തുടക്കം നല്ല അസ്സലായി പാളി, എന്നാൽ തിരിച്ചുവരവോ അതിലും ഗംഭീരം. ട്രോളിയവർക്ക് ഇനി ഒന്ന് തലകുനിക്കാം, ഇത് ഹർമൻ പ്രീതിൻ്റെ സൂപ്പർ പെൺപ്പടയാണ്. അത്ര പെട്ടെന്ന് പൊലിയാനുള്ളതുമല്ല വനിതാ ക്രിക്കറ്റിൽ അവർക്കൊതിച്ച കിരീടം.
എറിഞ്ഞിടാനും അടിച്ചു തകർക്കാനും ഇന്ത്യയ്ക്ക് ആളുണ്ടാവുമ്പോൾ പെൺപടയ്ക്കിനി എന്തു ഭയക്കാൻ. ആദ്യ മത്സരത്തിൽ ന്യൂസ്ലാൻഡിനോട് കടുത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നപ്പോൾ കളിക്കളത്തിൽ തലകുനിച്ചിരുന്ന ക്യാപ്റ്റൻ ഹർമൻ പ്രീതിനേയും ടീമിനെയും ഇന്ത്യ കണ്ടതാണ്. ആശ്വസിപ്പിക്കുന്നതിനപ്പുറം ട്രോൾ മഴയായിരുന്നു ഇന്ത്യൻ വനിതാ ടീമിന് നേരിടേണ്ടി വന്നത്.
കേരളത്തിനും അഭിമാനിക്കാം ഇത് സൂപ്പർ മലയാളികൾ
ലോകകപ്പ് ടീമിലുള്ള സജന സജീവനും ,ആശാ ശോഭനയും കേരളത്തിന് സ്വന്തമാണ്. ലോക കപ്പ് ചരിത്രത്തിൽ തന്നെ ആദ്യമായാണ് രണ്ടു മലയാളി താരങ്ങൾ ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നത്. അവസരം കിട്ടിയാപ്പിന്നെ മലയാളികൾ പൊളിയല്ലേ…. വിജയ റണ്ണും സൂപ്പർ ബൗളിങ്ങുമായി ജയം ഇങ്ങ് സ്വന്തമാക്കി.
പാകിസ്താനെതിരെ നേരിട്ട ആദ്യ പന്തു തന്നെ ബൗണ്ടറി കടത്തിയാണ് സജന അരങ്ങേറിയത്. വിക്കറ്റുകൾ പിഴുതെറിയാൻ ആശയും ഒട്ടും മോശമായില്ല. മലയാളികൾ ഉള്ളപ്പോൾ കപ്പും നാട്ടിൽ എത്തുമെന്ന പഴഞ്ചൻ ശൈലി ഒന്നുകൂടി ആവർത്തിക്കട്ടെ.
വിജയ റൺ പിറന്നത് മലയാളിയിലൂടെ
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്താൻ 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 105 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഏഴു പന്തുകൾ ബാക്കി നിൽക്കെ ഇന്ത്യ ലക്ഷ്യത്തിലെത്തി. സ്കോർ: പാകിസ്താൻ -20 ഓവറിൽ എട്ടു വിക്കറ്റിന് 105. ഇന്ത്യ -18.5 ഓവറിൽ നാലു വിക്കറ്റിന് 108.
ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനോട് തോറ്റ ഇന്ത്യക്ക്, സെമി ഫൈനൽ സജീവമാക്കാൻ ഈ ജയം അനിവാര്യമായിരുന്നു. 35 പന്തിൽ 32 റൺസെടുത്ത ഷഫാലി വർമയാണ് ഇന്ത്യയുടെ ടോപ് സ്കോറർ.
ജയിക്കാൻ 106 റൺസ് മതിയായിരുന്നിട്ടും കരുതലോടെയാണ് ഇന്ത്യ മറുപടി ബാറ്റിംഗ് ആരംഭിച്ചത്. അഞ്ചാം ഓവറിൽ സ്‌മൃതി മന്ദനയെ നഷ്ടമായതോടെ പവർ പ്ലേയിൽ 1നു 25 എന്ന നിലയിലായിരുന്നു ഇന്ത്യ. പ്രതീക്ഷ വീണ്ടും മങ്ങി തുടങ്ങുമെന്ന് കണ്ടിരുന്നവരും പ്രതീക്ഷിച്ചു. എന്നാൽ നല്ല സൂപ്പർ ആയി തന്നെ പിന്നീട് ഇന്ത്യ മുന്നോട്ടുപോയി.
പതറി പാക്കിസ്ഥാൻ
ഇന്ത്യയുടെ ശക്തമായ ബൗളിങ്ങാണ് പാക്കിസ്താനെ ചെറിയ സ്കോറിലൊതുക്കിയത്. അരുന്ധതി റെഡ്ഡി നാലു ഓവറിൽ 19 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു.
മലയാളി താരം ആശ ശോഭന രണ്ടാം മത്സരത്തിലും വിക്കറ്റ് നേടി. നാലു ഓവറിൽ 24 റൺസ് വഴങ്ങിയാണ് താരം വിക്കറ്റെടുത്തത്. 28 റൺസെടുത്ത നിദാ ദറാണ് പാകിസ്താൻ നിരയിലെ ടോപ് സ്കോറർ.
മാറ്റവുമായി ഇന്ത്യ
ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനോട് കനത്ത തോൽവി ഏറ്റുവാങ്ങിയ ഇന്ത്യ ഒരു മാറ്റവുമായാണ് കളത്തിലിറങ്ങിയത്. ആദ്യ മത്സരത്തിൽ പുറത്തിരുന്ന മലയാളി താരം സജന സജീവൻ പൂജ വസ്ത്രകർക്കു പകരമായി ടീമിലെത്തി.