കുട്ടികളുടെ മലബന്ധതടസം ഇന്ന് മാതാപിതാക്കളെ ഏറെ അലട്ടുന്ന കാര്യമാണ്. മലശോധനയുടെ തവണകൾ കുറയുകയും മലശോധന ചെയ്യുന്നതിനു കുട്ടി വിഷമിക്കുകയും ചെയ്യുന്ന അവസ്ഥയാണ് മലബന്ധം. 10-25% വരെ കുട്ടികൾക്കു ശരിയായ മലശോധന ഇല്ലായ്‌മ പ്രശ്‌നമായി കാണാറുണ്ട്. ജന്മനാൽ കുടലിനുണ്ടാകുന്ന തകരാറുകൾ മൂലമുണ്ടാകുന്ന മലബന്ധം ജനിച്ചാലുടൻ കണ്ടെത്താം. തൈറോയ്‌ഡ് ഗ്രന്ഥിയുടെ തകരാറു കാരണം ഉണ്ടാകുന്ന മലബന്ധം തൈറോയ്‌ഡ് സ്ക്രീനിങ്ങിലൂടെ ജനനസമയത്ത് കണ്ടെത്തുന്നു.
മുലപ്പാൽ മാത്രം കുടിക്കുന്ന കുഞ്ഞുങ്ങളിൽ എപ്പോൾ പാൽ കുടിച്ചാലും അപ്പോൾ തന്നെ വയറ്റിൽ നിന്നും പോകുന്നതും 5-7 ദിവസം വരെ പോകാതിരിക്കുന്നതും സാധാരണയാകാം. കുഞ്ഞ് കളിക്കുകയും ചിരിക്കുകയും ഉറങ്ങുകയും വളരുകയും ചെയ്യുന്നുവെങ്കിൽ ചികിത്സ വേണ്ട. പാൽ കുറഞ്ഞാലും മലശോധന കുറയാം. പാലൂട്ടുന്ന അമ്മ ധാരാളം വെള്ളം കുടിക്കേണ്ടത് ആവശ്യമാണ്.
ജീവിതശൈലിയും മലബന്ധവും
മലം പോകുന്ന തവണകൾ കാലക്രമേണ കുറയും. ഒരു വയസ്സിൽ താഴെയുള്ള കുട്ടികൾ രണ്ടു മൂന്നു പ്രാവശ്യം മലവിസർജ്ജനം ചെയ്യുമെങ്കിൽ നാലു വയസ്സാകുമ്പോൾ അതു ദിവസത്തിൽ ഒന്നായി ചുരുങ്ങും. മുലപ്പാൽ പ്രായം കഴിഞ്ഞുള്ള കുട്ടികളിൽ മലബന്ധ കാരണങ്ങളിൽ ഏറ്റവും സാധാരണം രോഗകാരണങ്ങളില്ലാതെ ഉണ്ടാകുന്ന മലബന്ധമാണ്. ഇതിനെ ഫങ്ഷനൽ /ഹാബിച്വൽ കോൺസ്‌റ്റിപേഷൻ എന്ന് പറയുന്നു. ആഹാരം ദഹിച്ചതിനുശേഷം ബാക്കി മലാശയത്തിലെത്തുന്നു. ഇവിടെ വച്ച് ദ്രവരൂപത്തിലുള്ള ഈ പദാർത്ഥത്തിൽ നിന്നും ജലം വലിച്ചെടുക്കപ്പെട്ടു കട്ടിയുള്ള മലമാകുന്നു. ഈ മലം വിസർജിക്കുമ്പോൾ വേദന തോന്നുന്നു. വേദന ഒഴിവാക്കുന്നതിനു മലശോധനയ്ക്ക് തോന്നുമ്പോൾ കുട്ടി അതു മാറ്റി വയ്ക്കുന്നു. ഒടുവിൽ പോട്ടിയിലും ക്ലോസറ്റിലും ഇരിക്കാൻ കുഞ്ഞിന് ഭയമാകുന്നു. കുട്ടികളുടെ ആഹാരശീലങ്ങളും പ്രധാന കാരണമാണ്. കുട്ടികൾ പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും വെള്ളവും ആവശ്യത്തിന് കഴിക്കുന്നില്ല. മൊബൈൽഫോണും ടിവിയും കാണുന്നതിൽ മുഴുകുന്ന കുട്ടി മലം പിടിച്ചു വെയ്ക്കുന്നതിന് കാരണമാകുന്നുണ്ട്.
പരിഹാരങ്ങൾ
ഒരാഴ്ചയിൽ മൂന്നു പ്രാവശ്യത്തിൽ കുറവായും വളരെ കട്ടിയായി കല്ലുപോലെ ഉറച്ചു പ്രയാസത്തോടെയും വേദനയോടെയുമാണു മലം പോകുന്നതെങ്കിൽ ചികിത്സ ആവശ്യമാണ്. മലബന്ധം രോഗകാരണമാണോ അല്ലയോ എന്നു രോഗചരിത്രം പരിശോധിക്കുന്നതിലൂടെ അറിയാം. മലം പോകുമ്പോഴുള്ള വേദനയും ഭയവും അകറ്റുകയാണ് പ്രധാനം. മലം അയഞ്ഞു പോകാനുള്ള മരുന്നുകൾ കൊടുക്കണം. മലദ്വാരത്തിനടുത്ത് കല്ലുപോലെ ഉറച്ചിരിക്കുന്ന മലം ഈ മരുന്നുകൾ കൊണ്ടു മാറ്റാൻ കഴിയില്ല. കുറച്ചു ദിവസത്തേക്ക് മലദ്വാരത്തിൽ വയ്ക്കുന്ന സപ്പോസിറ്ററി മരുന്നുകൾ കൂടി വേണ്ടിവരും. കൃത്യ സമയത്തു മരുന്നുകളും സപ്പോസിറ്ററിയും ഉപയോഗിക്കണം. മലം അയഞ്ഞു പോകണമെങ്കിൽ ആഹാരത്തിലും ശ്രദ്ധവേണം. നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കണം. മലബന്ധമുണ്ടാകാൻ സാധ്യതയുള്ള ഏത്തയ്ക്ക, ആപ്പിൾ, കോഴിമുട്ട, ബേക്കറി സാധനങ്ങൾ ഇവ ഒഴിവാക്കണം. അല്ലാത്ത പഴങ്ങളും പച്ചക്കറികളും വേവിച്ചും പച്ചയായും ധാരാളമായി കഴിക്കുന്നത് നല്ലതാണ്.