“തീയിൽ കുരുത്തത് വെയിലത്ത് വാടില്ല” ; നയൻതാരയെന്ന പാഠപുസ്തകം

"ഒരു ഇറക്കമുണ്ടെങ്കിൽ ഒരു കയറ്റവുമുണ്ടാകും" എന്ന് പറയാറില്ലേ അത് തന്നെയാണ് നയൻതാരയുടെ സിനിമ ജീവിതവും.

നയൻ‌താര
നയൻ‌താര

തമിഴകത്തിന്റെ ലേഡി സൂപ്പർ ആരാണെന്ന് ചോദിച്ചാൽ ഇന്ന് അതിന് ഒരുത്തരമേയുള്ളൂ. അതെ, വൺ ആൻഡ് ഒൺലി നയൻ‌താര. എന്നാൽ സിനിമാലോകത്ത് 20 വർഷം പൂർത്തിയാക്കിയ നയൻതാരയുടെ യാത്ര അത്ര എളുപ്പമായിരുന്നില്ല. “ഒരു ഇറക്കമുണ്ടെങ്കിൽ ഒരു കയറ്റവുമുണ്ടാകും” എന്ന് പറയാറില്ലേ അത് തന്നെയാണ് നയൻതാരയുടെ സിനിമ ജീവിതവും. ഒരിക്കൽ സിനിമ ഉപേക്ഷിച്ച് പോയ നയൻതാരയ്ക്ക് തിരിച്ചുവരവിൽ കിട്ടിയത് ആർക്കും ലഭിക്കാത്ത മടങ്ങിവരവ് തന്നെയാണ്.

ക്രിസ്തുമസ് ദിനത്തിൽ സത്യൻ അന്തിക്കാട് സമ്മാനിച്ച ഭാഗ്യതാരം

തമിഴകത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ എന്നാണ് നയൻ‌താര അറിയപ്പെടുന്നതെങ്കിലും താരം മലയാളിയാണ്. 1984 നവംബര്‍ 18ന് പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലാണ് നയൻതാരയുടെ ജനനം. ആരാധകർ നയൻസ് എന്ന് വിളിക്കുന്ന നയൻതാരയുടെ യഥാർത്ഥ പേര് ഡയാന മറിയം കുര്യന്‍ എന്നാണ്. തിരുവല്ല വാലികാമഠം ഹൈസ്‌ക്കൂള്‍, മാര്‍ത്തോമ കോളേജ് എന്നിവിടങ്ങളിലായിരുന്നു നയൻ‌താര തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. കൈരളി ടി വിയില്‍ ഫോണ്‍ ഇന്‍ പരിപാടി അവതരിപ്പിച്ചുകൊണ്ടാണ് നയൻ‌താര ആദ്യമായി ദൃശ്യ മാധ്യമ രംഗത്തേക്ക് കാലെടുത്തു വയ്ക്കുന്നത്.

അതേസമയം, 20 വർഷങ്ങൾക്ക് മുൻപ് ഒരു ക്രിസ്തുമസ് ദിനത്തിൽ സത്യൻ അന്തിക്കാട് സമ്മാനിച്ച നടിയായിരുന്നു നയന്‍താര. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിലാണ് നയൻ‌താര ആദ്യമായി നായികയായെത്തുന്നത്. ജയറാം നായകനായ ചിത്രത്തിലെ നായികയെ മലയാളികൾ അന്നേ നോട്ടമിട്ടു. തുടർന്ന് ഷാജി കൈലാസ് സംവിധാനം ചെയ്ത നാട്ടുരാജാവ് എന്ന ചിത്രത്തില്‍ സഹനടിയായി നയൻ‌താര കസറി. വിസ്മയത്തുമ്പത്ത്, തസ്‌ക്കരവീരൻ, രാപ്പകൽ തുടങ്ങിയ ചിത്രങ്ങളിൽ താരരാജാക്കന്മാരോടൊപ്പം താരം എത്തിയെങ്കിലും തലവര മാറ്റിയത് തമിഴകമാണ്.

തലവര മാറ്റിയ തമിഴകം

താരത്തിന്റെ തമിഴ് അരങ്ങേറ്റം ശരത്കുമാറിനോടൊപ്പം അയ്യാ എന്ന സിനിമയിലൂടെയായിരുന്നു. ചിത്രം ഹിറ്റായെന്ന് മാത്രമല്ല അതിനുശേഷം നിരവധി അവസരങ്ങളാണ് താരത്തെ തേടിയെത്തിയത്. പിന്നാലെ സാക്ഷാൽ രജനികാന്തിനോടൊപ്പം ചന്ദ്രമുഖിയിൽ നായികയായെത്തി. തുടർന്ന് ഗജിനി, ബില്ല, യാരടി നി മോഹിനി, ഇരുമുഖന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴകത്ത് തന്റേതായ സ്ഥാനം നയൻ‌താര നേടിയെടുത്തു. അങ്ങനെ വളരെ ചുരുങ്ങിയ കാലഘട്ടങ്ങൾ കൊണ്ടുതന്നെ നയൻതാര തെന്നിന്ത്യയിലെ മുൻ നിര താരങ്ങളുടെയെല്ലാം നായികയായി മാറി.

വിവാദങ്ങളുടെ കളിത്തോഴി

സിനിമാലോകത്ത് നിറഞ്ഞു നിൽക്കുമ്പോഴും എന്നും വിവാദങ്ങളുടെ കളിത്തോഴിയായിരുന്നു നയന്‍താര. അതിലൊന്നായിരുന്നു നയൻ‌താര ചിമ്പു പ്രണയം. എന്നാൽ ഇരുവരുടെയും സ്വകാര്യചിത്രങ്ങൾ ഇന്റർനെറ്റിൽ പ്രചരിച്ചതോടെ അതിന് അന്ത്യം കുറിച്ചു. ഇതിന് ശേഷം സിനിമാലോകം ആഘോഷമാക്കിയ പ്രണയമായിരുന്നു നയന്‍താരയുടേയും പ്രഭുദേവയുടേയും. ഇരുവരുടെയും സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. ഒടുവിൽ ഇനി ഒന്നിച്ച് ജീവിക്കാം എന്ന തീരുമാനത്തിൽ താരങ്ങൾ എത്തിയെങ്കിലും പ്രഭുദേവയുടെ ഭാര്യ രംഗത്തെത്തിയതോടെ ബന്ധം തകർന്നു.

അതേസമയം, അകന്നു പോകലുകൾ വേദനയാണെങ്കിലും മുന്നോട്ടുള്ള പോക്കിനെ അതൊരിക്കലും ബാധിക്കരുതെന്നാണ് നഷ്ട പ്രണയത്തിനൊടുവിൽ നയൻ‌താര കുറിച്ചത്. ലോകം മുഴുവൻ നയൻതാരയുടെ പ്രണയത്തകർച്ച ആഘോഷിക്കുമ്പോഴും താരം നിശബ്ദയായിരുന്നു. താരത്തിനെതിരെ നിരവധിപേർ രംഗത്തെത്തുകയും നയൻതാരയുടെ സിനിമ ജീവിതം അവസാനിച്ചുവെന്നും പലരും വിധിയെഴുതി. എന്നാൽ “തീയിൽ കുരുത്തത് വെയിലത്ത് വാടില്ലല്ലോ”. എല്ലാം അവസാനിച്ചു എന്ന് എല്ലാവരും വിധിയെഴുതിയിടത്ത് നിന്നായിരുന്നു നയൻതാരയുടെ ഉയിർത്തെഴുന്നേൽപ്പ്.

ഞെട്ടിക്കുന്ന തിരിച്ചുവരവ്

സിനിമ ലോകത്ത് തിരിച്ചുവരവ് നടത്തിയ നയൻതാരയിൽ നിന്ന് പിന്നീട് പിറന്നത് ഹിറ്റുകളുടെ നീണ്ട നിരയായിരുന്നു. തുടർച്ചയായി മാസ് മസാല ഹിറ്റുകൾക്കൊപ്പം നായികയായി നിരവധി സോളോ ഹിറ്റുകളും നയൻ‌താര നൽകി. രാമരാജ്യത്തിലെ സീതയായി ആന്ധ്ര സർക്കാരിന്റെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും നയൻ‌താര സ്വന്തമാക്കി. ഗ്ലാമറസ് നടിയായി തിളങ്ങിയ ഒരു താരത്തിനെ പുരാണ കഥയിലെ സീതയാക്കുന്നതിൽ നിരവധി എതിർപ്പുകൾ ഉയർന്നിരുന്നു. എന്നാൽ തന്റെ അഭിനയം കൊണ്ട് നയൻ‌താര ഈ വിവാദങ്ങളെയും മറികടന്നു.

തുടർന്ന് മായ, രാജാറാണി, ഇരുമുഖൻ, ഡോറ, ഇമൈക്ക ഞൊടികൾ, ഐറ, നാനും റൗഡി താൻ, ആരംഭം, തനി ഒരുവൻ, ബോസ് എങ്കിര ഭാസ്കരൻ, പുതിയ നിയമം, വേലക്കാരൻ, കോലമാവ് കോകില, ബിഗിൽ, വിശ്വാസം, കൊലയുതിർ കാലം, ലവ് ആക്‌ഷൻ ഡ്രാമ, നിഴൽ, മൂക്കുത്തി അമ്മൻ, നെട്രിക്കൺ തുടങ്ങി ഒറ്റയ്ക്കും മറ്റു സൂപ്പർ താരങ്ങൾക്കൊപ്പവും ഹിറ്റുകൾ പിറന്നു. അങ്ങനെ എതിരാളികൾ ഇല്ലാതെ തമിഴകത്തിന്റെ വൺ ആൻഡ് ഒൺലി ലേഡി സൂപ്പർ സ്റ്റാർ ആയി നയൻ‌താര മാറുകയായിരുന്നു. പുരുഷ കേന്ദ്രികൃതമായ സിനിമയിൽ നയൻ‌താര തന്റെതായ സ്ഥാനം കണ്ടെത്തി. തമിഴിൽ നയൻതാരയ്ക്കു വേണ്ടി മാത്രം സ്ത്രീകേന്ദ്രീകൃത സിനിമകൾ പിറന്നു. ഇന്ന് പല മുൻ നിര നായകന്മാരെക്കാളും പ്രതിഫലവും ഫാൻസ്‌ പിന്തുണയും നയൻതാരയ്ക്കുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം.

നാനും റൗഡി താൻ പ്രണയം

ഒടുവിൽ പ്രണയ ഗോസിപ്പുകൾക്കും വിവാദങ്ങൾക്കും വിടനൽകി 2022 ൽ സംവിധായകൻ വിഘ്നേഷ് ശിവനുമായി താരത്തിന്റെ വിവാഹം നടന്നു. നീണ്ട ഏഴുവര്‍ഷത്തെ പ്രണയത്തിനുശേഷമായിരുന്നു ഇരുവരും വിവാഹിതരായത്. തുടർന്ന് താരം വാടക ഗർഭധാരണത്തിലൂടെ ഉലകിനെയും ഉയിരിനെയും സ്വന്തമാക്കിയതോടെ സമൂഹത്തിന് മറ്റൊരു മാതൃക കൂടിയായി നയൻ‌താര മാറി.

ബിസിനസിലും ഒരു കൈ

സിനിമയിൽ മാത്രമല്ല ബിസിനസ്സിലും താരം വമ്പൻ ചുവടുവയ്പ്പാണ് നടത്തിയിട്ടുള്ളത്. കഴിഞ്ഞ വർഷം ബിസിനസ് ടുഡേ മാഗസിൻ ബിസിനസ് ലോകത്തെ ശക്തരായ വനിതകളിൽ ഒരാളായി നയൻതാരയെ തെരഞ്ഞെടുത്തിരുന്നു. 2021 ൽ റൗഡി പിക്ചേഴ്സ് എന്ന നിർമാണ കമ്പനിയിലൂടെ കൂഴങ്കൽ എന്ന സിനിമ നയൻ‌താര നിർമിച്ചു. തുടർന്ന് പ്രമുഖ ഡർമ്മറ്റോളജിസ്റ്റ് ഡോ. റെനിത രാജനോടൊപ്പം ചേർന്ന് ‘ ദ ലിപ്ബാം കമ്പനി’ നയൻ‌താര ആരംഭിച്ചു.

കൂടാതെ ഡെയ്സി മോർ​ഗൻ എന്ന സംരഭകയോടൊപ്പം ചേർന്ന് സ്കിൻകെയർ ബ്രാൻഡ് നയൻതാര ആരംഭിച്ചു. നയൻ എന്ന പേര് കൂട്ടിച്ചേർത്ത് 9സ്കിൻ എന്ന പേരിലാണ് പ്രീമിയം ക്വാളിറ്റി സ്കിൻ കെയർ പ്രൊഡക്ട് ബ്രാന്റ് ആരംഭിച്ചത്. ബൂസ്റ്റർ ഓയിൽ, ആന്റി ഏജിം​ഗ് സെറം, ​ഗ്ലോ സെറം, നൈറ്റ് ക്രീം, ഡേ ക്രീം എന്നിവയാണ് 9 സ്കിൻ ഇതുവരെ പുറത്തിറക്കിയ ഉൽപ്പന്നങ്ങൾ. അതോടൊപ്പം ഡോ. ​ഗോമതിയുമായി സഹകരിച്ച് ഫെമി9 എന്ന പേരിൽ സാനിറ്ററി നാപ്കിൻ ബ്രാന്റും കഴിഞ്ഞ വർഷം ആരംഭിച്ചു. എക്കോ ഫ്രണ്ടിലി ആയ നാപ്കിൻ കൂടിയാണിത്

എന്തായാലും നയൻതാരയുടെ ജീവിതം ഒരു പാഠപുസ്തകമാണ്. തോൽക്കുന്നതല്ല, അവിടെ നിന്നും ഉയർത്തെഴുന്നേറ്റു ആരും കൊതിക്കുന്ന ഉയരങ്ങൾ കീഴടക്കണമെന്നുള്ള പാഠം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments