മങ്കി പോക്‌സ് വൈറസ് എന്ന ഓർത്തോപോക്സ് വിഭാഗത്തിൽപ്പെട്ട ഡിഎൻഎ വൈറസാണ് രോഗകാരി. മുഖത്തും വായയിലും ചർമത്തിലും പ്രകടമാകുന്ന തിണർപ്പുകൾ, പനി, തലവേദന, പേശീവേദന ഇവയാണ് പ്രധാന ലക്ഷണങ്ങൾ
രോഗവ്യാപനം
മങ്കിപോക്സ് കുരങ്ങുകൾക്കിടയിലാണ് ഈ രോഗം ആദ്യം തിരിച്ചറിഞ്ഞത്. ആദ്യം മൃഗങ്ങളിൽ മാത്രം ഒതുങ്ങി നിന്ന രോഗം മനുഷ്യനെ ബാധിക്കുന്നു. ആഫ്രിക്കയുടെ ചിലഭാഗങ്ങളിലെ മനുഷ്യരെയാണ് ബാധിച്ചത്. തുടർന്ന് മറ്റു ഭൂഖണ്ഡങ്ങളിലെ മൃഗങ്ങളെ ബാധിച്ചു. മറ്റു ഭൂഖണ്ഡങ്ങളിലെ മനുഷ്യരെ ബാധിക്കുന്നതു നാലാം ഘട്ടത്തിലാണ്. യൂറോപ്പ് കേന്ദ്രീകരിച്ച് മനുഷ്യരെ ബാധിക്കുന്നത് അഞ്ചാംഘട്ടത്തിലാണ് ഈ രോഗത്തെ 2024-ൽ അടിയന്തര പൊതുജനാരോഗ്യപ്രതിസന്ധിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചത്.
ആ സമയത്ത് എംപോക്‌സ് വ്യാപനം ലൈംഗികബന്ധത്തിലൂടെ ആയിരുന്നു. മിക്കതും പുരുഷൻമാർ തമ്മിലുള്ള ബന്ധത്തിലൂടെയും. അപൂർവമായി സ്ത്രീപുരുഷബന്ധത്തിലൂടെയും വ്യപിച്ചത്. അതുകൊണ്ട് തന്നെ രോഗം വ്യാപകമാകും എന്നൊരു ധാരണ ഉണ്ടായിരുന്നില്ല. 2024-ൽ ചെറിയൊരു ജനിതകവ്യതിയാനം സംഭവിച്ച് വൈറസ് എംപോക്സ് വ്യാപനത്തിന് കാരണമായി. ലൈംഗികബന്ധത്തിലൂടെ പകരുകയും രോഗതീവ്രത കുറവുമായിരുന്ന ക്ലേഡ് 2ബിയെ അപേക്ഷിച്ച് നേരിട്ടുള്ള സമ്പർക്കത്തിലൂടെ പകരാൻ സാധ്യതയുള്ള രോഗതീവ്രത കൂടിയ ക്ലേഡ് 1ബിയാണ് ഇപ്പോൾ വ്യാപിച്ചുകൊണ്ടിരിക്കുന്നത്.
കണങ്ങളിലൂടെ സ്രവങ്ങളിലൂടെ
2022-23 കാലഘട്ടത്തിൽ ഇന്ത്യയിൽ 30 എംപോക്സ് കേസുകൾ ഉണ്ടായിരുന്നു. 15 എണ്ണം കേരളത്തിലും 15 എണ്ണം ഡൽഹിയിലും. ഇതെല്ലാം ക്ലേഡ് 2 ബി ആയിരുന്നു. എന്നാൽ കഴിഞ്ഞ കുറേ മാസങ്ങളായി ക്ലേഡ് 1ബി എന്ന വൈറസിന്റെ വകഭേദം കൂടുതലായി വ്യാപിക്കുന്നു. പിതാവിൽ നിന്നും മാതാവിൽ നിന്നും ഇത് കുട്ടികളെ ബാധിക്കും. ലൈംഗികബന്ധത്തിലൂടെ അല്ലാതെ പകരാനുള്ളശേഷി എംപോക്‌സ് വൈറസിന് കൈ വന്നിരിക്കുന്നു. ഡ്രോപ്ലെറ്റ് അഥവാ വലിയ കണങ്ങൾ, ഉമിനീരോ മറ്റ് ശരീരസ്രവങ്ങളോ, ബെഡ് ഷീറ്റ് പോലുള്ള നിത്യോപയോഗ വസ്‌തുക്കളോ വഴി വൈറസ് വ്യാപിക്കാം. ലൈംഗികതയിലൂടെയല്ലാതെ ചുംബനം, ആലിംഗനം എന്നിവയുടെ ഭാഗമായ ഡ്രോപ്ലെറ്റുകളിലൂടെയും ഉപരിതല സമ്പർക്കത്തിലൂടെയും രോഗവ്യാപനം സംഭവിക്കാം. വൈറസ് വായുവിലൂടെ പകരാനുള്ള സാധ്യതയും കൈവരിക്കാം.
എങ്ങനെ മുൻകരുതലെടുക്കണം?
ഓണക്കാലം പ്രവാസികൾ വരുന്ന സമയവുമാണ്. പുറംനാടുകളിൽ രോഗം വ്യാപിച്ചിരിക്കുന്നു എന്നത് കൊണ്ട് രോഗസാധ്യത തള്ളിക്കളയാനാകില്ല. രോഗത്തിന്റെ പരമാവധി ഇൻകുബേഷൻ പീരിയഡ് 21 ദിവസമാണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്നും വിദേശത്ത് നിന്നും വരുന്നവർ സ്വയം നിരീക്ഷിക്കുക. പിസിആർ ടെസ്റ്റിലൂടെയാണ് രോഗനിർണയം. ആശുപത്രികളിൽ ഇത്തരം രോഗികൾ എത്താനുള്ള സാധ്യത പരിഗണിച്ച് സുരക്ഷ ഒരുക്കാം. ബെഡിന്റെയും ഉപകരണങ്ങളുടെയും വൃത്തി പ്രധാനമാണ്. സാനിറ്റൈസർ/സോപ്പും വെള്ളവും ഉപയോഗിച്ച് സംശയാസ്പദമായ ഘട്ടങ്ങളിൽ കൈകൾ വൃത്തിയാക്കാം. അപരിചിതരുമായുള്ള ലൈംഗികബന്ധത്തിൽ കരുതലെടുക്കണം. എംപോക്സ് വൈറസിന് ലക്ഷണങ്ങളിലും വസൂരിയുമായി സാമ്യം ഉണ്ട്. ചിക്കൻപോക്സ് എന്ന് സംശയിച്ചാലും ഡോക്‌ടറെ കാണണം. പ്രതിരോധശക്‌തി കുറഞ്ഞവരിൽ രോഗം ഗുരുതരമാകും. എംപോക്‌സിനെതിരേ വാക്സീൻ ഉണ്ടെങ്കിലും വാക്‌സിനേഷൻ വ്യാപകമാക്കേണ്ട സാഹചര്യം നിലവിൽ ഇല്ല.