ചെന്നൈ: പി വി അൻവർ എംഎൽഎ ഡിഎംകെ മുന്നണിയിലേക്കെന്ന് സൂചന. അൻവർ ഡിഎംകെ നേതാക്കളുമായി ചെന്നൈയിൽ കൂടിക്കാഴ്ച നടത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. നാളെ അൻവർ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഒക്റ്റോബർ 6 വൈകുന്നേരം 5 മണിക്ക് മഞ്ചേരിയിൽ നയവിശദീകരണ യോഗം ഉണ്ടാകുമെന്ന് അൻവർ പ്രഖ്യാപിച്ചിരുന്നു.
പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് പി വി അൻവർ ഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്. ഇക്കാര്യത്തിലെ നയ സമീപനം എന്താകുമെന്ന് അദ്ദേഹം നാളെയാകും പ്രഖ്യാപിക്കുക. ഒരു മതേതര പാർട്ടിയായിരിക്കും പുതിയ പാർട്ടി എന്ന് പി വി അൻവർ പറഞ്ഞിരുന്നു.
അതേസമയം പുതിയ പാർട്ടി രൂപീകരിച്ചാൽ കൂറുമാറ്റ നിരോധന നിയമ പ്രകാരം അൻവറിന് എംഎൽഎ സ്ഥാനം നഷ്ടമാകുമോ എന്നതും പ്രസക്തമാണ്. ഏതെങ്കിലും എംഎൽഎ ഇത് സംബന്ധിച്ച് സ്പീക്കറിന് പരാതി നൽകിയത് സ്പീക്കർ പരിശോധിച്ച് നടപടി സ്വീകരിക്കണം. അൻവറിന് നൽകാനുള്ള വിശദീകരണം കൂടി കണക്കിലെടുത്താകും നടപടി വേണോ വേണ്ടയോ എന്ന് തീരുമാനിക്കുക. പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമ്പോള്‍ അന്‍വറിന് മുന്‍പിലുള്ള നിയമപരമായ വെല്ലുവിളിയിതാണ്.
ഒരാള്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായല്ലാതെ തിരഞ്ഞെടുക്കപ്പെടുകയും തിരഞ്ഞെടുപ്പിന് ശേഷം ഏതെങ്കിലും പാര്‍ട്ടിയില്‍ ചേരുകയും ചെയ്താല്‍ അയാള്‍ക്ക് സഭാംഗമായി തുടരാനുള്ള യോഗ്യത നഷ്ടപ്പെടുമെന്ന് ഭരണഘടനയുടെ പത്താം ഷെഡ്യൂളിൽ വ്യക്തമാക്കുന്നുണ്ട്. നിയമസഭ, പാര്‍ലമെന്‍റ് അംഗങ്ങൾക്ക് കൂറുമാറ്റ നിരോധന നിയമം ബാധകമാണ്.