Malayalam Media LIve

നടൻ ബാലക്കെതിരായ കേസ് ; പരാതിക്ക് പിന്നിൽ ഗൂഢാലോചനയെന്ന് നടന്റെ അഭിഭാഷക

കൊച്ചി : നടൻ ബാലയുടെ പരാതിക്ക് പിന്നിൽ ഗൂഢാലോചനയെന്ന് ആരോപിച്ച് നടന്റെ അഭിഭാഷക രം​ഗത്ത്. കേസ് റദ്ദാക്കാന്‍ ഇന്നുതന്നെ ഹൈക്കോടതിയെ സമീപിക്കും. കേസ് വിവരങ്ങളുടെ കൂടുതൽ രേഖകൾ കോടതിയിൽ നിന്നും നേടാനുള്ള നടപടികൾ ആരംഭിച്ചു വരികയാണെന്നും അവർ കൂട്ടിച്ചേർത്തു.

ബാലയുടെ അറസ്റ്റിന് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് മുമ്പിലെത്തിയപ്പോയാണ് ബാലയുടെ അഭിഭാഷക ഈ കാര്യം പറഞ്ഞത്. കേസ് വിവരങ്ങളുമായി ബന്ധപ്പെട്ട വിവരത്തോടൊപ്പം തന്നെ ബാലയുടെ ആരോഗ്യനില മോശമാണെന്നും അവർ കൂട്ടിച്ചേർ‌ത്തു.


‘‘അഭിഭാഷകയെന്ന നിലയിൽ എഫ്ഐആർ പരിശോധിച്ചിരുന്നു. ജാമ്യം ലഭിക്കാനുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തുകയാണെങ്കിൽ കോടതിയിൽ ഹാജരാക്കേണ്ടി വരും. 41 എ നോട്ടിസ് തന്ന് വിടാനുള്ള കാര്യമേ ഒള്ളൂ. അദ്ദേഹം ചോദ്യം ചെയ്യലിന് സഹകരിക്കുന്ന ആളാണ്. ഇത്തരത്തിലൊരു പരാതി വന്നാൽ പൊലീസ് സ്വാഭാവികമായും നടപടി ക്രമങ്ങൾ ചെയ്യേണ്ടി വരും.

പ്രിലിമിനറി ഇൻവസ്റ്റിഗേഷന്റെ ഭാഗമായി 41 എ നോട്ടിസ് തന്ന് നമ്മള്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാകും. അതിനെ തുടർന്ന് നമുക്കെതിരായ പരാതിയെക്കുറിച്ച് നമുക്ക് പൊലീസിനോടു പറയാനുള്ള സമയം ലഭിക്കേണ്ടതുണ്ട്. അതാണ് ഇതിന്റെ നടപടി ക്രമം. അതിനുവേണ്ടിയാണ് ബാലയെ സ്റ്റേഷനിൽ കൊണ്ടുവന്നതെന്നാണ് പോലീസ് പറഞ്ഞിരിക്കുന്നത്.

ബാലയുടെ ആരോഗ്യനില മോശമാണ്. തളർന്ന അവസ്ഥയിലാണുള്ളത്. രാവിലെ തന്നെ മരുന്ന് കഴിക്കേണ്ട സാഹചര്യമുണ്ട്. അദ്ദേഹം കരൾ മാറ്റിവച്ച ഒരു രോഗിയാണ്. പ്രത്യേകതരത്തിലുള്ള ഭക്ഷണ രീതികളാലും മരുന്നിനാലുമാണ് അദ്ദേഹം ജീവിച്ചുവരുന്നത്. പോലീസിന്റെ ഭാഗത്തുനിന്നും എല്ലാരീതിയിലുമുള്ള സഹകരണമുണ്ട്. ഇത് നിലനിൽക്കുന്ന കേസല്ല എന്നാണ് എന്റെ അറിവിൽ നിന്നും മനസ്സിലാകുന്നത്.

സാധാരണഗതിയിൽ ഇങ്ങനെയൊരു പരാതി ലഭിച്ചാൽ മാനുഷിക പരിഗണന അനുസരിച്ച് 41 എ നോട്ടിസ് തന്ന് വിളിക്കാമായിരുന്നു എന്ന അഭിപ്രായം എനിക്കുണ്ട്. പോലീസ് അവരുടെ ഡ്യൂട്ടിയാണ് ചെയ്യുന്നത്. ഒരു ഘട്ടത്തിലും ബാല പരാതിയെക്കുറിച്ച് അറിഞ്ഞിരുന്നില്ല. ഇന്നലെ രാത്രി എട്ട് മണിക്കാണ് പരാതി കിട്ടി എഫ്ഐആർ റജിസ്റ്റർ ചെയ്യുന്നതെന്ന് രേഖകളിൽ നിന്നും മനസ്സിലായി.’’–ബാലയുടെ അഭിഭാഷക പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *