തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലമാക്കിയ സംഭവത്തിൽ എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ ഡിജിപിയുടെ റിപ്പോർട്ട്. ഇതോടെ അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റാതെ മറ്റ് വഴിയില്ലാതെ അവസ്ഥയിലാണ് സർക്കാർ. തൃശൂര്‍ പൂരം അലങ്കോലമായ സംഭവത്തിൽ ഡിജിപിയുടെ അന്വേഷണത്തിലെ കണ്ടെത്തലിന്മേലാണ് നടപടി വേണ്ടിവരിക. പുതിയ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ഡിജിപി മുഖ്യമന്ത്രിക്ക് കൈമാറും. ആരോപണം ഉയർന്നത് മുതൽ പിണറായി വിജയൻ അജിത് കുമാറിനെ സംരക്ഷിക്കാൻ കിണഞ്ഞു ശ്രമിക്കുന്നുണ്ടെങ്കിലും ഡിജിപിയുടെ റിപ്പോർട്ട് വരുന്നതോടെ നടപടി എടുത്തേ മതിയാവൂ എന്ന സാഹചര്യം ഉണ്ടായേക്കും.
തൃശൂർ പൂരം കലക്കിയ സംഭവത്തിൽ എഡിജിപി എംആര്‍ അജിത് കുമാറിന് വീഴ്ചയുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. പൂരം കലക്കിയ ദിവസം എ ഡജിപി തൃശൂരില്‍ ഉണ്ടായിരുന്നെന്നും പുലര്‍ച്ചെ മൂന്നരയോടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് മൂകാംബികയിലേക്ക് പോയെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ട്. മൂകാംബിക സന്ദര്‍ശനം നേരത്തെ നിശ്ചയിച്ചിരുന്നതായാണ് എഡിജിപി വിശദീകരിച്ചത്.
എഡിജിപി തൃശൂരിരിലുള്ള സാഹചര്യത്തില്‍ കാര്യങ്ങള്‍ നോക്കി നടത്തുന്നതിന് മറ്റ് ഉന്നത ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നില്ലെന്നാണ് ഡിജിപിയുടെ വാദം. സംഭവത്തിന് മൂന്ന് ദിവസം മുന്‍പ് പൂര നഗരിയിലെ നിയന്ത്രണം സംബന്ധിച്ച് ചേർന്ന ഉന്നത തലയോഗത്തിൽ എഡിജിപി പങ്കെടുത്തിരുന്നതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ഉന്നത ഉദ്യോഗസ്ഥന്‍ തന്നെ ക്രമസമാധാനം തകരുന്ന സാഹചര്യത്തിൽ പ്രശ്‌ന ബാധിത മേഖലയില്‍ നിന്ന് ഒളിച്ചോടി എന്ന നിലയിലാണ് ഡിജിപിയുടെ റിപ്പോര്‍ട്ടിലെ കണ്ടെത്തൽ. അജിത് കുമാറിന് വീഴ്ചയുണ്ടായി എന്ന് റിപ്പോർട്ടിൽ ഡിജിപി തന്നെ കണ്ടെത്തിയ സാഹചര്യത്തില്‍ എഡിജിപിയെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റേണ്ടിവരും എന്നാണ് വിലയിരുത്തൽ.