Kerala Government NewsNews

BEVCOയില്‍ ഒരു ലക്ഷം രൂപ ബോണസിന് ആവശ്യം; കഴിഞ്ഞതിനേക്കാള്‍ 10,000 കൂടുതല്‍

ജീവനക്കാർക്ക് ഒരു ലക്ഷം രൂപ ബോണസ് നൽകണമെന്ന് ബിവറേജസ് കോർപ്പറേഷൻ സർക്കാരിനോട് ശുപാർശ ചെയ്തു. കഴിഞ്ഞവർഷം ജീവനക്കാർക്ക് ബോണസായി നൽകിയത് 90000 രൂപയായിരുന്നു. ശമ്പളത്തിന്റെ രണ്ടുമടങ്ങിലേറെ തുകയാണ് ഇത്തവണ ബെവ്‌കോയിൽ മിക്ക ജീവനക്കാർക്കും ലഭിക്കുന്നത്.

സർക്കാർ സാമ്പത്തിക പ്രതിസന്ധിയാലാണെന്ന് പറയുമ്പോഴും ബെവ്‌കോ ജീവനക്കാർക്കുള്ള ബോണസ് തുക വർഷാവർഷം ഉയർത്തുകയാണ് ചെയ്യുന്നത്. ഓണത്തിനു വൻതുക ബോണസ് നൽകുന്നതിനെതിരെ തോമസ് ഐസക്കിന്റെ കാലത്ത് ധനവകുപ്പ് രംഗത്തുവന്നിരുന്നു. എന്നാൽ, അതൊന്നും ഇപ്പോൾ പരിഗണിക്കുന്നില്ലെന്നതാണ് അവസ്ഥ.

ഇത്രയും വലിയ തുക ബോണസ് നൽകുന്നതു ധനപരമായ നിരുത്തരവാദിത്തമാണെന്നും ഇതു നിയന്ത്രിക്കണമെന്നും അഭ്യർഥിച്ച് അന്നത്തെ ധനമന്ത്രി തോമസ് ഐസക്, മുഖ്യമന്ത്രി പിണറായി വിജയനു കത്തു നൽകിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രി അത് പരിഗണിച്ചിരുന്നില്ല.

അതേസമയം, സർക്കാർ ജീവനക്കാരുടെ ബോണസും ഉത്സവബത്തയും അഡ്വാൻസും പെൻഷൻകാരുടെ ഉത്സവബത്തയും ഇന്ന് മുതൽ വിതരണം ചെയ്യും. ബോണസ് 4,000 രൂപയും ഉത്സവബത്ത 2,750 രൂപയുമാണ്. പെൻഷൻകാർക്ക് 1,000 രൂപയാണു ലഭിക്കുക. 37,129 രൂപയോ അതിൽ കുറവോ ആകെ ശമ്പളം വാങ്ങുന്നവർക്കാണ് 4,000 രൂപയുടെ ബോണസ് ലഭിക്കാൻ അർഹത. ബാക്കിയുള്ളവർക്ക് ഉത്സവബത്ത ലഭിക്കും.

ലോട്ടറി ഏജന്റുമാർക്കും വിൽപനക്കാർക്കും ഉത്സവബത്തയായി 7,000 രൂപ നൽകും. പെൻഷൻകാർക്ക് 2,500 രൂപ നൽകും. കഴിഞ്ഞ വർഷം യഥാക്രമം 6,000 രൂപയും 2,000 രൂപയുമായിരുന്നു. 35,600 ഏജന്റുമാർക്കും 7,009 പെൻഷൻകാർക്കുമാണു ലഭിക്കുക. കശുവണ്ടി തൊഴിലാളികൾക്ക് 20% ബോണസും 10,500 രൂപ അഡ്വാൻസും നൽകും. മാസശമ്പളക്കാരായ ജീവനക്കാർക്ക് 3 മാസത്തെ ശമ്പളത്തിനു തൂല്യമായ തുക അഡ്വാൻസായി നൽകും.

Leave a Reply

Your email address will not be published. Required fields are marked *