പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ നടിയാണ് മഞ്ജു വാര്യർ. തന്റെ സ്വാഭാവിക അഭിനയത്തിലൂടെ ഇന്നും മലയാള സിനിമയിൽ സജീവമായി മുന്നേറിക്കൊണ്ടിരിക്കുന്ന മഞ്ജു, സിനിമയിൽ നിറഞ്ഞ് നിന്ന സമയത്ത് വലിയൊരു ഇടവേളയെടുത്തു. എന്നാൽ, ‘ഹൗ ഓൾഡ് ആർ യു’ എന്ന ചിത്രത്തിലൂടെ മഞ്ജു നടത്തിയ ഗംഭീര തിരിച്ചുവരവ് ഇന്നും മലയാള സിനിമയിൽ ചരിത്രമാകുന്നു.
രണ്ടാം വരവിൽ മലയാളം മാത്രമല്ല, തമിഴ് സിനിമകളിലും തന്റെ സാന്നിധ്യം പ്രത്യക്ഷപ്പെടുത്തി മഞ്ജു വാര്യർ ആരാധകർക്കിടയിൽ വൻ സ്വീകാര്യത നേടി. നിലവിൽ രജനികാന്തിനൊപ്പം വേട്ടയ്യനിൽ നായികയായി എത്തുകയാണ് താരം.
സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലെങ്കിലും, മഞ്ജു വാര്യർ പങ്കുവയ്ക്കുന്ന ഫോട്ടോകൾ ആരാധകർ കാത്തിരിക്കുന്നു. സ്റ്റൈലിഷ് ലുക്കിലും യുവത്വത്തിന്റെ തിളക്കത്തിലും എത്തുമ്പോൾ, പ്രായം വെറും നമ്പർ മാത്രമാണെന്ന് ചൂണ്ടിക്കാട്ടി മറ്റുള്ളവർക്കും പ്രചോദനമാകുന്ന മഞ്ജു, ഒരു പുതിയ അഭിമുഖത്തിൽ തന്റെ യഥാർത്ഥ പ്രായം തുറന്നുപറഞ്ഞിരിക്കുന്നു.
വേട്ടയ്യൻ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഒരു തമിഴ് മാധ്യമത്തോട് നടത്തിയ അഭിമുഖത്തിൽ മഞ്ജു പറഞ്ഞു, “എനിക്കിപ്പോൾ 46 വയസുണ്ട്. 46 വയസൊന്നും ഒരു പ്രായമല്ലെന്ന് ഞാൻ ഇപ്പോൾ മനസിലാക്കുകയാണ്. ചെറുപ്പത്തിൽ 30 വയസ് വലിയൊരു പ്രായമായിട്ട് എനിക്ക് തോന്നിയിട്ടുണ്ട്. പക്ഷേ വർഷങ്ങൾ പോകുന്തോറും അതൊന്നും ഒന്നുമല്ലെന്ന് ഞാൻ മനസിലാക്കുകയായിരുന്നു. നാൽപതുകൾ എന്നത് വളരെ ചെറുപ്പമാണ്. വളരെ എനർജറ്റിക്കായി ഇരിക്കാമെന്ന് മനസിലാക്കുകയാണ്. ഞാനെന്റെ അൻപതുകളിലേക്കാണ് ഞാൻ ഇപ്പോൾ നോക്കുന്നത്. നിലിവൽ ഇത്രയും എനർജറ്റിക്കായി ഇരിക്കാന്നുണ്ടെങ്കിൽ അൻപതുകളിൽ ഇതിലേറെ എനർജെറ്റിക്കായിരിക്കാം എന്ന് തോന്നുകയാണ്”, എന്നാണ് മഞ്ജു വാര്യർ പറഞ്ഞത്.
ഒക്ടോബർ 10ന് റിലീസ് ചെയ്യുന്ന ‘വേട്ടയ്യൻ’ ചിത്രത്തിൽ മഞ്ജു വാര്യറിനൊപ്പം അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, റിതിക സിംഗ്, റാണ ദഗ്ഗുബതി, ദുഷാര വിജയൻ, അഭിരാമി തുടങ്ങിയ പ്രമുഖ താരങ്ങളും അണിനിരക്കുന്നു. ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് ടി. ജെ. ജ്ഞാനവേലാണ്.