Cinema

ദളപതി കോംബോ വീണ്ടും എത്തുമോ?; 33 വർഷങ്ങൾക്ക് ശേഷം തലൈവരും മണിരത്‌നവും ഒന്നിക്കുന്നു!

നിലവിലെ വിവരങ്ങളനുസരിച്ച്, പ്രശസ്ത സംവിധായകന്‍ മണിരത്നവും സൂപ്പര്‍സ്റ്റാര്‍ രജനികാന്തും 33 വര്‍ഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. സിമയുടെ റിപോര്‍ട്ട് പ്രകാരം, ഈ കൂട്ടുകെട്ടിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ഡിസംബർ 12-ന്, രജനികാന്തിന്‍റെ ജന്മദിനത്തിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇരുവരുടെയും അടുത്ത വൃത്തങ്ങൾ ഈ വാർത്തയ്ക്ക് ചില സൂചനകൾ നല്‍കിയതായും റിപ്പോര്‍ട്ടിൽ പറയുന്നു.

മുന്‍പ് മണിരത്നം-രജനികാന്ത് കൂട്ടുകെട്ട് 1991-ല്‍ പുറത്തിറങ്ങിയ ‘ദളപതി’ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധ നേടിയത്. ഈ ചിത്രം വലിയൊരു താരനിരയോടുകൂടി സമകാലിക കാലത്ത് വലിയ വിജയമായി മാറിയിരുന്നു. ‘ദളപതി’ യില്‍ മമ്മൂട്ടി, അരവിന്ദ് സ്വാമി, ജയശങ്കർ, അംരീഷ് പുരി, ശ്രീവിദ്യ, ഭാനുപ്രിയ, ശോഭന, ഗീത തുടങ്ങി നിരവധി പ്രമുഖ താരങ്ങൾ അണിനിരന്നിരുന്നു.

മഹാഭാരതത്തിലെ കർണ്ണനും ദുര്യോധനനും തമ്മിലുള്ള സൗഹൃദം ആധാരമാക്കി മണിരത്നം ‘ദളപതി’ ചിത്രത്തിന്റെ കഥ രൂപപ്പെടുത്തി. കർണ്ണനെ പ്രതിനിധീകരിച്ച് രജനികാന്ത് സൂര്യ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചപ്പോൾ, മമ്മൂട്ടി ദുര്യോധനനെ പ്രതിനിധീകരിച്ച് ദേവരാജ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ഒരു ഗ്യാങ് സ്റ്റാര്‍ മൂവിയായാണ് ‘ദളപതി’ പ്രേക്ഷകരുടെ മുൻപിൽ എത്തിയത്.

ഇളയരാജയും മണിരത്നവും ചേർന്ന് പ്രവര്‍ത്തിച്ച അവസാന ചിത്രം കൂടിയായിരുന്നു ‘ദളപതി.’ 1991-ൽ ദീപാവലി ദിനത്തിൽ പുറത്തിറങ്ങിയ ഈ ചിത്രം നിരൂപക പ്രശംസയും ബോക്സോഫീസ് വിജയവും സ്വന്തമാക്കി.

ഇപ്പോള്‍, മണിരത്നം കമൽഹാസനുമായി ചേർന്ന് ‘തഗ് ലൈഫ്’ എന്ന പുതിയ സിനിമയുടെ പ്രവര്‍ത്തനങ്ങളിലാണ്. സിമ്പു, ജോജു ജോർജ്ജ്, അലി ഫസൽ, അശോക് സെൽവൻ, പങ്കജ് ത്രിപാഠി, നാസർ, തൃഷ കൃഷ്ണൻ, അഭിരാമി ഗോപികുമാർ, ഐശ്വര്യ ലക്ഷ്മി തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. അതേസമയം, രജനികാന്ത് ഇപ്പോള്‍ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘കൂലി’ യിലാണ് അഭിനയിക്കുന്നത്. ഹൃദയ സംബന്ധമായ ചികിത്സയ്ക്ക് വിധേയനായതിനെ തുടര്‍ന്ന്, ഈ ചിത്രത്തില്‍ നിന്ന് താൽക്കാലികമായി ഇടവേള എടുത്തിരിക്കുകയാണ് രജനികാന്ത്.

രജനികാന്തും മണിരത്നവും വീണ്ടും ഒന്നിക്കുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം പ്രേക്ഷകരും സിനിമ പ്രേമികളും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *