ഉണ്ണി മുകുന്ദനെ കേന്ദ്ര കഥാപാത്രമാക്കി, ക്യൂബ്സ് എന്റർടെയിൻമെൻറ്സും ഉണ്ണി മുകുന്ദൻ ഫിലിംസും ചേർന്ന് നിർമിക്കുന്ന പുതിയ ചിത്രം ‘മാർക്കോ’യുടെ ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്തുവന്നു. മലയാളത്തിലെ ‘മോസ്റ്റ് വയലൻറ് ഫിലിം’ എന്ന ലേബലിൽ ക്രിസ്മസിനോടനുബന്ധിച്ച് ചിത്രം തിയേറ്ററുകളിലേക്ക് എത്തുമെന്നാണ് ക്യൂബ്സ് എന്റർടെയിൻമെൻറ്സിന്റെ അറിയിപ്പ്.
ഉണ്ണി മുകുന്ദന്റെ സ്റ്റൈലിഷ് ഗെറ്റപ്പ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്. ‘വയലൻസ് ഇൻകമിംഗ് ലെറ്റ്സ് കട്ട് ദ ക്രിസ്മസ് കേക്ക് വിത്ത് ക്യൂബ്സ്’ എന്ന പോസ്റ്ററുമായാണ് ‘മാർക്കോ’യുടെ റിലീസ് അനൗൺസ്‌മെന്റ്.
മലയാളത്തിൽ നിർമ്മാണവും വിതരണവും കൈകാര്യം ചെയ്യുന്ന ആദ്യത്തെ നിർമ്മാണ കമ്പനിയെന്ന ചരിത്രം കുറിച്ചുകൊണ്ടാണ് ക്യൂബ്സ് എന്റർടെയിൻമെൻറ്സിന്റെ ആദ്യ സംരംഭം വിപണിയിലെത്തുന്നത്. മലയാളത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിലുള്ള വയലൻസ് രംഗങ്ങളും മാസ്സ് ആക്ഷൻ സീക്വൻസുകളും ചിത്രത്തിന്റെ പ്രത്യേകതകളാണ്.
ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിങ്സ്റ്റൺ ഒരുക്കിയ ഏഴോളം കൂട്ടായ്മകൾ ഉള്‍ക്കൊള്ളുന്ന പോരാട്ട രംഗങ്ങൾ കാണാൻ സാധിക്കും. പ്രശസ്ത സംഗീത സംവിധായകൻ രവി ബസ്രൂർ മലയാള സിനിമക്ക് ആദ്യമായി സംഗീതം നൽകുന്ന ചിത്രം കൂടിയാണ് ‘മാർക്കോ’.
ഉണ്ണി മുകുന്ദനൊപ്പം സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ്, അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങി ബോളിവുഡ് താരങ്ങളും പുതുമുഖങ്ങളുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.
‘മിഖായേൽ’ സിനിമയുടെ സ്പിൻഓഫായാണ് ‘മാർക്കോ’ ഒരുക്കിയിരിക്കുന്നത്, ഇതിനോടകം മലയാള സിനിമയിലെ ഏറ്റവും പ്രായം കുറഞ്ഞ നിർമ്മാതാവെന്ന നേട്ടം കരസ്ഥമാക്കിയിരിക്കുകയാണ് ഷെരീഫ് മുഹമ്മദ്.