ന്യൂഡൽഹി: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡുമായുള്ള (RIL) തെറ്റായ സ്പോൺസർഷിപ്പ് കരാറിലൂടെ ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷനിൽ 24 കോടിയുടെ നഷ്ടമെന്ന് സിഎജി റിപ്പോർട്ട്. സ്വകാര്യ കമ്പനിക്ക് ആനാവശ്യമായ ആനുകൂല്യങ്ങൾ നൽകിയെന്നാണ് കണ്ടെത്തൽ.
2022 ആഗസ്റ്റ് ഒന്നിന് നടത്തിയ 35 കോടിയുടെ കരാർ പ്രകാരം 2022 ഏഷ്യൻ ഗെയിംസ്, 2026ൽ നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസ്, 2022, 2026 വർഷങ്ങളിലെ കോമൺവെൽത്ത് ഗെയിംസ്, 2024ലെ പാരിസ് ഒളിംപിക്സ്, 2028ലെ ലോസ് ഏഞ്ജലസ് ഒളിംപിക്സ് എന്നിവയുടെയൊക്കെ പ്രധാന സ്പോൺസർ റിലയൻസാണ്. പിന്നീട്, 2023 ഡിസംബറിൽ കരാറിൽ വരുത്തിയ ഭേദഗതിയിലൂടെ 2026, 2030 വിന്റർ ഒളിംപിക്സ്, 2026, 2030 യൂത്ത് ഒളിംപിക്സ് എന്നിവയുടെയും സ്പോൺസർഷിപ്പ് കൂടി ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷൻ റിലയൻസിന് നൽകുകയായിരുന്നു.
നേരത്തെ നിശ്ചയിച്ചതിലും അധികമായി നാല് കായികമേളകളുടെ സ്പോൺസർഷിപ്പ് അവകാശം കൂടി റിലയൻസിന് നൽകിയിട്ടും കരാർ തുക വർധിപ്പിക്കാൻ ഒളിംപിക്സ് അസോസിയേഷൻ തയ്യാറാകാത്തതാണ് നഷ്ടത്തിന് കാരണം. നേരത്തെയുണ്ടായിരുന്ന കരാർ തുകയായ 35 കോടി രൂപ അതേപടി നിലനിർത്തുകയായിരുന്നു.
നേരത്തെ, ആറ് മേളകൾക്ക് 35 കോടി രൂപ സ്പോൺസർഷിപ്പായി കണക്കാക്കി കരാറിലെത്തിയ സാഹചര്യത്തിൽ, രണ്ടാമത് നാല് മേളകളുടെ സ്പോൺസർഷിപ്പ് കൂടി നൽകിയപ്പോൾ, ഒരു മേളക്ക് ആറ് കോടിയെന്ന കണക്കിൽ ആകെ 59 കോടി സ്പോൺസർഷിപ്പ് തുകയായി ആവശ്യപ്പെടാമായിരുന്നു. ഇത് ചെയ്യാത്തതോടെ 24 കോടി രൂപയുടെ നഷ്ടമുണ്ടായത്.
സ്പോൺസർഷിപ്പ് തുക 59 കോടിയായി ഉയർത്താതിരുന്നത് എന്തുകൊണ്ടാണെന്നത് സംബന്ധിച്ച് ഒളിംപിക് അസോസിയേഷൻ പ്രസിഡൻറ് പി ടി ഉഷ വിശദീകരണം നൽകണമെന്നാണ് സിഎജി ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാൽ, അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുടെ (ഐഒസി) പുതിയ നിബന്ധനയാണ് റിലയൻസിന് നാല് മേളകളുടെ സ്പോൺസർഷിപ്പ് കൂടി അനുവദിക്കാൻ കാരണമായതെന്നാണ് ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷന്റെ വിശദീകരണം.