ബോധമനസ്സ്, അബോധമനസ്സ് തുടങ്ങിയ ഫ്രോയിഡിയൻ മാനസികാപഗ്രഥനത്തിൻ്റെ പ്രചാരകാലത്ത് വലിയ വിപ്ലവം ഉണ്ടാക്കിയ ചികിത്സാരീതിയാണ് കൊഗ്‌നിറ്റീവ് തെറപ്പി. രോഗികളുടെ ദൈനംദിന ജീവിതത്തിൻ്റെ ആഴങ്ങൾ വിശകലനം ചെയ്‌ത് സാഹചര്യങ്ങളുമായി ചേർത്ത് ചികിത്സിക്കുന്ന രീതിയാണിത്. 1950 കളിൽ ഡോ. ആൽബർട്ട് എല്ലിസ് തുടക്കമിട്ടെങ്കിലും, 1970 കളിൽ യുക്‌തി സഹായകമായ തെറപ്പി’ എന്ന മട്ടിൽ ലോകമെങ്ങും പ്രചാരം നേടി. ആ കാലത്ത് തന്നെയാണ് പെരുമാറ്റ പ്രശ്‌നങ്ങൾ പരിഷ്‌കരിച്ച് ചികിത്സ തേടുന്ന ബിഹേവിയറൽ തെറപ്പിയും രൂപപ്പെട്ടത്. പിന്നീട് ഇവ രണ്ടും ചേർന്ന് കോഗ്‌നിറ്റീവ് ബിഹേവിയറൽ തെറപ്പിയും ഉണ്ടായി.
ബിഹേവിയറൽ സൈക്കോതെറപ്പി. കോഗ്‌നിറ്റീവ് സൈക്കോളജിയിൽ നിന്നുള്ള സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നുണ്ടെങ്കിലും പെരുമാറ്റം, മാനസികനില, സാഹചര്യങ്ങൾ, പ്രതികരണം എന്നിവ വിലയിരുത്തി ചില അളവുകോലുകളും മാനദണ്ഡങ്ങളും സ്വീകരിക്കുന്നു. പൊതുവെ ഇവ രണ്ടും പെരുമാറ്റ ചികിത്സ എന്ന് പറയാമെങ്കിലും ബിഹേവിയറൽ തെറപ്പി ഇപ്പോൾ വ്യക്‌തിത്വ വൈകല്യങ്ങൾ തിരുത്തുന്നതിൽ ഊന്നുമ്പോൾ വ്യക്‌തിയുടെ ആന്തരിക പ്രവർത്തനങ്ങളെ വിലിയിരുത്തി സാമൂഹ്യവും വ്യക്‌തിപരവുമായ ധാരണകൾ ചിന്തകൾ, പെരുമാറ്റങ്ങൾ, പ്രശ്നങ്ങൾ എന്നിവയ്ക്കാണ് കൊഗ്‌നിറ്റീവ് തെറപ്പി പ്രാധാന്യം നൽകുന്നത്. സങ്കീർണമായ മാനസിക പ്രശ്‌ങ്ങളെ, ചെറുപ്രശ്‌നങ്ങളായി തിരിച്ച് വിലയിരുത്തി പൊസിറ്റീവ് ചിന്തയിലേക്ക് തിരിച്ച് വിടുകയാണ് കൊഗ്‌നിറ്റീവ് തെറപ്പി ചെയ്യുന്നത്. ഉദാഹരണം പറഞ്ഞാൽ തിരക്കുള്ള റോഡിൽ വച്ച് നമുക്കറിയാവുന്ന ഒരാൾ നമ്മളോട് ചിരിച്ചില്ലെങ്കിൽ അത് എന്നോട് ഇഷ്‌ടമില്ലാത്തത് കൊണ്ടാണ് എന്നു കരുതി വിഷമിക്കാനും ഒടുവിൽ പെരുമാറ്റപ്രശ്‌നങ്ങളും വിഷാദരോഗവുമായി മാറാം. എന്നാൽ അയാൾ നമ്മളെ കാണാത്തതുകൊണ്ടാകാം എന്ന് സമാധാനിച്ചാൽ പ്രശ്നം മാറും. ഇതാണ് കൊഗ്‌നിറ്റീവ് തെറപ്പി ചെയ്യുന്നതെന്ന് പറയാം.