തിരുവനന്തപുരം: ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവ മുന്നൊരുക്കങ്ങളുടെ അവലോകന യോഗത്തിൽ നിന്ന് വിവാദ എഡിജിപി അജിത് കുമാറിനെ ഒഴിവാക്കി. തൃശൂർ പൂരം അലങ്കോലമാക്കിയതിൽ ആരോപണ വിധേയനായ സാഹചര്യത്തിലാണ് നടപടി. ഡിജിപി മുഖ്യമന്ത്രിക്ക് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലും അജിത് കുമാറിന് വീഴ്ച പറ്റിയെന്ന് കണ്ടെത്തൽ ഉണ്ടായിരുന്നു. പ്രശ്‌ന ബാധിത പ്രദേശത്ത് നിന്ന് ഒളിച്ചോടിയ ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് വീഴ്ച പറ്റി എന്നായിരുന്നു കണ്ടെത്തൽ.
അതേസമയം ഇന്നത്തെ യോഗത്തില്‍ ശബരിമലയില്‍ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ്ങ് മാത്രം അനുവദിക്കാനും തീരുമാനാമായിട്ടുണ്ട്. ഒരു ദിവസം പരമാവധി 80,000 പേര്‍ക്ക് ദര്‍ശന സൗകര്യം ഒരുക്കാനുമാണ് തീരുമാനം. വെര്‍ച്ച്വല്‍ ക്യൂ ബുക്കിങ്ങ് സമയത്ത് തന്നെ പോകേണ്ടുന്ന വഴി തെരഞ്ഞെടുക്കാനുള്ള അവസരവുമുണ്ട്. തീർത്ഥാടകര്‍ക്ക് തിരക്ക് കുറഞ്ഞ പാത തെരഞ്ഞെടുക്കാൻ ഇത് സഹായകമാകും എന്നാണ് കരുതുന്നത്. കാനന പാതയില്‍ ഭക്തര്‍ക്ക് ആവശ്യമായ സൗകര്യ ഒരുക്കാനും യോഗം നിശ്ചയിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തില്‍ നിന്നാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപിയെ ഒഴിവാക്കിയത്. പകരം ഡിജിപിയും ഇൻ്റലിജന്‍സ് ഹെഡ് ക്വാട്ടേഴ്‌സ് എഡിജിപിമാരുമാണ് യോഗത്തില്‍ പങ്കെടുത്തത്. എൽഡിഎഫ് ഘടക കക്ഷിയായ സിപിഐയും പ്രതിപക്ഷവും ഉൾപ്പെടെ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റണമെന്ന് നിരന്തരമായി ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി വഴങ്ങിയിരുന്നില്ല. ഡിജിപിയുടെ റിപ്പോർട്ടിൽ കൂടി വീഴ്ച ചൂണ്ടിക്കാട്ടിയതോടെ മറ്റ് വഴിയില്ലാതെയാണ് ഇപ്പോഴത്തെ നീക്കം. ഇത് അജിത് കുമാറിന് സ്ഥാന ചലനം ഉണ്ടാകുന്നതിന് മുന്നോടിയാണോ ഈ മാറ്റിനിർത്തൽ നടപടി എന്നും ചർച്ചകളുണ്ട്.
പ്രതിപക്ഷവും പി വി അന്‍വർ എംഎൽഎയും അജിത് കുമാറിൻ്റെ ശബരിമലയിലെ ഇടപെടലില്‍ വിമര്‍ശനം ഉന്നയിക്കുകയും അജിത് കുമാറിനെതിരെ ഇൻ്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവരികയും ചെയ്തിരുന്നു. ഇതെല്ലാം നിലനില്‍ക്കുന്നതിനിടെ അജിത് കുമാറിനെ ശബരിമല അവലോകന യോഗത്തില്‍ നിന്ന് മാറ്റിനിര്‍ത്തിയത് ഏറെ നിര്‍ണായകമാണ്.
ശബരിമലയിൽ 2019 ലുണ്ടായ സമരവും മറ്റ് സംഭവ വികാസങ്ങളും തൊട്ടടുത്ത തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിരുന്നു. തൃശൂർ പൂരം കലക്കിയതും കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വലിയ ക്ഷീണമാണ് ഉണ്ടാക്കിയത്. ഇതും തെരഞ്ഞെടുപ്പുകളിൽ വ്യക്തമായ പ്രതിഫലനം ഉണ്ടായിരുന്നു. ബിജെപിക്ക് തൃശൂർ സീറ്റ് നൽകാൻ വേണ്ടിയാണ് പൂരം കലക്കിയത് എന്നും ആരോപണം ഉയർന്നിരുന്നു. അതിനിടെയാണ് മുസ്ലിം വിഭാഗത്തെയും അപകീർത്തിപ്പെടുത്തുന്ന തരത്തിൽ മുഖ്യമന്ത്രിയുടെ പ്രസ്താവന ദി ഹിന്ദുവിൽ വരുന്നത്. ഇത് പിണറായി വിജയൻ തള്ളിയെങ്കിലും മുഖ്യമന്ത്രിയുടെ അറിവില്ലാതെ ഒരു പിആർ ഏജൻസിക്ക് അഭിമുഖ വേളയിൽ പങ്കെടുക്കാനും വിവരങ്ങൾ നൽകാനും എങ്ങനെ സാധിക്കുമെന്നതും ചോദ്യമായി അവശേഷിക്കുകയാണ്. മുഖ്യമന്ത്രി അറിയാതെ വിവാദ അഭിമുഖ ഭാഗം പിആർ ഏജൻസി തിരുകി കയറ്റിയതാണെങ്കിൽ തന്നെ അതിൽ വ്യക്തത വരുത്താനോ ഏജൻസിക്ക് എതിരെ നടപടി എടുക്കാനോ മുഖ്യമന്ത്രി ഒരുക്കമല്ല എന്നത് സംഭവത്തിൻ്റെ ദുരൂഹത വർധിപ്പിക്കുന്നു.
.