ആലപ്പുഴ: നവകേരള സദസ്സ് കഴിഞ്ഞു മടങ്ങിയ മുഖ്യമന്ത്രിയുടെ വാഹനത്തിനുനേരേ കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകരെ ഗൺമാൻ അനിൽ കുമാർ തല്ലിയ കേസിൽ തെളിവില്ലെന്ന് അന്വേഷണ റിപ്പോർട്ട്. ഗൺമാൻ തല്ലുന്ന ദൃശ്യങ്ങൾ മാധ്യമങ്ങളോട് ആവശ്യപ്പെട്ടിട്ട് ലഭിച്ചില്ല എന്നതാണ് കുറ്റവിമുക്തമാക്കാനുള്ള കാരണമായി പോലിസ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ഈ നടപടി നിയമവിരുദ്ധമാണ്.
മാധ്യമങ്ങളിൽ വരുന്ന വാർത്തകളും ദൃശ്യങ്ങളും കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലാണെന്നാണ് നിയമം കണക്കാക്കുന്നത് എന്നിരിക്കെ പോലിസ് റിപ്പോർട്ട് കോടതിയിൽ നിലനിൽക്കുകയില്ല. അതുകൊണ്ട് തന്നെ തുടരന്വേഷണത്തിന് പുതിയ തെളിവ് ശേഖരിക്കാൻ കോടതി ഉത്തരവിട്ടേക്കും.
തുടരന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കോടതിയിൽ ഹർജി നൽകും. പരിസര പ്രദേശത്തെ സിസിറ്റിവി ദൃശ്യങ്ങൾ ശേഖരിച്ച് കോടതിയിൽ തെളിവായി നൽകുന്ന രീതിയാണ് പോലിസ് സാധാരണ ഗതിയിൽ ചെയ്യുന്നത്. പ്രതി മുഖ്യമന്ത്രിയുടെ ഗൺമാൻ ആയതു കൊണ്ട്, പ്രത്യേക പരിഗണന ഗൺമാൻ അനിൽകുമാറിന് ലഭിച്ചുവെന്ന് വ്യക്തം.
ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണ റിപ്പോർട്ട് കോടതിക്കു കൈമാറിയതായാണു സൂചന. ഇതുസംബന്ധിച്ച തെളിവ് പലവട്ടം കെ.എസ്.യു., യൂത്ത് കോൺഗ്രസ് പ്രവർത്തകരോട് ആവശ്യപ്പെട്ടെങ്കിലും നൽകിയില്ലെന്നാണ് റിപ്പോർട്ട്.
എന്നാൽ, തെളിവുകളടങ്ങിയ പെൻഡ്രൈവ് ഏൽപ്പിച്ചിട്ടും സ്വീകരിക്കാൻ അന്വേഷണോദ്യോഗസ്ഥൻ തയ്യാറായില്ലെന്ന് മർദനമേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പറയുന്നു. കെ.എസ്.യു. ജില്ലാ പ്രസിഡന്റ് എ.ഡി. തോമസിനും മർദനമേറ്റിരുന്നു. ഇതുസംബന്ധിച്ച ദൃശ്യങ്ങൾ ടി.വി. ചാനലുകൾ സംപ്രേഷണം ചെയ്തിട്ടുണ്ട്. എന്നാൽ, വീഡിയോ ഉദ്യോഗസ്ഥർ സ്വീകരിച്ചില്ല.
ആദ്യം കേസന്വേഷിച്ചിരുന്ന ഡിവൈ.എസ്.പി. സ്ഥലംമാറിപ്പോകുകയും പകരം എത്തിയയാൾ കേസ് പെട്ടെന്ന് അവസാനിപ്പിക്കുകയായിരുന്നുവെന്നും പരാതിയുണ്ട്. ഇതിനെതിരേ കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് യൂത്ത് കോൺഗ്രസ്.
2023 ഡിസംബർ 15-ന് നവകേരള സദസ്സിന്റെ ബസ് കടന്നുപോകുമ്പോൾ ആലപ്പുഴ ജനറൽ ആശുപത്രി പരിസരത്തുവെച്ചാണ് യൂത്ത്‌കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടിയത്. തുടർന്ന് കാറിൽ നിന്നിറങ്ങിവന്ന ഗൺമാനും സ്‌ക്വാഡിലെ സന്ദീപും പോലീസിന്റെ ലാത്തികൊണ്ട് പ്രവർത്തകരെ ക്രൂരമായി തല്ലുകയായിരുന്നു.