുള്ള മത്സരത്തിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം വിജയിച്ചതിനു പിന്നാലെ ഇൻ്റർ നാഷണൽ ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) പങ്കുവെച്ച വീഡിയോ വൈറലാകുന്നു. മലയാളി താരങ്ങളായ ആശ ശോഭനയും സജന സജീവനുമാണ് വീഡിയോയിലുള്ളത്.
മലയാളത്തിൽ വൈറലായ ‘അടിച്ചുകേറി വാ’ എന്ന ഹിറ്റ് ഡയലോഗിൽ തുടങ്ങുന്ന രസകരമായ വീഡിയോയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
ലോകകപ്പിൽ പാകിസ്താനെതിരെ നേരിട്ട ആദ്യ പന്തിൽ തന്നെ ബൗണ്ടറിയടിച്ച് വിജയറൺ കുറിച്ച താരമാണ് വയനാട് മാനന്തവാടി സ്വദേശിനിയായ സജന. ഇന്ത്യയെ വിജയിപ്പിച്ച ശേഷം ഗ്രൗണ്ട് വിടുന്ന സജനയെ ‘അടിച്ചുകേറി വാ’ എന്നുപറഞ്ഞ് സ്വീകരിക്കുകയാണ് ആശ. ബാക്ക്ഗ്രൗണ്ടിൽ പ്രശസ്ത മലയാള ഗാനമായ വാ.. വാ.. താമരപ്പെണ്ണെ എന്ന പാട്ടുമുണ്ടായിരുന്നു.
പാകിസ്താനെതിരെ ഞായറാഴ്ച നടന്ന മത്സരത്തിലാണ് ആശയും സജനയും ഇന്ത്യക്ക് വേണ്ടി ഇറങ്ങിയത്. വനിതാ ടി20 ലോകകപ്പിൽ ഇന്ത്യയുടെ പ്ലേയിങ് ഇലവനിൽ ആദ്യമായാണ് രണ്ട് മലയാളി താരങ്ങൾക്ക് ഒരുമിച്ച് ഇടം ലഭിക്കുന്നത്. ന്യൂസിലൻഡിനെതിരായ ആദ്യ മത്സരത്തിൽ സ്പിന്നർ ആശ ഇറങ്ങിയിരുന്നെങ്കിലും പാകിസ്താനെതിരായ രണ്ടാം മത്സരത്തിൽ സജനയ്ക്കും അവസരം ലഭിച്ചു.