ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ 58 റൺസിന് ന്യൂസിലൻഡിനെതിരെ ദയനീയ തോൽവി ഏറ്റുവാങ്ങിയതിനെ പിന്നാലെ മത്സരഫലത്തെ കുറിച്ച് വിശദീകരണവുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍. “ഞങ്ങൾ ഞങ്ങളുടെ മികച്ച ക്രിക്കറ്റ് കളിച്ചിട്ടില്ല. എന്നാൽ അവർ കളിച്ചു. മുന്നോട്ട് പോകുമ്പോൾ, ഓരോ കളിയും പ്രധാനമാണെന്നും അത് വളരെ ഗൗരവത്തോടെയാണ് കാണേണ്ടതുണ്ടെന്നും ഹര്‍മന്‍പ്രീത് കൗര്‍ പറഞ്ഞു.
ഞങ്ങൾക്ക് അവസരങ്ങൾ സൃഷ്ടിക്കാനായി പക്ഷേ അത് പ്രയോജനപ്പെടുത്താൻ കഴിഞ്ഞില്ല. അവർ ഞങ്ങളെക്കാൾ മികച്ച ക്രിക്കറ്റ് കളിച്ചു, അതിൽ സംശയമില്ലെന്ന് പത്രസമ്മേളനത്തിൽ പ്രതികരിച്ചു. ഞങ്ങള്‍ പലതവണ 160-170 സ്‌കോറുകള്‍ പിന്തുടര്‍ന്നിട്ടുള്ളതാണ്. ഇത്തവണയും അത് ബോർഡിൽ പ്രതീക്ഷിച്ചു. എന്നാൽ ദുബായിലെ പിച്ചില്‍ അത് സാധിച്ചില്ല. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായത് തങ്ങളുടെ മുന്നേറ്റത്തെ തടസ്സപ്പെടുത്തിയെന്നും ഇതായിരുന്നില്ല തങ്ങൾ പ്രതീക്ഷിച്ച തുടക്കമെന്നും ഹർമൻപ്രീത് പ്രതികരിച്ചു.
പടുകൂറ്റൻ തോൽവിയും ഏറ്റുവാങ്ങി ഇന്ത്യ റൺറേറ്റിലും പുറകിലോട്ട് സഞ്ചരിച്ചു. ഇന്ത്യക്ക് -2.900 റണ്‍റേറ്റാണ്. ഗ്രൂപ്പ് എ യിൽ ഇപ്പോൾ അഞ്ചാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. ന്യൂസിലന്‍ഡ് ഒന്നാമതും. പാകിസ്ഥാന്‍ രണ്ടാം സ്ഥാനത്തും. നാളെ പാകിസ്ഥാനെതിരെ ഇന്ത്യ മത്സരിക്കും.