
‘പ്രതിഫലം തുല്യമാക്കിയാൽ പോരാ പ്രകടനവും ഒപ്പമെത്തണം’; ഇന്ത്യൻ വനിതാ ടീമിനെ ട്രോളി ആരാധകർ
വനിതാ ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ കനത്ത തോൽവി ഏറ്റുവാങ്ങിയതിനു പിന്നാലെ, ഇന്ത്യൻ ടീമിനെതിരെ കടുത്ത വിമർശനവുമായി ആരാധകർ രംഗത്തെത്തി.
ന്യൂസീലൻഡിനെതിരായ മത്സരത്തിൽ ബാറ്റിങ്ങിലും ബോളിങ്ങിലും വൻ തോൽവി ഇന്ത്യൻ വനിതകൾക്ക് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഓസ്ട്രേലിയ ഉൾപ്പെടെയുള്ള ശക്തരായ ടീമുകൾ ഉൾപ്പെട്ട ഗ്രൂപ്പ് എയിൽനിന്ന് ഇന്ത്യയുടെ മുന്നേറ്റത്തെ ഈ തോൽവി ശക്തമായി ബാധിക്കുകയും ചെയ്തു.
ഇതോടെയാണ് ഹർമൻപ്രീത് കൗറിനും സംഘത്തിനുമെതിരെ ആരാധകർ രൂക്ഷ വിമർശനമുയർത്തിയത്. ഇന്ത്യൻ വനിതാ ടീം താരങ്ങളുടെ പ്രതിഫലം, പുരുഷ താരങ്ങളുടേതിനു തുല്യമാക്കിയ വിവരം അറിയിച്ചുകൊണ്ടുള്ള രണ്ടു വർഷം മുൻപത്തെ ബിസിസിഐയുടെ സമൂഹമാധ്യമ പോസ്റ്റിൻ്റെ സ്ക്രീൻഷോട്ട് സഹിതമാണ് വിമർശനം.
‘പ്രതിഫലം മാത്രം ഒപ്പമായാൽ മതിയോ, പ്രകടനം കൂടി ഒപ്പമാക്കാമോ’ തുടങ്ങിയ പരിഹാസ ചുവയുള്ള ട്രോളുകളാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. പുരുഷ താരങ്ങളുടേതിനു സമാനമായ പ്രതിഫലം വാങ്ങുമ്പോൾ പ്രകടനവും അവരുടേതിനു സമാനമാകണമെന്നാണ് ആരാധകർ ട്രോളുന്നത്.