IndiaNews

കേരളത്തിൽ പേവിഷ വാക്‌സിനിൽ ആശങ്ക വേണ്ട; വിതരണം ചെയ്യുന്നത് ഗുണനിലവാരം ഉറപ്പാക്കിയതെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: കേരളത്തിലെ സർക്കാർ ആശുപത്രികൾ വഴി വിതരണം ചെയ്യുന്ന പേവിഷബാധ പ്രതിരോധ വാക്‌സിനുകളുടെ ഗുണനിലവാരം സംബന്ധിച്ച ആശങ്കകൾക്ക് വിരാമമിട്ട് കേന്ദ്ര സർക്കാർ.

കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ (KMSCL) സംഭരിക്കുന്ന എല്ലാ വാക്‌സിനുകളും കേന്ദ്ര ഡ്രഗ്സ് ലബോറട്ടറിയിൽ പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കിയവയാണെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ജഗത് പ്രകാശ് നദ്ദ ലോക്‌സഭയെ അറിയിച്ചു.

ഡീൻ കുര്യാക്കോസ് എംപി ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 2016-17 മുതൽ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ സംഭരിച്ച് വിതരണം ചെയ്യുന്ന പേവിഷബാധ വാക്‌സിനുകളുടെയും ഇമ്മ്യൂണോഗ്ലോബുലിനുകളുടെയും ഓരോ ബാച്ചും ഹിമാചൽ പ്രദേശിലെ കസൗളിയിലുള്ള സെൻട്രൽ ഡ്രഗ്സ് ലബോറട്ടറിയിൽ (CDL) നിന്ന് ബാച്ച് റിലീസ് സർട്ടിഫിക്കറ്റ് നേടിയവയാണെന്ന് കെഎംഎസ്‌സിഎൽ അറിയിച്ചതായി മന്ത്രി വ്യക്തമാക്കി. സിഡിഎൽ സർട്ടിഫിക്കറ്റ് ഇല്ലാത്ത ഒരു ബാച്ച് വാക്‌സിൻ പോലും കെഎംഎസ്‌സിഎൽ സംഭരിക്കുകയോ വിതരണം ചെയ്യുകയോ ചെയ്തിട്ടില്ലെന്നും മറുപടിയിൽ പറയുന്നു.

കർശനമായ ഗുണനിലവാര പരിശോധന

രാജ്യത്ത് നിർമ്മിക്കുകയോ ഇറക്കുമതി ചെയ്യുകയോ ചെയ്യുന്ന വാക്‌സിനുകൾക്ക് കർശനമായ ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. ഓരോ ബാച്ച് വാക്‌സിനും വിപണിയിൽ എത്തുന്നതിന് മുൻപ് സെൻട്രൽ ഡ്രഗ്സ് ലബോറട്ടറിയുടെ അനുമതി നിർബന്ധമാണ്.

ഇതുകൂടാതെ, ഇന്ത്യൻ ഫാർമക്കോപ്പിയയിലെ മാനദണ്ഡങ്ങൾ പാലിക്കുക, നിർമ്മാതാക്കളുടെ സ്വന്തം നിലയിലുള്ള ഗുണനിലവാര പരിശോധന, വാക്‌സിന്റെ വീര്യം നഷ്ടപ്പെടാതിരിക്കാൻ 2°C മുതൽ 8°C വരെയുള്ള ശീതീകരണ സംവിധാനം ഉറപ്പാക്കുക, കാലാവധി തീരാത്ത വാക്‌സിനുകൾ സുരക്ഷിതമായി പാക്ക് ചെയ്യുക തുടങ്ങിയ നിബന്ധനകളും പാലിക്കേണ്ടതുണ്ടെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.