ബിപി കൂടിയാലുള്ള ഏറ്റവും പ്രധാന അപകടമാണ് സ്ട്രോക്ക്. ബിപി കൂടുമ്പോൾ രക്‌തക്കുഴലുകളുടെ ഭിത്തിയിൽ അനുഭവപ്പെടുന്ന മർദം വർധിക്കുകയും രക്തക്കുഴലുകൾ വല്ലാതെ വലിയുകയും ചെയ്യുന്നു. ഇതു രക്തക്കുഴലുകളുടെ ഭിത്തിയിൽ ചെറിയ കീറലുകളുണ്ടാക്കും അതു വടുക്കളാകും, വടുക്കളിൽ കൊഴുപ്പുകണങ്ങളുൾപ്പെടെയുള്ള പദാർഥങ്ങൾ പറ്റിപ്പിടിച്ച് പ്ലാക്ക് അഥവാ രക്‌തക്കുഴലിനുള്ളിൽ ഒരു തടസ്സം രൂപപ്പെടും.
അങ്ങനെ രക്‌തക്കുഴലിലൂടെയുള്ള രക്‌തമൊഴുക്ക് കുറയുകയോ പൂർണമായും തടസ്സപ്പെടുകയോ ചെയ്യാം. ഇതാണ് ഇസ്കീമിക് സ്ട്രോക്ക്. ഭൂരിഭാഗം സ്ട്രോക്കും ഇങ്ങനെയാണു വരുന്നത്. അമിത ബിപി കാരണം രക്‌തധമനി പെട്ടെന്നു പൊട്ടി സംഭവിക്കുന്നതാണ് ഹെമറാജിക് സ്ട്രോക്ക്.
വളരെ കാലം ബിപി കൂടി നിൽക്കുന്നവരിൽ പലതവണ വടുക്കളുണ്ടായി രക്‌തധമനികൾ പരുപരുത്തതും ദുർബലവുമായി തീരും. അങ്ങനെയും ധമനി പൊട്ടിപ്പോകാം. തലച്ചോറിലേക്കുള്ള ചെറു രക്‌തധമനികളിലും ഇതുപോലെ പ്രശ്‌നമുണ്ടാക്കി ചെറിയ സ്ട്രോക്ക് ഉണ്ടാക്കാം. ഇതു പലപ്പോഴും അറിയാതെ പോകാറുണ്ട്. കുറേകാലം കൊണ്ട് ഇങ്ങനെ ചെറു സ്ട്രോക്കുകൾ വന്ന് മറവി ആയിട്ടോ അടുത്തൊരു വലിയ സ്ട്രോക്ക് ആയോ മാറാം.