ഇന്ത്യൻ ടീം പുതിയ ഉയരങ്ങളിലേക്ക് കുതിച്ചുയരുമ്പോൾ, ആരാണ് മികച്ച ക്യാപ്റ്റൻ എന്ന ചർച്ച എന്നത്തേയുംപോലെ ഇന്നും തുടരുകയാണ്. ടീമിലെ ഓരോ പുതിയ ക്യാപ്റ്റനെയും മുമ്പത്തെ ക്യാപ്റ്റനുമായി താരതമ്യം ചെയ്യുന്നതും, അത് പിന്നീട് വലിയ ചർച്ചയായി മാറുന്നതും ക്രിക്കറ്റ് ലോകത്തെ അപൂർവമല്ലാത്ത കാഴ്ചയാണ്.
അതേസമയം, എംഎസ് ധോണിയോ രോഹിത് ശർമ്മയോ മികച്ച ക്യാപ്റ്റൻ എന്ന് വെളിപ്പെടുത്തുകയാണ് സ്പിൻ ഇതിഹാസം ഹർഭജൻ സിംഗ്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റൻമാരാണ് എം എസ് ധോണിയും രോഹിത് ശർമയും.
വലിയ വലിയ കീരിടങ്ങൾ ഇന്ത്യയെ ചൂടിച്ചാണ് ധോണി ചരിത്രത്തിലിടം നേടിയത്. ടി-20 ലോകകപ്പ്, ഏകദിന ലോകകപ്പ്, ചാമ്പ്യൻസ് ട്രോഫി എന്നീ മൂന്ന് ഐ.സി.സി വൈറ്റ് ബോൾ കിരീടങ്ങൾ സ്വന്തമാക്കിയ ഏക ക്യാപ്റ്റനെന്ന റെക്കോഡും നിലവിൽ ധോണിക്ക് മാത്രം അവകാശപ്പെട്ടതാണ്.
അതേസമയം, രോഹിത് ശർമയാകട്ടെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടി-20 ക്യാപ്റ്റനാണ്. ഐ.സി.സി ടൂർണമെൻ്റ്കളിൽ ഏറ്റവും മികച്ച വിജയശതമാനമുള്ള ക്യാപ്റ്റൻ, 50 അന്താരാഷ്ട്ര ടി-20 മത്സരങ്ങളിൽ ടീമിനെ വിജയത്തിലേക്ക് നയിക്കുന്ന ആദ്യ ക്യാപ്റ്റൻ, ഏക ക്യാപ്റ്റൻ തുടങ്ങിയ റെക്കോഡുകളുമായാണ് രോഹിത് രണ്ടാം തവണ ടി-20 കിരീടം ഇന്ത്യയിലെത്തിച്ചത്.
“ഞാൻ ധോണിയെക്കാൾ രോഹിതിനെ തിരഞ്ഞെടുത്തത് രോഹിത് ജനങ്ങളുടെ ക്യാപ്റ്റനായതുകൊണ്ടാണ്. അവൻ ആളുകളുടെ അടുത്തേക്ക് പോയി അവർക്ക് എന്താണ് വേണ്ടതെന്ന് ചോദിക്കുന്നു. അവൻ്റെ സഹപ്രവർത്തകർ അവനുമായി നല്ല ബന്ധം പുലർത്തുന്നു. എന്നാൽ ധോണിയുടെ ശൈലി വ്യത്യസ്തമായിരുന്നു” ഹർഭജൻ സിംഗ് പറഞ്ഞു.
ധോണിയും രോഹിതും തികച്ചും വ്യത്യസ്തരായ ക്യാപ്റ്റൻമാരാണ് എം എസ് ധോണി ഒരിക്കലും ഒരു കളിക്കാരൻ്റെ അടുത്തേക്ക് പോകില്ല, നിങ്ങൾക്ക് ഏത് ഫീൽഡ് വേണമെന്ന് രോഹിത്ത് ചോദിക്കും. നിങ്ങളുടെ തെറ്റുകളിൽ നിന്ന് പഠിക്കാൻ അവൻ നിങ്ങളെ അനുവദിക്കുമെന്നും ഹർഭജൻ കൂട്ടിച്ചേർത്തു.