മേഘാലയ: മേഘാലയയില്‍ വെള്ളിയാഴ്ച്ച രാത്രി മുതല്‍ തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ പത്ത് മരണം. മാത്രമല്ല, പാലങ്ങള്‍ നശിക്കുകയും മണ്ണിടിച്ചില്‍ മൂലം വീടുകള്‍ക്കും നാശം സംഭവിച്ചു. കുറച്ച് ദിവസങ്ങളായി വൈദ്യുതിയും പ്രദേശത്ത് ഇല്ലായിരുന്നു. പലയിടത്തും റോഡുകളും തകര്‍ന്നു. നിരവധി പേര്‍ക്ക് ഉരുള്‍പൊട്ടലില്‍ പരിക്കേറ്റിട്ടുണ്ട്. മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് കെ. സാങ്മ രാവിലെ വെള്ളപ്പൊക്ക സാഹചര്യം അവലോകനം ചെയ്യുകയും കേന്ദ്ര സര്‍ക്കാരില്‍ നിന്ന് സഹായം തേടുമെന്നും ദുരിതബാധിത പ്രദേശങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ദാലു – ബഗ്മാര മേഖലയിലെ റോഡ് പൂര്‍ണ്ണമായും തകര്‍ന്നു. ഗതാഗതം പുനഃസ്ഥാപിക്കുന്നതിന് ബദല്‍ റൂട്ടുകള്‍ കണ്ടെത്തുന്നതിന് അധികൃതര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി. സംസ്ഥാന ദുരന്ത നിവാരണ സേനയുടെ (എസ്ഡിആര്‍എഫ്) നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി നടക്കുകയാണ്. മൊഡോള്‍ട്ടില, ഋഷിപാറ, ഹവാഖാന, സ്വീപ്പര്‍ കോളനി, കാമിപാറ, സണ്ണി ഹില്‍സ്, മച്ചിക്കോള്‍ഗ്രെ, അകോംഗ്ഗ്രെ തുടങ്ങിയ പ്രദേശങ്ങളിലും തുറ മുനിസിപ്പല്‍ ബോര്‍ഡിന്റെയും (ടിഎംബി) സംഘങ്ങളുടെയും വിലയിരുത്തലിലുള്ള മറ്റ് പ്രദേശങ്ങളിലും വ്യാപകമായ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി (ഡിഡിഎംഎ) അറിയിച്ചു.
വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് നിര്‍ത്താതെ പെയ്ത മഴ ആരംഭിച്ചത്. ആദ്യ ദിവസം, വെസ്റ്റ് ഗാരോ ഹില്‍സ് ജില്ലയിലെ ദാലുവില്‍ മൂന്ന് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു, മറ്റ് ഏഴ് പേര്‍ സൗത്ത് ഗാരോ ഹില്‍സിലെ ഹറ്റിയാസിയ സോങ്മ ഗ്രാമത്തിലെ മണ്ണിടിച്ചിലില്‍ മണ്ണിനടിയില്‍ പെട്ടു മരണപ്പെടുകയായിരുന്നു.മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനും ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം എന്‍ഡിആര്‍എഫ് സംഘം സ്ഥലത്ത് തിരച്ചില്‍ നടത്തി രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. മേഘാലയയിലെ വെസ്റ്റ് ഗാരോ കുന്നുകളില്‍ നിന്ന് ഒഴുകുന്ന മഴവെള്ളം അസമിലെ മങ്കച്ചാറില്‍ വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യം സൃഷ്ടിച്ചതിനാല്‍ തന്നെ ഇപ്പോള്‍ നിരവധി ഗ്രാമങ്ങള്‍ വെള്ളപ്പൊക്കത്തിലാണ്.