ഉയർന്ന രക്തസമ്മർദ്ദം; തിരിച്ചറിയാം ശ്രദ്ധിക്കാതെ പോകുന്ന ഈ ലക്ഷണങ്ങളെ

പ്രായം, പാരമ്പര്യം, അലസ ജീവിതരീതി, ഉപ്പിൻ്റെ അമിത ഉപയോഗം, അമിത വണ്ണം എന്നിവയൊക്കെ എസൻഷ്യൽ ഹൈപ്പർടെൻഷനുള്ള സാധ്യത വർധിപ്പിക്കുന്ന ഘടകങ്ങളാണ്.

blood pressure

രക്തം ഹൃദയധമനികളുടെ ഭിത്തിയിൽ ചെലുത്തുന്ന മർദമാണ് രക്തസമ്മർദ്ദം. അത് കൂടുതലാകുമ്പോൾ രക്താതിമർദ്ദം (Hypertension) ആകുന്നു. ഇത് പ്രധാനമായും രണ്ടുതരമുണ്ട്. എസൻഷ്യൽ ഹൈപ്പർടെൻഷനും സെക്കൻഡറി ഹൈപ്പർടെൻഷനും. പ്രത്യേകിച്ചൊരു കാരണവുമില്ലാതെ ബിപി വർധിക്കുന്ന അവസ്‌ഥയാണ് എസൻഷ്യൽ ഹൈപ്പർടെൻഷൻ. ഇഡിയോപതിക് ഹൈപ്പർടെൻഷൻ എന്ന് പറയുന്നു. പ്രായം, പാരമ്പര്യം, അലസ ജീവിതരീതി, ഉപ്പിൻ്റെ അമിത ഉപയോഗം, അമിത വണ്ണം എന്നിവയൊക്കെ എസൻഷ്യൽ ഹൈപ്പർടെൻഷനുള്ള സാധ്യത വർധിപ്പിക്കുന്ന ഘടകങ്ങളാണ്. സാധാരണ കാണുന്ന രക്‌താതിമർദത്തിൽ 80-85 % എസൻഷ്യൽ ഹൈപ്പർടെൻഷനാണ്. എന്തെങ്കിലും അസുഖങ്ങൾ കൊണ്ടുവരുന്ന സെക്കൻഡറി ഹൈപ്പർടെൻഷൻ ആ അസുഖം പരിഹരിക്കപ്പെടുന്നതോടെ ബിപി സാധാരണ നിരക്കിലേക്കെത്തും.

നിശ്ശബ്ദനായ കൊലയാളി


രക്താതിമർദ്ദത്തെ സംബന്ധിച്ചുള്ള ഏറ്റവും വലിയ പ്രശ്‌നം, ഇതൊരു നിശബദ്ധനായ കൊലയാളി ആണെന്നതാണ് (Silent Killer). മിക്കപ്പോഴും രോഗത്തെ തിരിച്ചറിയാൻ സഹായിക്കുന്ന ലക്ഷണങ്ങളൊന്നും പ്രകടമാകില്ല. രോഗം മറഞ്ഞിരുന്ന് തീവ്രമായി, ശരീരത്തിലെ അവയവങ്ങളെ ബാധിച്ച് അതിന്റെ എന്തെങ്കിലും പ്രശ്‌നമായിട്ടാകും പ്രകടമാവുക. ഉദാഹരണത്തിന്, രക്താതിമർദ്ദം തലച്ചോറിലെ രക്തക്കുഴലുകളെ ബാധിച്ച് പക്ഷാഘാതം വരാം, വൃക്കകളെ ബാധിച്ച് വൃക്കരോഗത്തിന്റെ ലക്ഷണങ്ങൾ പ്രകടമാകും ചിലപ്പോൾ തലയ്ക്ക് ഭാരം, തലവേദന, നടക്കുമ്പോൾ കിതപ്പ് പോലുള്ള അവ്യക്ത ലക്ഷണങ്ങൾ പ്രകടമാകും. പക്ഷേ, അവ രക്താതിമർദ്ദത്തിന്റെ ലക്ഷണങ്ങളാണെന്ന് തിരിച്ചറിയണമെന്നില്ല.

ബിപി കൂടിയാൽ


ബിപി വർധിച്ചാൽ ഉണ്ടാകുന്ന അപകടങ്ങൾ ചെറുതല്ല. ഹൃദയത്തിലെ ശുദ്ധരക്തക്കുഴലുകളുടെ ഭിത്തിയിലേക്കുന്ന മർദ്ദം കൂടുതലാകുന്നത് ധമനീഭിത്തികളെയും ശരീര അവയവങ്ങളെയും നശിപ്പിക്കും. ധമനികളിൽ തുടർച്ചയായി മർദ്ദമേറ്റ് ധമനീഭിത്തികൾ പരുപരുത്തതും കട്ടിയുള്ളതുമാകുന്നു. ഇത് ഹൃദയാഘാതത്തിനോ സ്ട്രോക്കിനോ ഇടയാക്കാം. പെട്ടെന്ന് വൻതോതിൽ ബിപി കൂടുന്നത് രക്ത‌ക്കുഴൽ പൊട്ടിയുള്ള അന്യൂറിസത്തിലേക്ക് നയിക്കാം. വൻമർദത്തിനു കീഴിൽ തുടർച്ചയായി കൂടുതൽ അധ്വാനിക്കേണ്ടി വരുമ്പോൾ മെല്ലെ ഹൃദയത്തിൻ്റെ പ്രവർത്തനശേഷി കുറഞ്ഞ് ഹൃദയപരാജയം സംഭവിക്കും. വൃക്കരോഗങ്ങൾ, കാഴ്ചപ്രശ്‍നങ്ങൾ, ഓർമ മങ്ങുക, മറവിരോഗം എന്നിങ്ങനെ ഒട്ടേറെ മാരകമായ രോഗങ്ങൾ വരാം. ഇങ്ങനെയൊക്കെ ആണെങ്കിലും യാദൃശ്ചികമായിട്ട് ബി പി കൂടുതലാണെന്ന് കണ്ടെത്തിയാലും ചികിത്സ എടുക്കാൻ ആളുകൾക്ക് വിമുഖതയാണ്. വേദനയോ മറ്റ് വൈഷമ്യങ്ങളോ ഇല്ലാത്തതിനാലും ദൈനംദിന ജീവിതത്തെ കാര്യമായിക്കുന്ന ബാധിക്കാത്തതുകൊണ്ട് മരുന്ന് സംബന്ധിച്ച തെറ്റിധാരണകൾ കൊണ്ടും ചികിത്സ ചെയ്യില്ല. ഇങ്ങനെ കൃത്യമായി ബിപി നോക്കാതെയും മരുന്ന് കഴിക്കാതെയും പോയിപ്പോയിയാണ് ഒരു സുപ്രഭാതത്തിൽ ആശുപത്രി എമർജൻസി റൂമിലേക്ക് എത്തിപ്പെടുന്നത്.

കൂടുന്നുണ്ടോ? പരിശോധിച്ചു നോക്ക്

ബിപി കൂടുന്നുണ്ടോ എന്നറിയാൻ പരിശോധിച്ച് നോക്കാതെ തരമില്ല. പരിശോധനയ്ക്ക് നിശ്ചിത പ്രായമൊന്നും പറയാനാകില്ല. കാരണം ഇന്ന് ഇരുപതിനും നാൽപതിനും ഇടയിൽ പ്രായമുള്ളവരിൽ പോലും രക്താതിമർദ്ദം ഉള്ളതായി കാണുന്നു. അമിതവണ്ണം, കുടുംബപാരമ്പര്യം പോലെ ബിപി കൂടാനിടയാക്കുന്ന സാഹചര്യങ്ങളിൽ ഉള്ളവർ, കുട്ടികളായാലും കൗമാരക്കാരായാലും ബിപി പരിശോധന നേരത്തെ തുടങ്ങി വയ്ക്കുക. പ്രത്യേകിച്ച് ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലെങ്കിലും 25 വയസ്സ് കഴിയുമ്പോൾ മുതൽ ഒരു കുടുംബഡോക്ടറുടെ സഹായത്തോടെ ക്രമമായ മെഡിക്കൽ പരിശോധനകൾക്ക് വിധേയരാവുകയും പരിശോധനാഫലങ്ങളുടെ കൃത്യമായ ഒരു റെക്കോർഡ് സൂക്ഷിക്കുകയും വേണം. ഇതിനായി ഒരു നോട്ട്ബുക്ക് തന്നെ കരുതിവയ്ക്കുക. അമിതവണ്ണം, ബിപി വർധനവിൻ്റെ പാരമ്പര്യം, ആരോഗ്യകരമല്ലാത്ത ജീവിതരീതിയും ഭക്ഷണക്രമവും, വ്യായാമം ഇല്ലായ്മ എന്നിവയൊക്കെ ബിപി ഉൾപ്പെടെയുള്ള ജീവിതശൈലീ രോഗങ്ങൾക്കുള്ള സാധ്യത കൂട്ടും. ഗർഭിണികളും പ്രമേഹം പോലെ മറ്റ് രോഗങ്ങളുള്ളവരും ബിപി കൂടാനുള്ള സാധ്യതയെ ജാഗ്രതയോടെ കാണണം. വീട്ടമ്മമാരാണ് അമിത ബിപി സാധ്യതയുള്ള മറ്റൊരു കൂട്ടർ. വീട്ടുജോലികൾക്കിടയിൽ വ്യായാമം ചെയ്യാൻ വിട്ടുപോവുകയും ഭക്ഷണരീതി ആരോഗ്യകരമല്ലാതെ വരുകയും ചെയ്യാം. മേൽപറഞ്ഞ കൂട്ടരെല്ലാം നിർബന്ധമായും നിശ്ചിത ഇടവേളകളിൽ ബിപി പരിശോധിക്കുകയും ഒരു ഡോക്‌ടറുടെ മേൽനോട്ടത്തോടെ ആവശ്യമായ ജീവിതശൈലീ തിരുത്തലുകൾ വരുത്തുകയും വേണം. മരുന്ന് വേണമെങ്കിൽ അതും കഴിക്കണം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments