മലയാളികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് എമ്പുരാൻ. പൃഥ്വിരാജ് -മോഹൻലാൽ കൂട്ടുകെട്ടിൽ എത്തുന്ന ചിത്രത്തിന്റെ ഒരു അപ്‌ഡേറ്റും ആരാധകർ അത്തരത്തിലാണ് കൊണ്ടാടുന്നത്. ഇപ്പോഴിതാ, ആരാധകർക്ക് അത്തരത്തിലൊരു വാർത്തയാണ് പുറത്തു വരുന്നത്.
ചിത്രത്തിന്റെ ഗുജറാത്ത് ഷെഡ്യൂൾ പൂർത്തിയായി കഴിഞ്ഞു. അടുത്തതായി ഷൂട്ടിങ് ആരംഭിക്കുന്നത് ഹൈദരാബാദിൽ ആയിരിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. പൃഥ്വിരാജ് തന്നെയാണ് ഈ വിവരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്. അതേസമയം, എമ്പുരാന്റെ ഏഴാം ഷെഡ്യുളാണ് ഗുജറാത്തിൽ അവസാനിച്ചത്. മോഹൻലാൽ അടക്കമുള്ള താരങ്ങളുടെ രംഗങ്ങളാണ് ഗുജറാത്തിൽ ചിത്രീകരിച്ചിരിക്കുന്നത്.
നിലവിൽ ചിത്രത്തിന്റെ ഷൂട്ടിങ് 100 ദിവസത്തോളം പിന്നിട്ടു കഴിഞ്ഞു. അമേരിക്കയിലെയും ഇന്ത്യയിലെയും ചിത്രീകരണത്തിന് ശേഷം ദുബായിലടക്കം എമ്പുരാന്റെ ചിത്രീകരണം ഉണ്ടാകും. 2025 മാർച്ചിൽ ചിത്രം റിലീസ് ചെയ്യുമെന്ന് സൂചനയുണ്ട്. കാരണം എമ്പുരാന്റെ ആദ്യ ഭാഗമായ ലൂസിഫർ 2019 മാർച്ച് 28 നായിരുന്നു റിലീസ് ചെയ്തത്. 2025 ൽ ഇതേദിവസം തന്നെ എമ്പുരാനും റിലീസ് ചെയ്യുമെന്നാണ് സൂചന. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്.