റായ്ച്ചൂര്‍: മൂഡ കേസില്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് ആവര്‍ത്തിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. എതിര്‍കക്ഷികള്‍ രാജി വയ്ക്കണമെന്നാവിശ്യപ്പെട്ട് മുറവിളി കൂട്ടുന്നത് വെറുതെയാണെന്നും താന്‍ രാജി വയ്ക്കുമെന്ന് പ്രചരിപ്പിക്കുന്നത് വെറും ഊഹാപോഹമാണെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. റായ്ച്ചൂര്‍ ജില്ലയിലെ മാന്‍വിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യം സിദ്ധരാമയ്യ പറഞ്ഞത്. ‘ബിജെപി നേതാക്കള്‍ മാത്രമാണ് എന്റെ രാജി ആവശ്യപ്പെടുന്നത്. എന്റെ ക്യാബിനറ്റ് സഹപ്രവര്‍ത്തകരോ കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളോ ഡല്‍ഹിയില്‍ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയോ രാഹുല്‍ ഗാന്ധിയെയോ കണ്ടാല്‍, എന്നെ നീക്കുമെന്ന് പറയുന്നു.
ബി.ജെ.പിയുടെ തെറ്റായ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ രാജിവെക്കില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. പാര്‍ട്ടി ഹൈക്കമാന്‍ഡിന്റെയും മന്ത്രിസഭയുടെയും പിന്തുണ എനിക്കുണ്ട്. ‘ഞാന്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെങ്കില്‍, ഞാന്‍ എന്തിന് രാജിവെക്കണം? ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമി പോലും എന്റെ രാജി ആവശ്യപ്പെടില്ലെന്ന് പറഞ്ഞിട്ടുണ്ട്… മുന്‍ മന്ത്രി ജി ടി ദേവഗൗഡ പോലും എന്നെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.
ഞാന്‍ രാജിവെക്കണമെന്ന് ബി.ജെ.പി മാത്രമാണ് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി രാജിവച്ചാല്‍ ബിഡിഎ ഭൂമിയുടെ പേരില്‍ തനിക്കെതിരായ ആരോപണങ്ങളില്‍ രാജിവെക്കുമെന്ന് നിയമസഭയിലെ പ്രതിപക്ഷ നേതാവ് ആര്‍ അശോക പറഞ്ഞതിന് പിന്നാലെ ബിജെപി നേതാവിനെ രാജിവെക്കാന്‍ സിദ്ധരാമയ്യ വെല്ലുവിളിച്ചു. നിങ്ങള്‍ക്കായി (ജനങ്ങള്‍) ഞാന്‍ എന്റെ പോരാട്ടം തുടരും. ‘എല്ലാറ്റിനേക്കാളും വലുതാണ് ആന്തരിക ശബ്ദം’ എന്ന് മഹാത്മാഗാന്ധി പറഞ്ഞിട്ടുണ്ട്. എന്റെ മനസ്സാക്ഷിയില്‍ ഞാന്‍ തെറ്റ് ചെയ്തിട്ടില്ലായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.