സിപിഎം സംസ്ഥാന സമിതിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ ചോദ്യം ചെയ്ത് എംവി ജയരാജൻ. പിആർ ഏജൻസിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കൃത്യമായ വിശദീകരണം നൽകാൻ കഴിയാതിരുന്ന സാഹചര്യത്തിലാണ് മുഖ്യനെതിരെ എംവി ജയരാജൻ ചോദ്യങ്ങൾ ഉയർത്തിയത്. ജനങ്ങൾക്ക് ഇടയിൽ പിണറായിയുടെ വിശ്വാസ്യത തകരുന്നതിനൊപ്പം പാർട്ടി നേതാക്കൾക്കിടയിലും ഇത് ഇല്ലാതെയാകുന്നുവെന്ന സൂചനയാണ് എംവി ജയരാജൻ മുഖ്യനെ ചോദ്യം ചെയ്ത വാർത്തകൾ പുറത്ത് വരുന്നതോടെ വ്യക്തമാകുന്നത്.
മുഖ്യൻ്റെ അഭിമുഖത്തിൽ മുസ്ലിം വിരുദ്ധ പരാമർശം എങ്ങനെ വന്നു? മുഖ്യമന്ത്രിയുടെ അറിവോടെയാണോ ഇത്? അല്ലെങ്കിൽ ദി ഹിന്ദുവും മുഖ്യനുമായുള്ള അഭിമുഖ വേളയിൽ എങ്ങനെ കൈസൺ പ്രതിനിധികൾ പങ്കെടുത്തു? തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്താൻ പിണറായി വിജയനായിട്ടില്ല. മാധ്യമങ്ങൾക്ക് മുൻപിൽ ഉത്തരമില്ലാതെ ചിരിച്ച് കാണിച്ച പോലെ സിപിഎം സംസ്ഥാന കമ്മിറ്റിയിലും മെഴുകാൻ തുടങ്ങിയതോടെയാണോ ഗതികെട്ട നേതാക്കൾ ചോദ്യം ചോദിച്ചത് എന്നതിൽ വ്യക്തതയില്ല.
അതേസമയം മുഖ്യൻ മലപ്പുറത്തെയും ഒരു മതവിഭാഗത്തെയും സംശയത്തിൻ്റെ നിഴലിൽ നിർത്തുന്ന തരത്തിലുള്ള അഭിമുഖ ഭാഗങ്ങൾ മുഖ്യമന്ത്രി വീണ്ടും ആവർത്തിച്ചിരുന്നു. മലപ്പുറത്ത് നിന്നാണ് ഏറ്റവുമധികം ഹവാല പണവും കള്ളക്കടത്ത് സ്വർണ്ണവും പിടിക്കുന്നതെന്നാണ് മുഖ്യൻ ആവർത്തിച്ചത്. എന്നാൽ ഇതിൻ്റെ തെളിവുകൾ പുറത്തുവിടാൻ അദ്ദേഹത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പ്രതിപക്ഷവും അൻവറും ഉയർത്തിയ മുഖ്യൻ്റെ അവിശുദ്ധ ആർഎസ്എസ് സഖ്യം ഇതോടെ മറനീക്കി പുറത്തുവരികയാണ് എന്നും വിമർശനം ഉയർന്നിരുന്നു.
മുതിർന്ന സിപിഎം നേതാക്കൾക്കോ, സിപിഎം സംസ്ഥാന സമിതി അംഗങ്ങൾക്കോ, എംഎൽഎമാർക്കോ പോലും മുഖ്യനെ നേരിട്ട് കാണാൻ അപ്പോയിൻറ്മെൻറ്റ് കിട്ടാൻ ബുദ്ധിമുട്ടുള്ള സാഹചര്യത്തിലാണ് പിആർ ഏജൻസിയുടെ പ്രതിനിധികൾ മുഖ്യനൊപ്പം അഭിമുഖ വേളയിൽ പങ്കെടുത്ത്. ഇത് തനിക്കറിയില്ലെന്ന പിണറായിയുടെ ന്യായീകരണം വിശ്വസിക്കാൻ പാർട്ടി നേതാക്കൾക്ക് പോലും സാധിക്കുന്നില്ലെന്നതിൻ്റെ സൂചനയാണ് സംസ്ഥാന സമിതിയിൽ മുഖ്യനെതിരെ ചോദ്യങ്ങൾ ഉയർന്നെന്ന് പുറത്തുവന്ന വാർത്തകൾ വ്യക്തമാക്കുന്നത്.
കേരളത്തിലെ മാധ്യമ പ്രവർത്തകരെ സമ്മേളന ഹാളിൽ നിന്നും ആട്ടി പുറത്താക്കിയ മുഖ്യമന്ത്രിയാണ് പിആർ ഏജൻസി മുഖേന ദേശീയ മാധ്യമത്തിൽ അഭിമുഖം വരുത്താൻ ശ്രമിക്കുന്നതെന്നതും വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ വിശ്വാസ്യത പാർട്ടിയിലും പൊതുജനത്തിനുമിടയിൽ നഷ്ടമാകുന്നുവെന്ന സൂചനയാണ് പുതിയ സംഭവവികാസങ്ങൾ നൽകുന്നത്.
തൃശൂർ പൂരം കലക്കിയതും സ്വർണ്ണ കള്ളക്കടത്തുമായും മുഖ്യൻ്റെ അടുപ്പക്കാരായ എഡിജിപി അജിത് കുമാറിനും, പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കും പങ്കുണ്ടെന്ന് അൻവർ എംഎൽഎ ആരോപണം ഉന്നയിച്ചിരുന്നു. മലപ്പുറത്തെ ഇന്ത്യയിലെ തന്നെ ഏറ്റവുമധികം ക്രൈം റേറ്റുള്ള ജില്ലയാക്കി മാറ്റാൻ പൊലീസിലെ ഉന്നതർ ശ്രമിക്കുന്നുവെന്നും അൻവർ ആരോപണം ഉയർത്തിയിരുന്നു. എന്നാൽ ആർഎസ്എസ് നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നടക്കം ആരോപണങ്ങൾ നേരിട്ട എഡിജിപി അജിത് കുമാറിനെ എന്ത് വിലകൊടുത്തും സംരക്ഷിക്കുമെന്ന സമീപനമായിരുന്നു മുഖ്യൻ സ്വീകരിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി തന്നെ മലപ്പുറം ജില്ലയിലെ വഴിവിട്ട ഇടപാടുകൾ രാജ്യവിരുദ്ധ പ്രവർത്തനത്തിന് ഉപയോഗിക്കുന്നു എന്ന് കൂടി ദി ഹിന്ദുവിലെ അഭിമുഖത്തിൽ പറഞ്ഞു വയ്ക്കുന്നത്. മുഖ്യമന്ത്രി നടപ്പാക്കുന്നത് പച്ചയായ ആർഎസ്എസ് അജണ്ടയാണെന്ന് പ്രതിപക്ഷവും വിമർശനം ഉന്നയിച്ചിരുന്നു. അജിത് കുമാറിനെ സംരക്ഷിക്കുന്ന ഘട്ടത്തിൽ തന്നെ എൽഡിഎഫ് ഘടക കഷികളുടെയും സിപിഎമ്മിലെ മുതിർന്ന നേതാക്കളുടെയും പിന്തുണ പിണറായിക്ക് നഷ്ടമായിരുന്നു. സിപിഎമ്മിൽ നിന്ന് മുഹമ്മദ് റിയാസ് അല്ലാതെ നേതാക്കളാരും മുഖ്യനെ പിന്തുണച്ച് രംഗത്ത്എത്തിയില്ലെന്നതും ശ്രദ്ധേയമാണ്. പിന്നാലെയാണ് സംസ്ഥാന സമിതിയിൽ തന്നെ പിണറായിക്കെതിരെ ചോദ്യങ്ങൾ ഉയരുന്നത്.