മെസിയും റൊണാൾഡോയും തമ്മിലുള്ള പ്രധാന വ്യത്യാസത്തെ കുറിച്ച് സൂപ്പർ താരം സ്ലാട്ടൻ ഇബ്രാഹമോവിച്ച് തുറന്നു പറഞ്ഞു. മെസിയുടേത് നാച്ചുറൽ ടാലൻ്റാണെന്നും റൊണാൾഡോ കഠിനമായ പരിശ്രമത്തിലൂടെയാണ് ഫുട്ബോളിലെ വിജയങ്ങൾ നേടിയെടുത്തതെന്നും സ്ലാട്ടൻ പറഞ്ഞു. മെസിയെ പോലെ ഒരു താരത്തെ ഇനി കാണുമോ എന്നത് സംശയമാണെന്നും അദ്ദേഹം വെളിപ്പെടുത്തി.
ഗിവ് മി സ്‌പോർട്ടിന് നൽകിയ അഭിമുഖത്തിലാണ് അവർക്കിടയിലുള്ള പ്രധാന വ്യത്യാസത്തെ കുറിച്ച് സംസാരിച്ചത്. “മെസിയെ പോലെ മറ്റൊരാൾ ഉണ്ടാകുമോ എന്നെനിക്ക് അറിയില്ല.
കളിക്കളത്തിലെ അവൻ്റെ പ്രകടനങ്ങൾ കാണുമ്പോൾ ഇതുപോലെ ഒരു താരത്തെ ഇനി നമുക്ക് കാണാൻ കിട്ടുമോ എന്നെനിക്ക് തോന്നാറുണ്ട്. ഇത് റൊണാൾഡോയിൽ നിന്നും വ്യത്യസ്തമാണ്, കാരണം കഠിനമായ പരിശ്രമത്തിൻ്റെ റിസൾട്ടാണ് റൊണാൾഡോ. അത് നാച്ചുറലല്ല,”ഇബ്രഹാമോവിച്ച് പറഞ്ഞു.
ഫുട്ബോളിലെ അത്ഭുതം
അർജൻ്റീനയുടെ ഹൃദയമായ മെസി നിലവിൽ മേജർ ലീഗ് സോക്കർ ക്ലബ്ബായ ഇൻ്റർ മയാമിക്ക് വേണ്ടിയാണ് പന്തുതട്ടുന്നത്. മയാമിയെ അവരുടെ ചരിത്രത്തിലെ രണ്ടാം കിരീടത്തിലേക്ക് നയിക്കാനും ഈ ചുരുങ്ങിയ കാലയളവിൽ മെസിക്ക് സാധിച്ചു. ഹെറോൺസിനെ സപ്പോർട്ടേഴ്‌സ് ഷീൽഡ് ചൂടിച്ചാണ് മെസി ചരിത്രമെഴുതിയത്.
താരത്തിൻ്റെ കരിയറിലെ 46ാം കിരീട നേട്ടമാണിത്. കൊളംബസിനെ മൂന്നിനെതിരെ രണ്ട് ഗോളിന് തകർത്താണ് രണ്ട് മത്സരങ്ങൾ ബാക്കി നിൽക്കെ മയാമി കിരീടം ചൂടിയത്. മത്സരത്തിൽ മെസി രണ്ട് ഗോൾ നേടി.
നേരത്തെ ലീഗ് കപ്പ് ഫൈനലിൽ നാഷ്‌വില്ലിനെ ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് മെസിപ്പട കിരീടം നേടിയത്. ഗോൾ കീപ്പർമാർ അടക്കം 11 പേരും കിക്കെടുത്ത മത്സരത്തിൽ ഗോൾ കീപ്പർ ഡ്രേക് കലണ്ടറിൻ്റെ കരുത്തിലാണ് മയാമി കിരീടമണിഞ്ഞത്.