Cinema

ജോജു ജോർജിന്റെ ‘പണി’ വരുന്നുണ്ട്

മലയാളികളും അന്യഭാഷാ പ്രേക്ഷകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജോജു ജോർജിന്റെ ‘പണി’ സിനിമയുടെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ജോജു ജോർജ് ആദ്യമായി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണിത്.ഒക്ടോബർ 24ന് സിനിമ തിയേറ്ററുകളിൽ എത്തും. മലയാളത്തിനു പുറമേ, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തും.

നേരത്തെ റിലീസ് ചെയ്ത പോസ്റ്ററും “ഗിരി ആൻഡ് ഗൗരി ഫ്രം പണി” എന്ന ക്യാപ്ഷനിൽ എത്തിയ നായികാനായകന്മാരുടെ ചിത്രങ്ങളും “മറന്നാടു പുള്ളേ…” എന്ന ഗാനവും സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ചിത്രത്തിൽ ജോജുവിന്റെ നായികയായി അഭിനയിക്കുന്നത്, യഥാർഥ ജീവിതത്തിൽ സംസാരശേഷിയും കേൾവിയും ഇല്ലാത്ത പെൺകുട്ടിയാണ്.

10 വർഷങ്ങൾക്ക് ശേഷം മലയാളത്തിൽ തിരിച്ചെത്തുന്ന ഈ നടി, തന്റെ വ്യത്യസ്തമായ കഴിവുകളിലൂടെ ചലച്ചിത്രപ്രേമികളുടെ ശ്രദ്ധ പിടിച്ചു പറ്റിയ ആളാണ്. സാഗർ, ജുനൈസ്, ഗായിക അഭയ ഹിരൺമയി, പ്രശാന്ത് അലക്സ്, സുജിത് ശങ്കർ തുടങ്ങിയവർക്കൊപ്പം അറുപതോളം പുതിയ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു.

വൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന സിനിമയുടെ ഷൂട്ടിംഗ് 110 ദിവസത്തോളം നീണ്ടു. മാസ്സ്, ത്രില്ലർ, റിവഞ്ച് ജോണറുകളിലുള്ള ചിത്രം ജോജുവിന്റെ തന്നെ പ്രൊഡക്ഷൻ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസും, എഡി സ്റ്റുഡിയോസും, ശ്രീ ഗോകുലം മൂവീസും ചേർന്ന് നിർമ്മിച്ചിരിക്കുന്നത്.

ചിത്രത്തിന് സംഗീതം അവതരിപ്പിച്ചിരിക്കുന്നത് വിഷ്ണു വിജയ്, സാം സി എസ് എന്നിവരാണ്. വേണു ISC ക്യാമറയും മനു ആന്റണി എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. പ്രശസ്ത ടെക്നീഷ്യന്മാരുടെ കൂട്ടായ്മയിൽ നിർമ്മിതമായ ‘പണി’ ഇന്ത്യൻ സിനിമാസ്വാദകരുടെ ശ്രദ്ധ പിടിച്ചുപറ്റും എന്ന് ഉറപ്പാണ്.

Leave a Reply

Your email address will not be published. Required fields are marked *