ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ലഖിംപൂരില്‍ 6 വയസ്സുള്ള ആണ്‍കുട്ടിയെ പുള്ളിപ്പുലി കൊന്നു. സംഭവത്തില്‍ നാട്ടുകാര്‍ വനം വകുപ്പിനെതിരെ ശക്തമായി പ്രതിഷേധിച്ചു. സൗത്ത് ഖേരി ഫോറസ്റ്റ് ഡിവിഷനിലെ ശാരദനഗര്‍ ഫോറസ്റ്റ് റേഞ്ചില്‍ തന്റെ പിതാവിനൊപ്പം ഫാമില്‍ പോയ സമയത്താണ് സംഭവമുണ്ടായത്. കരിമ്പിന് തോട്ടത്തില്‍ ഒളിച്ചിരുന്ന പുലി പുറത്തേക്ക് വന്ന് കുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.
പിതാവ് സഹായത്തിനായി നിലവിളിച്ചതിനെ തുടര്‍ന്ന് പ്രദേശ വാസികള്‍ സ്ഥലത്തെത്തിയെങ്കിലും പുലി അപ്പോഴേക്കും കുട്ടിയെ കൊന്നിട്ട് ഓടി രക്ഷപ്പെട്ടിരുന്നു. ഈ ആഴ്ച്ചയുടെ തുടക്കത്തില്‍ സൗത്ത് ഖേരി ഫോറസ്റ്റ് ഡിവിഷനിലെ മുഹമ്മദി റേഞ്ചിനു കീഴിലുള്ള ഭദയ്യ ഗ്രാമത്തില്‍ 50 വയസ്സുള്ള കര്‍ഷകനെ പുള്ളിപ്പുലി കൊന്നിരുന്നു.
സെപ്റ്റംബറില്‍ അയല്‍ ഗ്രാമമായ മുഡ അസ്സിയില്‍ കടുവ ഒരാളെ ആക്രമിച്ച് കൊന്നിരുന്നു. കുട്ടിയെ പുലി കൊന്ന സംഭവത്തില്‍ ജനങ്ങള്‍ അക്രമാസക്തരാവുകയും വനം വകുപ്പുമായി ഏറ്റുമുട്ടുകയും അവരുടെ വാഹനങ്ങള്‍ക്ക് നേരെ കല്ലെറിയുകയും ചെയ്തു. വനംവകുപ്പിന്റെ അനാസ്ഥയാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണമെന്ന് ഇവര്‍ ആരോപിച്ചു.