ഗ്വാളിയർ എന്നുകേൾക്കുമ്പോൾ ക്രിക്കറ്റിനെ സ്നേഹിക്കുന്നവർക്ക് ആദ്യം ഓർമ്മ വരുന്നത് സച്ചിൻനെയാണ്. ക്രിക്കറ്റിലെ രാജാവ് 14 വർഷംമുമ്പ് അടിച്ചു തകർത്ത അതെ ഗ്വാളിയറിലാണ് ഗൗതം ഗംഭീറിൻ്റെ t20 ടീം ഇന്ന് ഇറങ്ങുന്നത്. ക്രിക്കറ്റ് ലോകം അസാധ്യമെന്നു കരുതിയ ഏകദിന ക്രിക്കറ്റിലെ ഇരട്ട സെഞ്ച്വറി ആണ് ഇന്ത്യയുടെ സച്ചിൻ ടെണ്ടുൽക്കർ സ്വന്തമാക്കിയത്. ചരിത്ര ഭൂമിയായി മാറിയ ഗ്വാളിയറിൽ അതിനുശേഷം ആദ്യമായാണ് ഇന്ത്യ സൂപ്പർ പോരാട്ടത്തിന് ഇറങ്ങുന്നത്.
മൂന്ന് മത്സരങ്ങളുടെ T20I പരമ്പരയിലെ ആദ്യ മത്സരത്തിൽ സൂര്യകുമാർ യാദവിൻ്റെ ഇന്ത്യ നജ്മുൽ ഹൊസൈൻ ഷാൻ്റോയുടെ ബംഗ്ലാദേശിനെ ഇന്ന് നേരിടും. ഒരാഴ്ചമുൻപ് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിൽ ബംഗ്ലാദേശിനെ 2-0ത്തിന് തോൽപ്പിച്ചശേഷം ഇന്ത്യയുടെ ആദ്യ മത്സരമാണിത്. എന്നാൽ ടെസ്റ്റ് ടീമിലെ ഒരാൾപ്പോലും ട്വൻ്റി-20 മത്സരത്തിനില്ല.
ഇന്ത്യ നേരിടുന്ന വെല്ലുവിളി
സൂര്യകുമാർ യാദവ് നയിക്കുന്ന ഇന്ത്യൻ ടീം യുവനിരയ്ക്ക് പ്രാധാന്യം നൽകുന്നു. ടെസ്റ്റ് ടീമിലെ പ്രധാന കളിക്കാരെ ഉൾപ്പെടുത്തിയാണ് ബംഗ്ലാദേശ് വരുന്നത്. ഇന്ത്യയുടെ മായങ്ക് യാദവ്, നിതീഷ് കുമാർ റെഡ്ഡി, ഹർഷിത് റാണ എന്നിവർ ഇതുവരെ അന്താരാഷ്ട്ര മത്സരം പോലും കളിച്ചിട്ടില്ല. ഇന്ത്യൻ ടീമിലെ എല്ലാവരും ചേർന്ന് കളിച്ചത് 389 അന്താരാഷ്ട്ര മത്സരംമാത്രം.
ഐ.പി.എല്ലിൽ തുടർച്ചയായ അതിവേഗ പന്തുകൾ എറിഞ്ഞ് ശ്രദ്ധനേടിയ പേസർ മായങ്ക് യാദവ് അരങ്ങേറ്റംകുറിക്കാനും സാധ്യതയുണ്ട്. പരിചയസമ്പന്നനായ ഇടംകൈ പേസർ അർഷ്ദീപ് സിങ്ങും കൂടെയുണ്ടാകും.
വിക്കറ്റ് കീപ്പർമാരായി മലയാളിയായ സഞ്ജു സാംസൺ, ജിതേഷ് ശർമ എന്നിവർ ടീമിലുണ്ടെങ്കിലും സഞ്ജുവിന് മുൻഗണനകിട്ടും. എന്നുമാത്രമല്ല, അഭിഷേക് ശർമയ്ക്കൊപ്പം സഞ്ജു ഓപ്പണറായി ഇറങ്ങാനും സാധ്യതയുണ്ട്. തുടർന്ന് സൂര്യകുമാർ യാദവ്, റിയാൻ പരാഗ്, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ തുടങ്ങിയവരുണ്ടാകും. ഫിനിഷർ റോളിൽ റിങ്കുസിങ്ങുമുണ്ട്.
ഇന്ത്യ: അഭിഷേക് ശർമ്മ , സഞ്ജു സാംസൺ, സൂര്യകുമാർ യാദവ്, ശിവം ദുബെ , റിങ്കു സിംഗ്, ഹാർദിക് പാണ്ഡ്യ, റിയാൻ പരാഗ്, വാഷിംഗ്ടൺ സുന്ദർ , രവി ബിഷ്ണോയ് , അർഷ്ദീപ് സിംഗ്, ഹർഷിത് റാണ
ബംഗ്ലാദേശ് ഇലവൻ: ലിറ്റൺ കുമർ ദാസ്, തൻസീദ് ഹസൻ തമീം, നജ്മുൽ ഹൊസൈൻ ഷാൻ്റോ (സി), തൗഹിദ് ഹൃദയ്, മഹ്മൂദുള്ള, ജാക്കർ അലി, മെഹിദി ഹസൻ മിറാസ്, റിഷാദ് ഹൊസൈൻ, മുസ്തഫിസുർ റഹ്മാൻ, തസ്കിൻ അഹമ്മദ്, തൻസിം ഹസൻ സാകിബ്.