ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് നായകനായിരുന്ന രോഹിത് ശർമ അടുത്ത സീസണിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിൽ (ആർസിബി) എത്തിയേക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നു കൊണ്ടിരിക്കുന്നത്. അതിൽ പ്രതികരണവുമായി മുൻ ആർസിബി താരം എ ബി ഡിവില്ലിയേഴ്സ് എത്തി.
ഈ റിപ്പോർട്ട് കണ്ട് ചിരിച്ചുപോയെന്ന് ഡിവില്ലിയേഴ്സ് പ്രതികരിച്ചു. രോഹിത് ആർസിബിയിൽ എത്തിയാൽ, ഹാർദിക് പാണ്ഡ്യ മുംബൈയിൽ തിരിച്ചെത്തിയതിനേക്കാൾ വലിയ കോമഡിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘‘രോഹിത് ശർമയുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ വായിച്ച് ഞാൻ ചിരിച്ചുപോയി. മുംബൈ ഇന്ത്യൻസ് വിട്ട് രോഹിത് ശർമ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിലേക്കു വന്നാൽ അത് വലിയ സംഭവമായിരിക്കുമല്ലോ. അത് സംഭവിച്ചാൽ വാർത്തകളുടെ തലക്കെട്ടൊക്കെ ഒന്ന് ആലോചിച്ചു നോക്കൂ. ഹാർദിക് പാണ്ഡ്യ മുംബൈയിലേക്ക് തിരിച്ചെത്തിയതിേനക്കാൾ വലിയ സംഭവമാകും അത്. ഹാർദിക് ഗുജറാത്തിൽനിന്ന് മുംബൈയിലേക്ക് തിരിച്ചെത്തിയതു പക്ഷേ, ഇത്ര വലിയ സർപ്രൈസ് ആയിരുന്നെന്ന് ഞാൻ കരുതുന്നില്ല.
‘‘എന്നാൽ രോഹിത് ശർമ മുംബൈ ഇന്ത്യൻസ് വിട്ട് അവരുടെ ശത്രുക്കളായ ആർസിബിയിൽ ചേക്കേറുന്നത് എന്തൊരു സംഭവമായിരിക്കും. പക്ഷേ, അത് സംഭവിക്കാൻ സാധ്യത തീർത്തും വിരളമാണെന്നാണ് എൻ്റെ അഭിപ്രായം. മുംബൈ ഇന്ത്യൻസ് രോഹിത്തിനെ ഒഴിവാക്കാനും സാധ്യതയില്ല. അതിന് പൂജ്യം അല്ലെങ്കിൽ 0.1 ശതമാനം സാധ്യത മാത്രമേ ഞാൻ കാണുന്നുള്ളൂ.’ – ഒരു യുട്യൂബ് ചാനലിലെ ചോദ്യോത്തര പരിപാടിയിൽ ഡിവില്ലിയേഴ്സ് പറഞ്ഞു.
അടുത്ത സീസണിലും ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡുപ്ലേസി ആർസിബിയുടെ നായകനായി തുടരുമെന്ന് ഡിവില്ലിയേഴ്സ് ഉറച്ച് പറഞ്ഞു. ആർസിബിക്കായി ഇതുവരെ കിരീടം നേടാനാകാത്തതിൻ്റെ സമ്മർദ്ദം ഡുപ്ലേസിക്കുണ്ടാകുമെന്ന് തീർച്ചയാണ്. പക്ഷേ, കളിക്കാരനെന്ന നിലയിൽ ഡുപ്ലേസിയുടെ പ്രകടനം മികച്ചതായിരുന്നു. വിരാട് കോലിയും അവരെ പിന്തുണയ്ക്കുമെന്നാണ് ഞാൻ കരുതുന്നത്.’ – ഡിവില്ലിയേഴ്സ് പറഞ്ഞു.