
പെരിയ ഇരട്ടക്കൊല: കൊലക്കുറ്റം തെളിഞ്ഞു; സിപിഎം മുൻ എംഎൽഎ ഉൾപ്പെടെ 14 പ്രതികൾ കുറ്റക്കാർ; ശിക്ഷാവിധി ജനുവരി 3ന്
പെരിയ ഇരട്ട കൊലപാതക കേസിൽ 24 പ്രതികളിൽ 14 പേർ കുറ്റക്കാരാണെന്ന് കോടതി. കോടതി വിധി പ്രസ്താവിച്ചതോടെ സിപിഎമ്മിൻ്റെ പങ്കും തെളിഞ്ഞിരിക്കുകയാണ്. ഒന്നുമുതൽ 10 വരെയുള്ള പ്രതികൾക്കെതിരെ കൊലക്കുറ്റവും ഗൂഢാലോചനയും തെളിഞ്ഞു. മുൻ എം.എൽ.എ. കെ.വി. കുഞ്ഞിരാമൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. കുഞ്ഞിരാമൻ 20-ാം പ്രതിയാണ്.
മുൻ ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളിയും കുറ്റക്കാരനെന്ന് കോടതി. എറണാകുളം സിബിഐ കോടതിയാണ് വിധി പറഞ്ഞത്. 20 മാസത്തോളം നീണ്ട വിചാരണ നടപടികൾക്കു ശേഷമാണു കേസിൽ വിധി വന്നത്. കുറ്റക്കാർക്കെതിരെയുള്ള ശിക്ഷ ജനുവരി മൂന്നിന് വിധിക്കും.
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. മണികണ്ഠൻ ഉൾപ്പടെ 24 പ്രതികളാണുള്ളത്. എല്ലാവരും പാർട്ടിക്കാരാണ്. 24 പ്രതികൾ ഇവരാണ്: 1. പീതാംബരൻ, 2. സജി ജോർജ്, 3. സുരേഷ്, 4. അനിൽ കുമാർ, 5. ഗിജിൻ, 6. ശ്രീരാഗ് 7. അശ്വിൻ, 8. സുബീഷ്, 9. മുരളി,10. രഞ്ജിത്ത്, 11. പ്രദീപ്, 12. ആലക്കോട് മണി, 13. എൻ. ബാലകൃഷ്ണൻ, 14. മണികണ്ഠൻ, 15. സുരേന്ദ്രൻ എന്ന വിഷ്ണു സുര, 16. റജി വർഗീസ്, 17. ശാസ്താ മധു, 18. ഹരിപ്രസാദ്, 19. രാജേഷ് എന്ന രാജു, 20. കെ.വി കുഞ്ഞിരാമൻ, 21. രാഘവൻ വെളുത്തോളി, 22. കെ.വി ഭാസ്കരൻ 23. ഗോപകുമാർ വെളുത്തോളി, 24. സന്ദീപ് വെളുത്തോളി. ഇതിൽ ഒന്നുമുതൽ എട്ടുവരെയുള്ള പ്രതികൾക്കെതിരെയാണ് കൊലക്കുറ്റം തെളിഞ്ഞതായി വിധിയിൽ പറയുന്നത്.
പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചതിനാണ് 20ാം പ്രതി മുൻ എംഎൽഎ കെവി കുഞ്ഞിരാമനും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. ഇനി ഇവർക്കുള്ള ശിക്ഷ എന്താണെന്നാണ് അറിയാനുള്ളത്. 20 മാസത്തോളം നീണ്ട വിചാരണ നടപടികൾക്കു ശേഷമാണു കേസിൽ വിധി പറഞ്ഞിരിക്കുന്നത്.
2019 ഫെബ്രുവരി 17ന് ആണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ പെരിയ കല്യോട്ടെ ശരത് ലാലിനെയും (23) കൃപേഷിനെയും (19) രാഷ്ട്രീയ വൈരാഗ്യംമൂലം വെട്ടിക്കൊലപ്പെടുത്തിയത്. സിപിഎം പെരിയ മുൻ ലോക്കൽ കമ്മിറ്റിയംഗം എ.പീതാംബരനാണ് ഒന്നാം പ്രതി. എ.പീതാംബരനുൾപ്പെടെ 14 പേരെ ക്രൈംബ്രാഞ്ചും ഉദുമ മുൻ എംഎൽഎയും സിപിഎം കാസർകോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കെ.വി.കുഞ്ഞിരാമൻ ഉൾപ്പെടെ 10 പേരെ സിബിഐ ഡിവൈഎസ്പി ടി.പി.അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘവുമാണ് അറസ്റ്റ് ചെയ്തത്. കേസിൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത 11 പേരും സിബിഐ അറസ്റ്റ് ചെയ്ത 5 പേരും ഇപ്പോഴും ജയിലിലാണ്.
സിബിഐ അന്വേഷണം ഖജനാവിൽ നിന്ന് 90.77 ലക്ഷം
സിബിഐ അന്വേഷണം തടയാൻ ഡൽഹിയിൽ നിന്നു പ്രമുഖ അഭിഭാഷകരെയാണ് സർക്കാർ ഇറക്കിയത്. സി പി എം പ്രതികളെ രക്ഷിക്കാൻ ഖജനാവിലെ പണം എടുത്ത് അഭിഭാഷകർക്ക് കൊടുത്തതെതിനെതിരെ ശക്തമായ വിമർശനങ്ങൾ ഉയർന്നെങ്കിലും സർക്കാർ മുന്നോട്ട് പോകുകയാണ് ചെയ്തത്.
മനീന്ദർ സിംഗ്,രജ്ഞിത് കുമാർ, പ്രഭാസ് ബജാജ് എന്നീ പ്രഗൽഭ അഭിഭാഷകരെയാണ് സിബി ഐ അന്വേഷണം തടയാൻ പിണറായി ഡൽഹിയിൽ നിന്ന് ഇറക്കിയത്.
88 ലക്ഷം രൂപയാണ് വക്കീൽ ഫീസായി ഇവർക്ക് നൽകിയത്. കൂടാതെ വിമാന ടിക്കറ്റിനായി 2, 10,768 രൂപയും ഹോട്ടലിലെ താമസത്തിനും ചെലവിനുമായി 66,591 രൂപയും ഇവർക്ക് നൽകി. 90, 77, 359 രൂപയാണ് ഇവരുടെ ചെലവിനായി ഖജനാവിൽ നിന്ന് നൽകിയത്. ഇവരെ ഇറക്കിയുള്ള പിണറായിയുടെ കളി വിജയിച്ചില്ല. ഹൈക്കോടതി സിബി ഐ അന്വേഷണത്തിന് ഉത്തരവിട്ടു.
ക്രൈംബ്രാഞ്ച് 14 പേരെ പ്രതിചേർത്ത കേസിൽ സിബിഐ പത്ത് പ്രതികളെക്കൂടി ഉൾപ്പെടുത്തുകയായിരുന്നു.