KeralaNews

സ്വർണം ഇപ്പോൾ വാങ്ങുന്നത് നഷ്ടമോ ? സാമ്പത്തിക വിദഗ്ധർ പറയുന്നത് ഇങ്ങനെ

ഒക്ടോബറിലെ റെക്കോർഡ് വർധനവില്‍ നിന്നും ആശ്വാസമായിക്കൊണ്ട് സ്വർണ വിലയില്‍ വലിയ ഇടിവാണ് നവംബറില്‍ രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഏതാനും ദിവസം നേരിയ വർധനവ് രേഖപ്പെടുത്തിയെങ്കിലും അതിനെയെല്ലാം ബഹുദൂരം പിന്നിലാക്കുന്ന ഇടിവാണ് സ്വർണത്തില്‍ ഇന്നുള്‍പ്പെടെ രേഖപ്പെടുത്തിയിട്ടുള്ളത്. അമേരിക്കയില്‍ ട്രംപ് അധികാരത്തില്‍ വന്നതിന് പിന്നാലെയുള്ള പ്രതിഭാസമാണ് ഇപ്പോഴും തുടരുന്നത്.

ഒക്ടോബർ 31 പവന് 59640 എന്ന കേരള ചരിത്രത്തിലെ എക്കാലത്തേയും ഉയർന്ന നിരക്കിലായിരുന്നു സ്വർണ വില. എന്നാല്‍ 13 ദിവസങ്ങള്‍ക്ക് ഇപ്പുറം ഒരു പവന്‍ 22 കാരറ്റ് സ്വർണത്തിന്റെ വില 56672 രൂപയാണ്. 2952 രൂപയുടെ വ്യത്യാസമാണ് ഈ ദിവസങ്ങളിലുണ്ടായിട്ടുള്ളത്. നവംബർ മാസത്തെ മാത്രം കണക്ക് എടുക്കുകയാണെങ്കില്‍ ഈ മാസത്തെ കൂടിയ വിലയും ഇന്നത്തെ വിലയുമായി 2408 രൂപയുടെ വ്യത്യാസമുണ്ട്. ഒന്നാം തിയതി രേഖപ്പെടുത്തിയ 59080 രൂപയാണ് ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക്.

ട്രംപ് അധികാരം ഉറപ്പിച്ചതിന് ശേഷമുള്ള ദിവസങ്ങളിലായി 2240 രൂപ കുറഞ്ഞു. ഏകദേശം ഒരു മാസം മുമ്പാണ് ഇന്നത്തേതിന് സമാനമായ നിരക്ക് സ്വർണ്ണത്തിന് രേഖപ്പെടുത്തിയത്. ട്രംപിന്റെ വിജയത്തിന് പിന്നാലെ ഡോളർ കരുത്താർജ്ജിച്ചതാണ് സ്വർണത്തിന് തിരിച്ചടിയായതെന്നാണ് വിദഗ്ധർ വിലയിരുത്തുന്നു. ട്രംപ് യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് ശേഷം സ്വർണ്ണ വില കുത്തനെ ഇടിയാന്‍ തുടങ്ങി. ഡോളർ മുന്നേറിയതും ക്രിപ്റ്റോ കറൻസികളും സ്വർണ്ണ വിലയുടെ ഇടിവിന് കാരണമായാതായി കമ്മോഡിറ്റി വിദഗ്ധൻ മനോജ് ജയിന്‍ പറയുന്നു.

അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സിന് 2617.15 ഡോളർ എന്ന നിരക്കിലാണ് ഇന്നത്തെ വില്‍പ്പന. ഒക്ടോബർ 10 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. നിലവിലെ വിലയിടിവ് സ്വർണത്തില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവർ മുതലെടുക്കണമെന്നാണ് വിദഗ്ധരുടെ നിർദേശം. കാരണം ദീർഘകാലാടിസ്ഥാനത്തില്‍ സ്വർണത്തിന്റെ വില മുകളിലേക്ക് ഉയരാന്‍ തന്നെയാണ് സാധ്യതയെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.

അതായത് ഇപ്പോഴത്തെ കുറഞ്ഞ വിലയില്‍ സ്വർണം വാങ്ങുകയോ അഡ്വാന്‍സ് ബുക്കിങ് നടത്തുകയോ ചെയ്താല്‍ അത് ലാഭകരമായി മാറിയേക്കും. ട്രംപിന്റെ വിജയം ഡോളറും യീൽഡും യുഎസ് ഓഹരികളും മുതല്‍ ക്രിപ്റ്റോകറൻസികളും വരെ നിക്ഷേപക പ്രിയം നേടുന്നുണ്ടെങ്കിലും സ്വർണത്തിന് എന്നും അതിന്റേതായ നിക്ഷേപക മൂല്യമുണ്ട്. അതുകൊണ്ട് തന്നെ ട്രംപ് തന്റെ നയങ്ങള്‍ ശക്തിപ്പെടുത്തിയാലും സ്വർണം ഒരിക്കലും നിക്ഷേപകന്‍ എന്ന നിലയില്‍ നിങ്ങള്‍ക്ക് നഷ്ടം വരുത്തില്ലെന്നും സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *