സിപിഎം നയസമീപനത്തിൽ വലത്തേക്ക് ചായുന്ന കാര്യമായ മാറ്റം ഉണ്ടാകുന്നു. ന്യുനപക്ഷ അനുകൂല സമീപനം അവസാനിപ്പിച്ച് ഭൂരിപക്ഷ ലൈൻ പിടിക്കാനാണ് സിപിഎം ശ്രമിക്കുക. കേരളത്തിൽ ഉയർന്നുവരുന്ന സിപിഎം വിരുദ്ധ വികാരം നേരിടാൻ വിമോചന സമരത്തെ ഓർമ്മപ്പെടുത്തി പ്രചരണം നടത്താനും നീക്കമുണ്ട്.
മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം കൈവിട്ട് പോയതോടെ ഇനി ഈ കളികൊണ്ട് കാര്യമില്ലെന്നാണ് സിപിഎം കണ്ടെത്തൽ. മുസ്ലിം ലീഗിനെ ഒപ്പം പിടിച്ച് ന്യുനപക്ഷ വോട്ടുകൾ ഉറപ്പിക്കാനും സിപിഎം ഇടയ്ക്ക് ശ്രമം നടത്തിയിരുന്നു. എന്നാൽ ലീഗ് യുഡിഎഫിൽ ഉറച്ച് നിന്നതോടെ ഈ നീക്കം പാടെ പൊളിഞ്ഞു. ഇനി ലീഗുമായി കൂട്ട് വേണ്ടെന്നും എന്നാൽ ലീഗിനുള്ള മേൽക്കൈ തകർക്കാനുമാണ് സിപിഎം ശ്രമിക്കുക. ഇതിനുള്ള പ്രചരണ പരിപാടികൾ സിപിഎം നടത്തും. ലീഗ് ന്യുനപക്ഷ വിരുദ്ധരുമായി കൂട്ടുചേരുന്നു എന്ന പ്രചരണവും സിപിഎം നടത്തും.
പൗരത്വ നിയമ ഭേദഗതിക്കെതിരെ മുഖ്യൻ ആഞ്ഞടിച്ചെങ്കിലും അത് തെരഞ്ഞെടുപ്പിൽ വലിയ ഗുണം ചെയ്യാത്തതും, ഭൂരിപക്ഷ വോട്ടുകൾ സിപിഎമ്മിനെ വിട്ട് പോയതും ദോഷമായെന്നാണ് വിലയിരുത്തൽ. 2019 ലെ ശബരിമല സംഭവം സിപിഎമ്മിന് രാഷ്ട്രീയ മണ്ഡലത്തിൽ വലിയ ക്ഷീണമാണ് ഉണ്ടാക്കിയത്. ഇതിനൊപ്പം ന്യുനപക്ഷ അനുകൂല സമീപനം കൂടി ആയതോടെ പരമ്പരാഗത ഭൂരിപക്ഷ വോട്ടുകൾ ഉൾപ്പെടെ ചോർന്നെന്നും വിലയിരുത്തലുണ്ട്.
അതേസമയം എസ്ഡിപിഐ ജമാ അത്തെ ഇസ്‌ലാമി പോലെയുള്ള സംഘടനകൾ ന്യുനപക്ഷങ്ങളെ വർഗീയമായി ധ്രുവീകരിക്കാൻ ശ്രമിക്കുന്നു എന്നും സിപിഎം കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എസ്ഡിപിഐ പിന്തുണയിൽ സിപിഎം പഞ്ചായത്തുകൾ ഭരിക്കുന്ന വാർത്തകളും പുറത്തുവന്നിരുന്നു.
നിലവിൽ സിപിഎം നേരിടുന്ന സംഘപരിവാർ ചായ്‌വ് ആരോപണം കൂടിയാകുമ്പോൾ ഇനി സ്വീകരിക്കുന്ന ഭൂരിപക്ഷ ലൈൻ എങ്ങനെ പ്രതിഭലിക്കുമെന്നതിലാണ് സംശയം. സാമൂഹിക മാധ്യമങ്ങൾ ശക്തമായ ആധുനിക കാലത്ത് വിമോചന സമരമെന്നും അമേരിക്കൻ ചാര സംഘടന കമ്മ്യൂണിസത്തെ തകർക്കാൻ ശ്രമിക്കുന്ന ഗൂഢാലോചന എന്നൊക്കെ പറഞ്ഞ് സിദ്ധാന്തം ഇറക്കിയാൽ രാഷ്ട്രീയ കേരളത്തിൽ എത്രത്തോളം വിലപ്പോകുമെന്നും കണ്ടറിയണം.