
റയലിനായി ആർത്തുവിളിച്ച് ശാലിനിയും മകനും; അജിത്തിനെ തിരക്കി ആരാധകർ
ഫുട്ബോൾ ആരാധകർക്ക് ഏറ്റവുമധികം ഇഷ്ട്ടമുള്ള ക്ലബ്ബാണ് റയൽ മാഡ്രിഡ്. റയലിൻ്റെ മത്സരം നടക്കുമ്പോൾ ഗാലറിയിൽ പല ദിക്കിലുമുള്ള ആരാധകരെ കൊണ്ട്നിറയും. ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരെ സമ്പാദിച്ച ക്ലബ് കൂടിയാണ് റയൽ.
ലാലിഗയിൽ സ്വന്തം തട്ടകമായ സാൻ്റിയാഗോ ബെർണബ്യൂവിൽ കഴിഞ്ഞ ദിവസം വിയ്യാറയലിനെ എതിരിടുമ്പോൾ മത്സരത്തിന് സാക്ഷിയാവാൻ ഇന്ത്യയിൽനിന്ന് സെലിബ്രിറ്റിയായ ഒരു ആരാധികയും എത്തി. അത് മറ്റാരുമല്ല, മലയാളിയുടെ പ്രിയ നടി ശാലിനിയാണ്, ഒപ്പം ഫുട്ബോൾ പ്രേമിയായ മകൻ ആദ്‍വിക്കും.
മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിനാണ് റയൽ മാഡ്രിഡ് ജയിച്ചുകയറിയത്. 14ാം മിനിറ്റിൽ ഫെഡറികോ വാൽവെർഡെയും 73ാം മിനിറ്റിൽ വിനീഷ്യസ് ജൂനിയറുമാണ് അവർക്കായി ഗോളുകൾ നേടിയത്.
‘വാക്കുകൾക്കപ്പുറം’ എന്ന കുറിപ്പോടെ റയൽ മാഡ്രിഡ് ജഴ്സിയണിഞ്ഞ് ഷാലിനിയും മകനും ഗാലറിയിൽ നിൽക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. “എന്തൊരു അന്തരീക്ഷം! ബെർണബ്യൂവിൻ്റെ ഊർജം അനുഭവപ്പെടുന്നു” എന്ന കുറിപ്പോടെ മറ്റൊരു ചിത്രവും ശാലിനി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. റയൽ മാഡ്രിഡിനെ പിന്തുണച്ചുള്ള കമൻ്റുകൾക്കൊപ്പം ഭർത്താവും തമിഴിലെ സൂപ്പർ താരവുമായ അജിത് കുമാർ എവിടെയാണെന്ന് ആരാധകർ ചോദിക്കുന്നു.