News

പിണറായിയുടെ ധൂർത്തുകളും 6 ലക്ഷം കോടി കടബാധ്യതയും: മലയാളം മീഡിയ ലൈവ് പരമ്പര ആരംഭിക്കുന്നു – Ep1

കേരളം എങ്ങനെ കടക്കെണിയിലായി? സംസ്ഥാനത്തിന്റെ കടബാധ്യത 6 ലക്ഷം കോടിയിലേക്ക് ഉയർന്നതിന്റെ കാരണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് സർക്കാരിന്റെ ധൂർത്ത് തന്നെ. എന്റെ തല, എന്റെ ഫുൾ ഫിഗർ എന്ന ശൈലിയാണ് 2016 ൽ അധികാരം കിട്ടിയതു മുതൽ പിണറായി ചെയ്യുന്നത്.

പരസ്യം നൽകിയത് മാത്രം 3.63 കോടി. 2016 ൽ സർക്കാർ ചുമതല ഏൽക്കുന്നതുമായി ബന്ധപ്പെട്ട കേരളത്തിലും പുറത്തും ഉള്ള അച്ചടി ദൃശ്യമാധ്യമങ്ങൾക്ക് പരസ്യം നൽകിയത് 3.63 കോടിക്ക്. അച്ചടി മാധ്യമങ്ങൾക്ക് 2.52 കോടിയും ദൃശ്യമാധ്യമങ്ങൾക്ക് 1.03 കോടിയും ആണ് നൽകിയത്. സർക്കാർ ചുമതല ഏൽക്കുന്നതിന് മുൻപ് ആര് പറഞ്ഞിട്ട് പരസ്യം കൊടുത്തു എന്ന് ചോദ്യം ഉയരാം. ഇത് സംബന്ധിച്ച് നിയമസഭയിൽ ചോദ്യവും വന്നിരുന്നു.

ചീഫ് സെക്രട്ടറിയുടെ അനുമതിയോടെയാണ് പരസ്യം നൽകിയതെന്നാണ് മുഖ്യമന്ത്രിയുടെ നിയമസഭ മറുപടി. കേരള സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള പ്രതിഛായ സംബന്ധിച്ച് ഇതരസംസ്ഥാനങ്ങളിലെ ജനങ്ങളിലും അവിടുത്തെ മലയാളികളിലും അവബോധം സൃഷ്ടിക്കാനും അതുവഴി സംസ്ഥാനത്തിന് നേട്ടങ്ങൾ ഉണ്ടാക്കാനുമാണ് കേരളത്തിന് വെളിയിൽ പരസ്യം നൽകിയതെന്നാണ് മുഖ്യമന്ത്രിയുടെ മറ്റൊരു ന്യായീകരണം.

Assembly Question about Media Advertisement Kerala Government

തുടക്കം തന്നെ കോടികൾ ചെലവഴിച്ച് തുടങ്ങിയ മുഖ്യമന്ത്രി ഈ വാർഷികം ആഘോഷിക്കുമ്പോൾ 15 കോടിയുടെ സ്വന്തം ഹോർഡിംഗുകളാണ് കേരളം ഒട്ടാകെ വയ്ക്കുന്നത്. 6 ലക്ഷം കോടി കടബാധ്യതയിലേക്ക് നയിച്ച സർക്കാരിന്റെ ധൂർത്തുകളെ കുറിച്ച് മലയാളം മീഡിയ ലൈവ് പരമ്പര ആരംഭിക്കുകയാണ്. ജനങ്ങളുടെ നികുതി പണം ഇങ്ങനെ ധൂർത്തടിക്കാമോ എന്ന ചോദ്യത്തിന് ഉത്തരം തേടിയാണ് മലയാളം മീഡിയ ലൈവ് യാത്ര.