ഇന്ത്യൻ ക്രിക്കറ്റിലെ മുൻ സൂപ്പർതാരം വീരേന്ദർ സേവാഗ് ‘രാഷ്ട്രീയ പിച്ചി’ലേക്കെന്ന് സൂചന. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിക്കായി സേവാഗ് പരസ്യമായി വോട്ടു ചോദിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഹരിയാനയിലെ തോശാം മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി അനിരുദ്ധ് ചൗധരിക്കായി സേവാഗ് വേദിയിൽ മൈക്കിലൂടെ വോട്ടു ചോദിക്കുന്ന വിഡിയോയാണ് ഇപ്പോൾ വൈറലായത്.
അനിരുദ്ധ് ചൗധരിയും അദ്ദേഹത്തിൻ്റെ പിതാവും ബിസിസിഐ മുൻ പ്രസിഡൻ്റുമായ രൺബീർ സിങ് മഹേന്ദ്രയുമായുമുള്ള ബന്ധം വിശദീകരിച്ചുകൊണ്ടാണ് സേവാഗ് കോൺഗ്രസിനായി വോട്ടു ചോദിച്ചത്.
‘‘അദ്ദേഹത്തെ (കോൺഗ്രസ് സ്ഥാനാർഥി അനിരുദ്ധ് ചൗധരി) എൻ്റെ മൂത്ത സഹോദരനായാണ് ഞാൻ കാണുന്നത്. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിൻ്റെ (ബിസിസിഐ) മുൻ പ്രസിഡൻ്റ് കൂടിയായ അദ്ദേഹത്തിൻ്റെ പിതാവ് രൺബീർ സിങ് മഹേന്ദ്ര എനിക്ക് വലിയ പിന്തുണ നൽകിയ ആളാണ്. അദ്ദേഹത്തിൻ്റെ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട ദിവസങ്ങളാണ് ഇത്. ഈ ഘട്ടത്തിൽ സഹായിക്കേണ്ടത് എൻ്റെ കടമയാണെന്ന് കരുതുന്നു. അനിരുദ്ധ് ചൗധരിയെ വോട്ടു ചെയ്ത് വിജയിപ്പിക്കണമെന്നാണ് തോശാമിലെ ജനങ്ങളോട് എൻ്റെ അഭ്യർത്ഥന’ – സേവാഗ് പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിക്കുമെന്ന് സ്ഥാനാർഥിയായ അനിരുദ്ധ് ചൗധരിയും ആത്മവിശ്വാസം പ്രകടിപ്പിച്ചു. ‘‘കോൺഗ്രസ് ഇവിടെ ജയിച്ച് അധികാരത്തിലെത്തുമെന്ന് എനിക്കു നൂറു ശതമാനം ഉറപ്പാണ്. കാരണം, ബിജെപി സർക്കാർ കർഷകർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിൽ പരാജയപ്പെട്ടു’ – ചൗധരി പറഞ്ഞു.